ഏഷ്യാനെറ്റ് ചാനലില്‍ എഡിറ്റോറിയല്‍ ജോലി ഇനി ദേശസ്നേഹമുള്ളവർക്കു മാത്രം. ചാനല്‍ ചെയര്‍മാനും ബി.ജെ.പി എം.പിയും കേരള എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെതാണ് നിര്‍ദേശം.
രാജീവ് ചന്ദ്രശേഖര്‍ രൂപം കൊടുത്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ സി.ഇ.ഒ അമിത്ത് ഗുപ്തയാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശമനുസരിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ്, കന്നട വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ മാധ്യമം ന്യൂസബിള്‍, കന്നട പത്രം കന്നട പ്രഭ എന്നീ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തലവന്‍മാര്‍ക്ക് ഇമെയില്‍ നിര്‍ദേശം അയച്ചത്. ചെയര്‍മാന്റെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രം ഇനി നിയമിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ന്യൂസ് ലോണ്‍ട്രി എന്ന മാധ്യമമാണ് ഈ രഹസ്യ മെയിലിന്റെ വിവരം പുറത്തുവിട്ടത്. സപ്തംബര്‍ 21നാണ് ഇമെയില്‍ സന്ദേശം അയച്ചത്. കേരളത്തില്‍ ബി.ജെ.പി യുടെ ജിഹ്വയായി ഏഷ്യാനെറ്റ് ന്യൂസിനെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി ചാനല്‍ ചെയര്‍മാനെ എന്‍.ഡി.എ കേരള ഘടകത്തിന്റെ വൈസ് ചെയര്‍മാനാക്കി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
കോഴിക്കോട് ബി.ജെ.പി ദേശീയ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ വച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിനെ വൈസ് ചെയര്‍മാനാക്കിയത്. ബി.ജെ.പി കേരള ഘടകത്തിന്റെ എതിര്‍പ്പുണ്ടായിട്ടും ഇദ്ദേഹത്തെ എന്‍.ഡി.എയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ഉള്‍പ്പടെ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള മാധ്യമങ്ങളെ ആര്‍.എസ്.എസ് വല്‍കരിക്കുന്നതിന്റെ ഭാഗമായായിരുന്നു. ഏഷ്യാനെറ്റിലെ എഡിറ്റോറിയല്‍ ജീവനക്കാരില്‍ പലരും ഇടതു അനുഭാവമുള്ളവരാണെന്ന് ബി.ജെ.പി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ചാനലിനെ ബഹിഷ്‌കരിക്കാനും ബി.ജെ.പി ഒരിക്കല്‍ തീരുമാനിച്ചു. എന്നാല്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടതോടെ ചാനലുമായുള്ള ബി.ജെ.പി യുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇതിന്റെ ഫലമായി നിയമസഭാ തെരെഞ്ഞെടുപ്പിലും കോഴിക്കോട്ട് നടന്ന ദേശീയ സമ്മേളനത്തിലും ബി.ജെ.പിക്കു വലിയ കവറേജാണ് ലഭിച്ചിരുന്നത്.
സംഘ്പരിവാര്‍ അനുകൂലികളെ നിയമിച്ച് എഡിറ്റോറിയല്‍ മേഖലയെ ആര്‍.എസ്.എസ് വല്‍കരിക്കാനുള്ള നീക്കത്തില്‍ ജീവനക്കാരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. തീവ്രമായ വലതുപക്ഷ നിലപാടുള്ള ചെയര്‍മാന്റെ നിലപാടിനൊപ്പം നില്‍ക്കാനാവില്ലെന്നാണ് എഡിറ്റോറിയല്‍ ജീവനക്കാരില്‍ ചിലര്‍ പറയുന്നത്.കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖറിന് ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ തുടങ്ങിയ നമോ ചാനലിന്റെ ചുമതല ആദ്യഘട്ടത്തില്‍ മോദി ഏല്‍പിച്ചത് രാജീവ് ചന്ദ്രശേഖറിനെയായിരുന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയാവാനുള്ള ചില നീക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു.
അതേസമയം, ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നു അമിത് ഗുപ്ത മറുപടി നല്‍കിയിട്ടുണ്ട്.
1991ലാണ് ഏഷ്യാനെറ്റിന്റെ പിറവി. ആറു കോടിയായിരുന്നത്രേ മൂലധനം. ശശികുമാറും അമ്മാവൻ റെജി മേനോനുമായിരുന്നു ഉടമകൾ. ഒരു വർഷം കഴിഞ്ഞപ്പോൾ ചാനലും കേബിൾ കമ്പനിയും വെവ്വേറെയായി.
അന്ന്, വർഷം ഒരു രൂപ വാടക വാങ്ങിയാണ് കെഎസ്ഇബിയുടെ പോസ്റ്റുകളിൽ കേബിൾ കെട്ടാനുളള അവകാശം ഏഷ്യാനെറ്റിനു നൽകിയത്. പുരോഗമന മുഖമുളള ഉള്ളടക്കമുള്ള ചാനൽ, പുരോഗമന ചിന്തകളോട് ചേർന്നു നിൽക്കുന്ന ശശികുമാറിനെപ്പോലൊരു മാധ്യമലേഖകന്റെ നേതൃത്വം. നാടു ഭരിക്കുന്നത് ഇടതു സർക്കാർ. കെഎസ്ഇബി നാട്ടിയ പോസ്റ്റുകളിലൂടെ വൈദ്യുതിയുടെ വേഗത്തിൽ ഏഷ്യാനെറ്റ് മലയാളിയുടെ മനസായി.

