
ഇടുക്കി ഡാം ഇനി നടന്ന് കാണേണ്ട; പ്രവേശനം ബഗ്ഗി കാറില്‍ മാത്രം
ചെറുതോണി: ഇടുക്കി സംഭരണിയുടെ ഭാഗമായി ചെറുതോണി അണക്കെട്ടിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ പ്രവേശനം ബഗ്ഗി കാറില്‍ മാത്രമാക്കാന്‍ കെഎസ്ഇബി. ഇടുക്കി, ചെറുതോണി ഡാമുകള്‍ നടന്ന് കാണുന്ന പതിവ് ഒഴിവാക്കി സന്ദര്‍ശനം പൂര്‍ണ്ണമായും ബഗ്ഗികാറില്‍ മാത്രമാക്കാനാണ് ഹൈഡല്‍ ടൂറിസം വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ചെറുതോണി ഡാമിന് സമീപമുള്ള ടിക്കറ്റ് കൗണ്ടര്‍ വെള്ളാപ്പാറ ഗസ്റ്റ് ഹൗസിന് സമീപത്തേയ്ക്ക് മാറ്റും. ശേഷം ഇവിടെ നിന്നായിരിക്കും സഞ്ചാരികളെ കടത്തിവിടുക. സഞ്ചാരികള്‍ക്കായി സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 14 സീറ്റുകളുള്ള ആറ് ബഗ്ഗി കാറുകള്‍ കൂടി ഉടന്‍ എത്തിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍.
ഡാം സന്ദര്‍ശനത്തിനിടെ ബഗ്ഗികാറുകള്‍ മൂന്ന് പ്രധാന സ്ഥലങ്ങളില്‍ നിര്‍ത്തി ഡ്രൈവര്‍ സ്ഥലത്തെക്കുറിച്ചുള്ള വിവരണം സഞ്ചാരികള്‍ക്ക് നല്‍കും. ഇവിടെയിറങ്ങി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാം. ദേഹ പരിശോധനയ്ക്ക് ശേഷം ബഗ്ഗി കാറില്‍ കയറ്റുന്ന സഞ്ചാരികളെ കുടിവെള്ളം ഉള്‍പ്പടെയുള്ള ഒരു വസ്തുക്കളും കൊണ്ടുപോകാന്‍ അനുവദിക്കില്ല. അതേ സമയം അവധി ദിവസങ്ങളില്‍ നൂറ് കണക്കിന് ആളുകളെത്തുന്നതിനാല്‍ ഇവര്‍ക്ക് പ്രവേശനത്തിനായി ഏറെ സമയം കാത്തിരിക്കേണ്ടി വന്നേക്കും.
കഴിഞ്ഞ ജൂലൈ 22ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് ഷട്ടറിന്റെ ഇരുമ്പുവടത്തില്‍ എന്തോ ലായനി ഒഴിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകള്‍ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു. ഒന്നരമാസത്തിന് ശേഷമാണ് സംഭവം കെഎസ്ഇബി പോലും അറിയുന്നത്. പിന്നാലെ ഈ മാസം ആദ്യം സംഭവത്തില്‍ കേസെടുത്തു. വിഷയം വലിയ വിവാദമായതോടെ 14ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. 11 ദിവസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതിയ്ക്കായി ഇതുവരെ ലുക്കൗട്ട് നോട്ടീസിറക്കാനും പോലീസ് തയ്യറായിട്ടില്ല.