‘ ഞാൻ സ്റ്റെല്ല… സ്റ്റെല്ല മേരി കുര്യൻ, വയസ് 24, ഇപ്പോഴുള്ളത് പുണെയിലെ യെർവാദ ജയിലിൽ, വിമൻസ് ബ്ലോക്ക്, സെൽ നമ്പർ 17. കുറ്റം :ജയിൽ രേഖകൾ പ്രകാരം, സ്വന്തം അമ്മയെ കൊന്നു. ആറുകൊല്ലത്തെ തടവ് നാളെ കഴിയും. വീണ്ടും പുറംലോകത്തേക്ക്. എതിരെയുള്ള ബ്ലോക്കിന് വെളിയിൽ നക്ഷത്രവിളക്കുകൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അതേ, നാളെ വീണ്ടുമൊരു ക്രിസ്മസ്. സെല്ലിന് വെളിയിലൂടെ പോലീസുകാരും ജയിൽ വാർഡർമാരും ധൃതിയിൽ നടന്നുപോകുന്നത് കാണാം. ഇന്നലെ രാത്രി ഇവിടൊരു മരണം നടന്നത്രെ. ഇവിടുത്തെ ഹെഡ് വാർഡൻ രവീന്ദ്ര ചാറ്റർജി കാവൽ ഗോപുരത്തിൽ നിന്നും താഴെവീണ് തത്സമയം മരിച്ചെന്നു റോന്തിന് വന്ന വാർഡർ പറയുന്നത് കേട്ടു. നാളെമുതൽ മറ്റൊരു ലോകം. അല്ലെങ്കിൽ എന്താണ് മറ്റൊരു ലോകം. എല്ലാടവും ഒന്നുതന്നെ. കഥാപാത്രങ്ങളുടെ രൂപങ്ങൾ മാത്രം വ്യത്യാസം. കഥകളെല്ലാം ഒന്നുതന്നെ. മരവിപ്പിന്റെ ആറ് വർഷങ്ങൾ. മനുഷ്യജീവിതത്തിലെ വിശ്വസിക്കാനാവാത്ത കറുത്ത ഒരേട്. ആറ് വർഷങ്ങൾക്കു മുൻപുള്ള ആ കറുത്ത ക്രിസ്മസ് രാത്രി :

2010, ഡിസംബർ 24. രാവിലെ മുതൽ മമ്മ ഉത്സാഹവതിയായി കാണപ്പെട്ടു. പപ്പാ സിറ്റ് ഔട്ടിലെ ചാരുകസേരയിൽ എന്നത്തേയും പോലെ നിസ്സംഗനായി ഇരിപ്പുണ്ടായിരുന്നു. അല്ലെങ്കിലും പപ്പാ ഈ വീട്ടിൽ ഒരു അധികപ്പറ്റാണല്ലോ.. മുംബൈ IOC യിൽ സ്റ്റാഫ്‌ ആയിരുന്ന പപ്പാ രണ്ട് കൊല്ലം മുൻപാണ് വിരമിച്ചത്. ജോലിയോടനുബന്ധിച്ചാണ് ഈ മഹാനഗരത്തിൽ പണ്ട് താമസം തുടങ്ങിയത്. മമ്മയാണ് ഭരണം. വീടിന്റെ മാത്രമല്ല, പപ്പായുടെയും. മമ്മ പപ്പായെ ഒരു കാര്യത്തിലും വകവെക്കാറില്ല. മമ്മക്ക് നഗരത്തിൽ നല്ല പിടിപാടുകൾ. ബിസിനസുകാരുമായി ചങ്ങാത്തവും ട്യുറുകളും. രാത്രിയിലെ ഏതോ യാമങ്ങളിൽ, ചുവടുറക്കാതെ, ഡ്രൈവറുടെ തോളിൽ തൂങ്ങി, ക്ലബുകളിൽ നിന്നും മടങ്ങി വരുന്ന മമ്മ. എന്തെങ്കിലും ചോദിക്കാൻ പപ്പക്ക് അധികാരമുണ്ടായിരുന്നില്ല. ചോദിച്ചാൽ പപ്പായെ മർദിക്കുമായിരുന്നു. സങ്കടം സഹിക്കാതാവുമ്പോൾ പപ്പാ എന്നെയും അനിയത്തിയേയും കെട്ടിപിടിച്ചു കരയുമായിരുന്നു, മമ്മ കാണാതെ. മമ്മ ഞങ്ങളെ മോഡേൺ ആയി വളർത്താൻ ശ്രദ്ധിച്ചിരുന്നു. വീട്ടിൽ വരുന്ന മമ്മയുടെ അതിഥികളെ പരിചരിക്കാൻ എന്നോടാവശ്യപ്പെടുമായിരുന്നു. ഞാനൊരിക്കലുമത് അനുസരിച്ചിട്ടില്ല. അനിയത്തിക്ക് 12 വയസേയുള്ളു. അതിഥികളുടെ തുറിച്ച നോട്ടങ്ങൾ എന്റെ മേലാകുമ്പോൾ ഞാൻ മാറിക്കളയും. രാത്രി വൈകുവോളം തീറ്റയും കുടിയും അട്ടഹാസങ്ങളും. ആ രാത്രികളിലൊക്കെ ഞാൻ അനിയത്തിയേയും കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ റൂമിൽക്കയറി കതകടക്കും. എന്നാലും ഇടക്ക് ആരൊക്കെയോ ഞങ്ങളുടെ കതകിൽ തട്ടുന്നത് കേൾക്കാം.

പക്ഷെ ഇന്ന് വൈകിട്ട് മമ്മയുടെ കൂടെ ക്രിസ്മസ് പാർട്ടിക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നിരസിച്ചിട്ടും രക്ഷയില്ല. ഒടുവിൽ, പപ്പയുടെ നോട്ടത്തെ മറികടന്നു ഞാൻ ചെല്ലാമെന്നേറ്റു.
ഹോട്ടലിലെ സ്യൂട്ട് റൂം. മമ്മയുടെ സുഹൃത്തുക്കളായ മുന്ന് പുരുഷന്മാർ. ഞാനകത്ത് ചെന്നപ്പോൾ കണ്ണുകൾ മേലാസകലം ഇഴയുന്നത് കണ്ടു. വിവിധയിനം മുന്തിയ മദ്യങ്ങളും ആഹാരസാധങ്ങളും മേശയിൽ നിരത്തിയിരുന്നു. നേർത്ത ശബ്ദത്തിൽ റൂമിൽ പാശ്ചാത്യസംഗീതം. ‘വെൽക്കം ഡ്രിങ്ക് ‘ എന്നുപറഞ്ഞു നീട്ടിയ മദ്യഗ്ലാസ്സ് ഞാൻ വെറുപ്പോടെ നിരസിച്ചു. ചിലർ മധുചഷകങ്ങൾ നിറച്ചുകഴിഞ്ഞിരുന്നു. തനിച്ചൊരു കോണിലിരുന്ന എനിക്ക് നേരെ ജ്യൂസ് ഗ്ലാസ് നീട്ടിയത് മമ്മ തന്നെ ആയിരുന്നു. അത് കുടിച്ചത് മാത്രം ഓർമ്മയുണ്ട്. ശരീരം നുറുങ്ങുന്ന വേദനയാണെന്നെ ഉണർത്തിയത്. ഞാൻ പൂർണ്ണ നഗ്നയാണെന്നറിഞ്ഞു. വെളുത്ത കിടക്കവിരിയിൽ പടർന്നിരിക്കുന്ന രക്തം. എന്നോട് ചേർന്നുകിടക്കുന്ന നഗ്നനായ കറുത്തിരുണ്ട തടിയൻ, ബോധമില്ലാതെ ഉറങ്ങുന്നു. തൊട്ടടുത്ത ബെഡിലേക്കു കണ്ണുകൾ നീണ്ടു. അവിടെ മമ്മ മറ്റൊരാളോട് കൂടെ, പുര്ണനഗ്നരായി ബോധം കെട്ട് ഉറങ്ങുന്നു. സിരകളിലെ രക്തം തിളക്കുന്നതറിഞ്ഞു. കൂടെ കിടന്നിരുന്ന കറുത്ത തടിയനെ ചവിട്ടി താഴെയിട്ട്, വസ്ത്രങ്ങൾ ധരിച്ചു ഞാൻ പെട്ടെന്നെഴുന്നേറ്റു. താഴെ വീണ തടിയൻ കണ്ണ്‌ പാതിതുറന്ന് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നുറങ്ങി.