മുടക്കുമുതലായിരുന്നില്ല, ആദ്യകാല മാധ്യമലേഖകരുടെ മൂല്യബോധവും പൊതുവഴിയിലൂടെ കേബിൾ വലിക്കാൻ സർക്കാർ നൽകിയ കൈത്താങ്ങുമായിരുന്നു ഏഷ്യാനെറ്റിന്റെ ബ്രാൻഡ് വാല്യൂ നിശ്ചയിച്ചത്. മത്സരത്തിന് മറ്റാരും ഇല്ലാതിരുന്നതും ഗുണമായെന്നു പറയാം.

ഏഷ്യാനെറ്റ് ന്യൂസിൽ ആർഎസ്എസ് അനുഭാവമുള്ളവരെ നിയമിക്കണമെന്ന ആശയം കൃത്യമായി കൈമാറുമ്പോൾ മാർക്സിസ്റ്റ് ആചാര്യനായ പി ഗോവിന്ദപ്പിള്ളയുടെ മകൻ എം ജി രാധാകൃഷ്ണനുണ്ട്, ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത്.

പിറന്നു വീണ് മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ മുതലാളിമാർ ഏഷ്യാനെറ്റിന്റെ അവകാശം പറ്റാനെത്തി. ആദ്യം വന്നത് ഹാത്ത് വേ ഗ്രൂപ്പ്. രണ്ടു കമ്പനികളായി പിരിഞ്ഞ് രണ്ടും പണമില്ലായ്മയുടെ ഞെരുക്കത്തിൽ നിൽക്കുമ്പോഴാണ് ഈ ഉത്തരേന്ത്യൻ കമ്പനി ചൂണ്ടയെറിഞ്ഞത്.

ആദ്യം അവർ ഏഷ്യാനെറ്റ് കേബിളിന്റെ പകുതി ഓഹരി വാങ്ങി. ഹാത്ത് വേ ഉടമ രാജൻ രഹേജയായിരുന്നു ഇന്ത്യയിലെ അന്നത്തെ കേബിൾ ബിസിനസിന്റെ മുഖ്യപങ്കും കൈയടക്കിയിരുന്നത്. അഞ്ചു കൊല്ലം കഴിഞ്ഞ് ഏഷ്യാനെറ്റ് കേബിൾ മുഴുവനായും രഹേജാ ഗ്രൂപ്പിന്റെ കൈവശമായി. ഒപ്പം മറ്റൊന്നു കൂടി സംഭവിച്ചു. ശശികുമാർ ഭാഗം വാങ്ങി പിരിഞ്ഞു; ഡോ. രജി മേനോൻ ഒറ്റമുതലാളിയായി മാറി.

2006ലാണ് ബിപിഎൽ മൊബൈൽ ഉടമയായിരുന്ന രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റിന്റെ 51 ശതമാനം ഓഹരിയുടെ ഉടമസ്ഥനായത്. ഗുജറാത്തിലെ അഹമ്മദാബാദാണ് രാജീവ് ചന്ദ്രശേഖറിന്റെ ജന്മനാട്. 150 കോടിയുടെ കച്ചവടമെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത. ശേഷിക്കുന്ന ഓഹരികളിൽ 26 ശതമാനം രെജി മേനോന്. ബാക്കി കെ മാധവനും രജി മേനോൻറെ രണ്ടു സഹോദരന്മാരും കെ പി മോഹനനും പങ്കുവെച്ചു.

അതിനിടെ മറ്റൊന്നു കൂടി സംഭവിച്ചു. 2001ൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. എന്നാൽ ആ ചാനൽ വിചാരിച്ചത്ര വിജയമായില്ല. വാർത്താധിഷ്ഠിത ചാനൽ വേറെ വേണമെന്ന ആലോചന ശക്തമായി വരുന്ന സമയമായിരുന്നു അത്. ഗ്ലോബൽ താമസം വിനാ പൂട്ടി. ഏഷ്യാനെറ്റ് പ്ലസ് എന്ന വിനോദ ചാനലും ഏഷ്യാനെറ്റ് ന്യൂസ് എന്ന വാർത്താ ചാനലും രൂപം കൊണ്ടു, 2003 മെയ് മാസത്തിൽ.

2008ൽ മർഡോക്കെത്തി. ഏഷ്യാനെറ്റിന്റെ ഉടമസ്ഥത സ്റ്റാർ ജൂപ്പിറ്റർ എന്ന സംയുക്ത സംരംഭത്തിന്. വിനോദ ചാനലുകളുടെ ഉടമസ്ഥത ഘട്ടംഘട്ടമായി സ്റ്റാറിനു മാത്രമായി. അവശേഷിച്ച 13 ശതമാനം ഓഹരി കൂടി 2014 മാർച്ച് മാസത്തിൽ കൈയടക്കിയതോടെ മർഡോക്കിന്റെ ആധിപത്യം പൂർണമായി. 1.33 ബില്യൺ ഡോളറായിരുന്നത്രേ 2014ൽ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ആസ്തിമൂല്യം.

വിനോദ ചാനൽ സമ്പൂർണമായും മർഡോക്കിന്റെ സ്റ്റാറിനെ ഏൽപ്പിച്ച രാജീവ് ചന്ദ്രശേഖർ, വാർത്താ ചാനലിന്റെ കാര്യത്തിൽ പുതിയ ചുവടുവെയ്ക്കാൻ ശ്രമം തുടങ്ങുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഏഷ്യാനെറ്റ് ന്യൂസിനെക്കുറിച്ച് ഏറ്റവുമധികം പരാതിപ്പെട്ടത് സംസ്ഥാനത്തെ ബിജെപി ഘടകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here