ലോകത്ത് ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗം ഉണ്ടാവില്ല. ഓരോ കാലത്തും പലരുടെയും വിഭാവനകൾക്ക് അനുസൃതമായി ചിന്താഗതികൾ ഉയരുകയും അതുമൂലം പലർക്കും വഴി തെറ്റുകയും ചെയ്തിട്ടുണ്ട്. അതിൽ ഞങ്ങൾക്ക് ഏറ്റവും പ്രധാനമെന്ന് തോന്നിയ പത്തു തെറ്റിദ്ധാരണകളെ പറ്റി താഴെ വിശദീകരിക്കുന്നു.

1. കാൻസർ രോഗികൾ പഞ്ചസാര/ മധുരം ഉപേക്ഷിക്കണം
വളരെ തെറ്റായ വിവരമാണ് ഇത്. കാൻസർ കോശങ്ങൾ ഉയർന്ന അളവിൽ ഷുഗർ ഉപയോഗിക്കുന്നു (ഈ സാധ്യതയുടെ അടിസ്ഥാനത്തിൽ ആണ് PET സ്കാൻ നടത്തുന്നത്). അതിനാൽ പഞ്ചസാര / മധുരം ഉപേക്ഷിച്ചാൽ കാൻസർ കോശങ്ങൾ പട്ടിണി കിടന്ന് മരിക്കും എന്നാണ് വാദഗതി !
എത്ര മനോഹരമായ ആശയം അല്ലേ ! ഒരു ചോദ്യം ചോദിക്കട്ടെ. പ്രമേഹരോഗികൾ പഞ്ചസാര ഉപയോഗിക്കാറേ ഇല്ലല്ലോ. അങ്ങനെ എങ്കിൽ ഈ ആശയപ്രകാരം അവർക്ക് കാൻസർ വരാനേ പാടില്ലല്ലോ!
മധുരം നിയന്ത്രിത അളവിലേ ഉപയോഗിക്കാൻ പാടുള്ളൂ, അത് കാൻസർ രോഗി ആയാലും, അസുഖം ഒന്നും ഇല്ലാത്ത ആൾ ആണെങ്കിലും. അത്ര തന്നെ.

2. കാൻസർ രോഗം പകരും !
ഒരിക്കലും ഇല്ല. പകരുന്നത് രണ്ടു കാര്യങ്ങൾ മാത്രം. അബദ്ധജടിലമായ ഇത്തരം ആശയങ്ങളും പിന്നെ ചില കാൻസറുകൾക്ക് കാരണമാവുന്ന വൈറസുകളും ബാക്ടീരിയകളും. ഉദാ: ഹെപ്പറ്റൈറ്റിസ് B, ഹെച്ച് പി വി, ഹെച്ച് പൈലോറി തുടങ്ങിയവ.
പകരുന്നതാണ് ഈ രോഗമെങ്കിൽ ആദ്യം പകരുക ഈ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും അല്ലേ !

3. പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ചിന്താഗതി കാൻസറിനുള്ള സാധ്യതയെയും ചികിത്സയെയും ബാധിക്കുന്നു
ശാസ്ത്രീയമായി പറഞ്ഞാൽ തെറ്റാണ്. കാൻസർ രോഗമുണ്ടെന്ന് അറിഞ്ഞാൽ സങ്കടപ്പെടുന്നതും കരയുന്നതും നിരാശപ്പെടുന്നതും സ്വാഭാവികം മാത്രം. പോസിറ്റീവ് ചിന്താഗതി ഉള്ളവർക്ക് രോഗാവസ്ഥയോട് പൊരുത്തപ്പെടാൻ എളുപ്പമാണ്. മറ്റുള്ളവർക്ക് ചിലപ്പോൾ സഹായം വേണ്ടിവരും.
നെഗറ്റീവ് ചിന്താഗതി ഉള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതൽ ഒന്നുമില്ല. ഞങ്ങളുടെ അനുഭവത്തിൽ കാൻസർ രോഗികൾ മിക്കവരും പോസിറ്റീവ് ആയിട്ടാണ് രോഗത്തെ സമീപിക്കുന്നത്.

4. ബയോപ്സി നടത്തുന്നത് കാൻസർ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു
ശുദ്ധ അസംബന്ധം ആണ് ഈ പറയുന്നത്. കാൻസർ വിദഗ്ധർ എല്ലാ മുൻകരുതലുകളും എടുത്തിട്ടാണ് ബയോപ്സി നടത്തുന്നത്. കാൻസർ രോഗമെന്ന് സ്ഥിരീകരണം നടത്തുന്നതിന് ബയോപ്സി അല്ലാതെ ഒരു വഴിയുമില്ല.
കാൻസർ രോഗമെന്ന് ഉറപ്പിച്ചത് ബയോപ്സിയിൽ ക്ഷയരോഗമായി മാറുന്നത് എത്രയോ പ്രാവശ്യം ഞങ്ങൾ കണ്ടിരിക്കുന്നു. സ്കാനിങ്ങിലും രക്ത പരിശോധനയിലും കണ്ടതു പ്രകാരം അവരെ ചികിത്സിച്ചിരുന്നു എങ്കിൽ !!

5. എന്റെ കുടുംബത്തിൽ ആർക്കും കാൻസർ ഇല്ല. അതുകൊണ്ട് എനിക്ക് കാൻസർ വരില്ല. അല്ലെങ്കിൽ എന്റെ കുടുംബത്തിൽ കാൻസർ രോഗി ഉണ്ട്. അതുകൊണ്ട് എനിക്ക് കാൻസർ വരും
രണ്ടും തെറ്റാണ്. കാൻസർ രോഗം ഒരിക്കലും പാരമ്പര്യ രോഗമല്ല. ചില ജനിതക തകരാറുള്ളവരുടെ കുടുംബത്തിൽ ഒന്നിലധികം പേർക്ക് കാൻസർ വരാം. ഉദാ: BRCA മ്യൂട്ടേഷൻ, ലിഞ്ച് സിൻഡ്രോം. ഇതിനുള്ള സാധ്യത ഡോക്ടർമാർ പഠിച്ച ശേഷം ടെസ്റ്റുകൾ നടത്തി സ്ഥിരീകരിക്കണം.

വീട്ടിൽ ആർക്കെങ്കിലും കാൻസർ രോഗം ഉണ്ടെങ്കിൽ, മറ്റുള്ളവർക്ക് ഈ രോഗം വരാനുള്ള സാധ്യത, കാൻസർ രോഗം ആർക്കും ഇല്ലാത്ത കുടുംബത്തെ അപേക്ഷിച്ച്, കൂടുതലാണ് (വീണ്ടും വായിക്കുക).

എന്നാൽ ഓർക്കുക, വർധിച്ചു വരുന്ന കാൻസർ കണക്കുകൾ കാരണം, ഈ രോഗം ഇന്ന് ആർക്കും വരാം. അതിനാൽ ഇത്തരം മുൻവിധികൾ ഈ രോഗത്തിന്റെ കാര്യത്തിൽ ഇനി പാടില്ല.

6. കാൻസർ രോഗികൾ ആൽക്കലി വെള്ളം ആണ് കുടിക്കേണ്ടത്
ശരീരത്തിലെ പി.ഹെച്ച് (pH) അൽപം ക്ഷാരസ്വഭാവമുള്ളതാണ് (ആൽക്കലൈൻ). അതാവട്ടെ വളരെ ദൃഢമായി ക്രമീകരിക്കപ്പെട്ട ഒന്നും. കാൻസർ കോശങ്ങൾ അമ്ലാംശം ഉള്ള സാഹചര്യത്തിൽ എളുപ്പം വളരുന്നു എന്ന ചിന്താഗതിയിൽ ആണ് ആൽക്കലൈൻ വെള്ളത്തിന്റെ ഉപയോഗം ചർച്ചയായത്. എന്താണ് വാസ്തവം?
നമ്മുടെ ടാപ്പ് വെള്ളത്തിന് ആൽക്കെലെൻ സ്വഭാവമാണ് (pH 7.5). ആൽക്കലൈൻ വെള്ളത്തിന്റെ pH 8 മുതൽ 9 വരെയും. എന്നാൽ ഈ വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന്റെ pH മാറുന്നില്ല. മാറിയാൽ, അത് അപകടമാണ്. കാൻസർ കോശങ്ങൾ വളരുന്ന ഇടത്തിലും pH മാറുന്നില്ല. അതിനാൽ ഈ വാദഗതിക്ക് ഒരു അർത്ഥവുമില്ല.
കുറച്ചു വെള്ളം കുടിക്കുന്ന കാര്യമല്ലേ, ദോഷമൊന്നുമില്ലല്ലോ എന്ന് കരുതിന്നിടത്താണ് അപകടം. കാൻസർ രോഗികളും കുടുംബങ്ങളും വളരെ എളുപ്പത്തിൽ പറ്റിക്കപ്പെടുന്നു.

