എ.എസ് ശ്രീകുമാര്‍

ഷിക്കാഗോ: ലോക മലയാളികള്‍ക്കായി മായാത്ത ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയതുമായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷരാവില്‍, അമേരിക്കന്‍ മണ്ണില്‍ താരത്തിളക്കത്തിന്റെ വര്‍ണരാജി വിതാനിച്ച മെഗാ ഷോ, ലയലാസ്യ ഭംഗിയോടെ നൃത്തമയൂരികള്‍ നിറഞ്ഞാടിയ ലെറ്റ്‌സ് ഡാന്‍സ് അമേരിക്ക റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ, കമ്മ്യൂണിറ്റി ഹീറോസിനെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇന്ത്യന്‍ റിപ്പബ്‌ളിക് ഡേയില്‍ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ലോക മലയാളികള്‍ക്കായി ടെലികാസ്റ്റ് ചെയ്യുന്നു.

ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ നോര്‍ത്ത് അമേരിക്കന്‍ മണ്ണില്‍ വന്നിറങ്ങിയ അത്ഭുത രാവിന്റെ മോഹ കാഴ്ചകളും അമേരിക്കയിലെ നൃത്തോപാസകര്‍ ചുവടുവച്ചാടി വിസ്മയം തീര്‍ത്ത മെഗാ നടനവേദിയിലെ മാസ്മരിക പ്രകടനങ്ങളും നോര്‍ത്ത് അമേരിക്കയിലെ കമ്മ്യൂണിറ്റി ഹീറോസ് ആദരിക്കപ്പെട്ട മഹനീയ സദസിലെ കരഘോഷങ്ങളും അമേരിക്കന്‍ മലയാളികളുടെ കലാസ്വാദനത്തിന് ഏഴ് വര്‍ണ്ണം ചാര്‍ത്തുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ആറാം വാര്‍ഷികാഘോഷളുടെ ഹൈലൈറ്റുകളായിരുന്നു.

ജനുവരി 26-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ‘റിപ്പബ്‌ളിക് ഡേ സ്‌പെഷല്‍ മെഗാ ഇവന്റാ’യാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ 6-ാം വാര്‍ഷികോല്‍സവം അവിസ്മരണീയ ദൃശ്യവിരുന്നായി പ്രേക്ഷകരുടെ കണ്‍മുന്നിലെത്തിക്കുന്നതെന്ന് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയ അറിയിച്ചു. നൃത്ത സംഗീത ലഹരിയില്‍ അമേരിക്കന്‍ മലയാളികള്‍ ഷിക്കാഗോയുടെ മണ്ണ് ഉത്സവ സാന്ദ്രമാക്കിയ നിമിഷങ്ങള്‍ വീണ്ടും ആസ്വദിക്കാനുള്ള സുവര്‍ണാവസരമാണിത്.

ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്സ് തീയേറ്ററില്‍ വച്ചായിരുന്നു വര്‍ണാഭമായ ആഘോഷം കലാസ്വാദനത്തിന്റെ കൊടുമുടികള്‍ കീഴടക്കിക്കൊണ്ട് വിവിധ പരിപാടികളോടെ അരങ്ങേറിയത്. ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം വേദിയില്‍ അണിനിരന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷങ്ങള്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്നതായിരുന്നു. ആ ഉല്‍സവരാവ് ടെലിവിഷനിലൂടെ പ്രേക്ഷകരിലേയ്‌ക്കെത്തുകയാണിപ്പോള്‍.

സെലിബ്രിറ്റി ഗസ്റ്റുകളായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്തും രഞ്ജിനി ഹരിദാസും ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവരും ആറാം വാര്‍ഷിക ത്തോടനുബന്ധിച്ചുള്ള മെഗാ സ്റ്റാര്‍ ഷോ അവിസ്മരണീയമാക്കി. അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളുടെ പരിപാടികളും ഹൃദ്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here