ചർമത്തിലെ എണ്ണമയത്തെ നൊടിയിടയിൽ തുരത്തണോ? ഒരു ചെറിയ പൊടിക്കൈ പ്രയോഗിച്ചാൽ മതി. അതാണ് മുൾട്ടാനി മിട്ടി. മുഖചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായ മുൾട്ടാനി മിട്ടിയുടെ ‘മാന്ത്രികശക്തി’യെക്കുറിച്ചറിഞ്ഞാൽപിന്നെ ഒരു ചർമപ്രശ്നങ്ങളും അലട്ടില്ല.

ചർമത്തിൽ അധികമുള്ള എണ്ണമയം നീക്കാനും ചർമത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ നീക്കി ഫ്രഷ് ആകാനും പരീക്ഷിക്കാവുന്ന മൂന്നു മുൾട്ടാനി മിട്ടി ഫെയ്സ്പാക്കുകളിതാ :-

പനിനീർ– മുൾട്ടാനിമിട്ടി മിശ്രിതം
ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കം ചെയ്യുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പനിനീരിൽ അടങ്ങിയിട്ടുണ്ട്. മുൾട്ടാനി മിട്ടിയുമായി ചേർന്നാൽ ചർമത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് പനിനീരിനുണ്ട്. ചർമത്തിലെ അധികമുള്ള എണ്ണമയം നീക്കി ചർമം കൂടുതൽ മൃദുലവും മനോഹരവുമാക്കാൻ മുൾട്ടാനിമിട്ടി– പനിനീർ ഫെയ്സ്പാക്കുകൾ അപ്ലൈ ചെയ്യേണ്ടതിങ്ങനെ :- ഒരു ചെറിയ കപ്പിൽ മുൾട്ടാനി മിട്ടിയെടുക്കുക അതിൽ രണ്ട് ടേബിൾ സ്പൂൺ റോസ്‌വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകാം.

പാടുകൾ ഒഴിവാക്കാൻ മുൾട്ടാനി മിട്ടി– തക്കാളി ഫെയ്സ്പാക്ക്
മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമത്തിലെ പാടുകളെ അകറ്റാനുമുള്ള സൂപ്പർ ഫെയ്സ്പാക്കാണ് മുൾട്ടാനി മിട്ടി– തക്കാളി ഫെയ്സ്പാക്ക്. പാടുകളൊഴിഞ്ഞ തിളക്കമുള്ള ചർമം സ്വന്തമാക്കാൻ ചെയ്യേണ്ടതിത്രമാത്രം– രണ്ട് സ്പൂൺ തക്കാളി നീര്, രണ്ട് സ്പൂൺ മുൾട്ടാനി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് മൃദുവായ ഒരു മിശ്രിതം തയാറാക്കണം. അത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം.

കറുത്തപാടിനെ തുരത്താൻ കറുവാപ്പട്ട– മുൾട്ടാനി മിട്ടി ഫെയ്സ്പാക്ക്
മുഖത്തെ കറുത്ത പാടുകളെ തുരത്താനുള്ള വഴി തേടുന്നവർക്ക് ഉപയോഗിക്കാവുന്നതാണ് കറുവാപ്പട്ട– മുൾട്ടാനിമിട്ടി ഫെയ്സ്പാക്ക്. രണ്ട് ടേബിൾ സ്പൂൺ മുൾട്ടാനി മിട്ടി, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് ഇവ യോജിപ്പിച്ച് തയാറാക്കിയ മാസ്ക് ധരിക്കുക. ഫെയ്സ്പാക്ക് ഉണങ്ങിത്തുടങ്ങുമ്പോൾ ധാരാളം വെള്ളമുപയോഗിച്ച് ഈ മാസ്ക് നീക്കം ചെയ്യാം. ഫലം അദ്ഭുതപ്പെടുത്തും, തീർച്ച

LEAVE A REPLY

Please enter your comment!
Please enter your name here