കണ്ണിലുടക്കിയത് ഒഴിഞ്ഞ ബിയർ കുപ്പിയാണ്. അതിന്റെ ചുവട് തല്ലിപ്പൊട്ടിച്ചു, കൂർത്ത മുനഭാഗം മമ്മയുടെ കഴുത്തിലേക്ക് കുത്തിയിറക്കുമ്പോൾ കൈകൾ ഒട്ടും വിറക്കുന്നില്ലായിരുന്നു. രക്തം ചീറ്റിത്തെറിച്ചു. മമ്മയുടെ കണ്ണുകൾ ഒന്ന് തുറന്നടഞ്ഞു.
പോലീസ്, കോടതി.. എവിടെയും ഞാൻ കുറ്റം നിഷേധിച്ചില്ല. കോടതി ആറുവർഷത്തെ തടവിന് വിധിച്ചപ്പോൾ, കോടതിമുറിയിൽ പപ്പാ പൊട്ടിക്കരയുന്നത് കണ്ടില്ലെന്നു നടിച്ചു. അവസാനം ഇവിടെയെത്തി. യെർവാഡ ജയിലിൽ. പുണെയിലെ കുപ്രസിദ്ധമായ ജയിൽ.
വന്നതിന്റെ രണ്ടാം ദിവസം ഇന്നലെ മരിച്ച (??)
രവീന്ദ്ര ചാറ്റർജിയും സംഘവും എന്നെ ആളൊഴിഞ്ഞ ഒരു സെല്ലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാനൊരു മനുഷ്യജീവിയാണെന്നുള്ള പരിഗണന പോലുമില്ലാതെ, കൈകാലുകൾ ബന്ധിച്ചു, മണിക്കുറുകൾ സംഘം ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. എന്റെ സ്വകാര്യഭാഗങ്ങളിൽ ചവണകൊണ്ട് പിടിച്ചു വലിച്ചു വേദനിപ്പിച്ചുള്ള കൊടിയ പീഡനം. ഞാൻ നിലവിളിച്ചില്ല. നിശബ്ദം കടിച്ചമർത്തിക്കിടന്നു, ബോധം കെടുന്നതുവരെ. എന്റെ മമ്മാക്കില്ലാതിരുന്ന എന്ത് മനുഷ്യത്വമാണ് ഞാൻ ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്.