7. കാൻസർ രോഗമാണ് അതിന്റെ ചികിത്സയെക്കാൾ ഭേദം
ചികിത്സയെ പറ്റിയുള്ള തെറ്റായ ധാരണകൾ എക്കാലത്തും കാൻസർ രോഗികളെയും കുടുംബങ്ങളെയും വഴി തെറ്റിച്ചിട്ടുണ്ട്. ചികിത്സ ലളിതമാണ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല. എന്നാൽ രോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിച്ചു കാണാൻ പാടില്ല. കാരണം, അവയ്ക്ക് പരിഹാരം ഉണ്ട്.
കാൻസർ ചികിത്സ അമ്പേ മാറിപ്പോയി. കൃത്യതയാർന്ന കാൻസർ മരുന്നുകളും റേഡിയേഷൻ ചികിത്സയും സർജറിയും ഒക്കെ രോഗികൾക്ക് സാന്ത്വനം നൽകുന്നു. ചികിത്സയുടെ പാർശ്വഫലങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോയേ പറ്റൂ.
കീമോതെറാപ്പി വേദനയുളവാക്കുന്ന ഒന്നാണ് എന്ന് ആളുകൾ വിചാരിക്കാറുണ്ട്. കീമോ ഇൻജക്‌ഷൻ/ഡ്രിപ്പ് ആയോ ഗുളിക/ക്യാപ്സ്യൂൾ ആയോ ആണ് നൽകുക. ഇത് വേദന ഉണ്ടാക്കുന്നില്ല.

8. ഞാൻ വെജിറ്റേറിയൻ ആണ്. എനിക്ക് കാൻസർ വരില്ല
മാംസാഹാരികൾക്ക് കാൻസർ സാധ്യത കൂടുതലാണ് എന്നു പറയുന്നതാണ് ശരി. വെജിറ്റേറിയൻ ഡയറ്റിൽ പൊതുവെ ഫൈബർ കൂടുതൽ ആണ്. ഇത് കാൻസർ സാധ്യത കുറയ്ക്കുന്നു.
എന്നാൽ ശ്രദ്ധിക്കുക, കാൻസറിന് ഒന്നല്ല കാരണം. ഉദാ: വെജിറ്റേറിയൻ ആണ്, പക്ഷേ അമിതവണ്ണമോ, പുകവലി ശീലമോ, മദ്യപാനമോ, വ്യായാമക്കുറവോ ഉണ്ടെങ്കിൽ കാൻസർ സാധ്യത വർധിക്കുന്നു.
അതുപോലെ തന്നെ കാൻസറിനെ തടയാൻ സൂപ്പർ ഫുഡ്സ് ഒന്നും ഇല്ല. ബ്രക്കൊളി, ബ്ലൂബെറി, ബീറ്റ്റൂട്ട്, വെളുത്തുള്ളി, ഗ്രീൻ ടീ തുടങ്ങിയവ ആണ് സൂപ്പർ ഫുഡ്സ്. ഏതെങ്കിലും ഔഷധച്ചെടി കൊണ്ട് ചികിത്സിക്കാവുന്ന ഒന്നും അല്ല കാൻസർ.

9. കാൻസർ = മരണം
ഓ, ഈ രോഗം വന്നാൽ ഇതു കൊണ്ട് തന്നെയേ പോകൂ. എത്രയോ തവണ ഞങ്ങൾ കേട്ട ഡയലോഗ് ആണ് ഇത്. ഒന്ന് കണ്ണടച്ച് ആലോചിച്ചേ. എത്ര പേർ കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടി നമ്മുടെ ഇടയിൽ ഉണ്ട്?
കാൻസർ രോഗമുക്തിക്ക് ഒരു പാട് വെല്ലുവിളികൾ ഉണ്ട്. രോഗനിർണയ സമയത്തെ സ്റ്റേജ്, എന്തു ചികിത്സ, രോഗിയുടെ ആരോഗ്യം, എന്ത് രോഗം എന്നിങ്ങനെ പലതും. കഴിഞ്ഞ പത്ത് ഇരുപത് വർഷങ്ങൾ കൊണ്ട് ചികിത്സ ഏറെ മാറി പോയി. മുൻവിധികൾ ഇല്ലാതെ രോഗത്തെ സമീപിക്കണം.

10. കാൻസറിനുള്ള കാരണങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകൾ
നിത്യജീവിതത്തിൽ നാം കാണുന്ന അല്ലെങ്കിൽ ചെയ്യുന്ന പലതും കാൻസർ വരുത്തുന്നു എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ഉദാ: ഹെയർ ഡൈ, ഡിയോഡറന്റ്, പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം, പഴം/ പച്ചക്കറിയിലെ കീടനാശിനി, പാൽ, പഞ്ചസാര, പച്ചരി, മൈദ, പൊറോട്ട അങ്ങനെ പലതും. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല എന്ന് ഓർക്കുക.
കാൻസർ പ്രതിരോധത്തിനായി ആരോഗ്യമുള്ള ജീവിത ശൈലി പിന്തുടരുക. നല്ല വ്യായാമം, ആഹാരക്രമത്തിലെ അച്ചടക്കം, ദു:ശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയവ.
തെറ്റിദ്ധാരണകൾ എല്ലാം മാറട്ടെ. നല്ല അറിവുകൾ പരക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here