ആറുവര്ഷങ്ങൾക്കിടയിൽ പലവുരു നീണ്ട പീഡനങ്ങൾ. ദുഃഖിച്ചില്ല. ദുഃഖിക്കാൻ ഇപ്പോൾ എനിക്കൊരു മനസില്ലല്ലോ.. കഴിഞ്ഞാഴ്ച തന്നെ റിലീസിംഗ് തീയതി സംബന്ധിച്ച അറിയിപ്പ് തന്നിരുന്നു. ഇന്നലത്തെ രാത്രിക്കുവേണ്ടി കാത്തിരുന്നു. ഇന്നലെ രാവിലെ രവീന്ദ്രയെ കണ്ടപ്പോൾ ” താങ്കൾക്കറിയാമല്ലോ.. ഞാൻ മറ്റന്നാൾ ഇവിടുന്നു പോകുകയാണ്. പക്ഷെ ഒരുരാത്രി കൂടി എനിക്ക് താങ്കൾക്കൊപ്പം……. “
എന്നുപറഞ്ഞപ്പോൾ, ” ടീക്.. ആജ് രാത്ത് കോ തും റെഡി കരോ ” (ശരി.. ഇന്നുരാത്രി നീ റെഡിയായിരിക്കു. )എന്ന് പറഞ്ഞു, പൊട്ടിചിരിച്ചുകൊണ്ട്. രാത്രി കൃത്യസമയത്തു തന്നെ അവൻ വന്നു. രവീന്ദ്ര ചാറ്റർജി. സ്ഥിരം സ്ഥലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഞാനെതിർത്തു, എന്നിട്ട് ജയിലിലെ ആളില്ലാ കാവൽ ഗോപുരത്തിന്റെ നേർക്ക് വിരൽ ചൂണ്ടി ഞാൻ പറഞ്ഞു ” ആജ് മുച്ചേ വഹാം ലെക്കേ ജാവോ.. ” (ഇന്നെന്നെ അങ്ങോട്ട് കൊണ്ടുപോകു ). ” ടീക്..ടീക്…സമജ് ഗയാ…” (ശരി ശരി..മനസിലായി.. ) അയാൾ തിരക്ക് കൂട്ടി. ആളൊഴിഞ്ഞ കാവൽഗോപുരത്തിനുള്ളിൽ, കാമകേളികൾക്കു ഞാൻ തന്നെ മുൻകൈയെടുത്തു, പതിവില്ലാതെ. അയാളെ ഗാഢമായി പുണർന്നു. കുചങ്ങൾ അയാളുടെ നെ ഞ്ചോടമർത്തിക്കൊണ്ടു, അയാളെ കാവൽപ്പുരയുടെ അരമതിലിനടുത്തേക്ക് നയിച്ചു. വികാരവിവശതയിൽ അവന്റെ കണ്ണുകൾ പാതിയടഞ്ഞ നിമിഷം… ഒറ്റ തള്ളു കൊടുത്തു. അരമതിലിൽ ഇഷ്ടികയുമിളക്കികൊണ്ട് അവൻ താഴേക്ക് പതിച്ചു. അവന്റെ അവസാനപിടച്ചിൽ കൺകുളിർക്കെ കണ്ടു. അപകടമരണമെന്നാണ് ഇവിടെയെല്ലാവരും കരുതിയിരിക്കുന്നത്. ഈ വഴിയിലെ CCTV ക്യാമറകൾ പണ്ടുമുതലേ കണ്ണടച്ചിരിക്കുവാണെന്ന് എനിക്ക് നേരത്തെതന്നെ അറിയാമായിരുന്നു.

നാളെ ക്രിസ്മസ്. നാളെ ഞാൻ പോകും. പഴയ സ്റ്റെല്ലയല്ല , മനസ് മരിച്ച സ്റ്റെല്ല. മരണത്തെ പ്രണയിക്കുന്ന സ്റ്റെല്ല, ഭയമില്ലാത്ത സ്റ്റെല്ല. ഞാൻ ജീവിക്കും ഈ ലോകത്ത്… എന്റെ പപ്പയുടെയും അനിയത്തിയുടെയും കൂടെ…. അവർക്ക് കാവലായി. ഇനി അതാണെന്റെ ലോകവും ജീവിതവും. സമയം അർദ്ധരാത്രി കഴിഞ്ഞെന്നു തോന്നുന്നു. പാറാവുകാരുടെ നീണ്ട വിസിലടി കേൾക്കാം…. പുറത്തെ നക്ഷത്ര വിളക്കുകൾ കണ്ണടച്ചിരിക്കുന്നു.. ഇനി എനിക്കൊന്നുറങ്ങണം, സ്വസ്ഥമായി……..
~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബിനു കല്ലറക്കൽ.
© Copy right protected.

LEAVE A REPLY

Please enter your comment!
Please enter your name here