നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്  

അസമയത്ത് അപ്രതീക്ഷിതമായ ഒരിടത്തു പെട്ടുപോവുകയും അപ്രതീക്ഷിതമായി സംഭവിച്ച അനീതിയ്ക്ക് സാക്ഷിയാവുകയും ഇരയയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി നീണ്ട 28 വര്‍ഷം പോരാടുകയും ചെയ്ത ഒരു വ്യക്തിയായായിരുന്നല്ലോ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേരളത്തിലെ ചര്‍ച്ചാവിഷയമായത്. യാദൃശ്ചികമെന്നു പറയട്ടെ ചരിത്രം കുറിച്ച ആ ന്യായവിധി വരുന്നതിനു മുന്‍പു തന്നെ നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ സിനിമയാവുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുപോലെത്തന്നെ അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള ഒരു കള്ളന്റെ കഥ. ചോരന്‍ എന്ന ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭയക്കേസിലെ വിധി വന്നത്. അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് തെളിയിച്ചുകൊണ്ട് കാലത്തിനപ്പുറത്തേയ്ക്ക് കണ്ണയക്കാന്‍ അങ്ങനെ ചോരന്റെ സംവിധായകന്‍ സാന്റോ അന്തിക്കാടിലൂടെ ദൈവീകമായ ഇടപെടല്‍ നടന്നുവെന്നാണ് ചോരനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. പ്രവീണ്‍ റാണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പകല്‍ ഉറങ്ങിയും രാത്രികളില്‍ ഒരുപോള കണ്ണടയ്ക്കാതെയും വൈകീട്ട് 6 മുതല്‍ വെളുപ്പിന് 6 വരെ ജോലി ചെയ്തുകൊണ്ട് സാങ്കേതിക വിദഗ്ധരും താരങ്ങളും മിനക്കെട്ടത് വെറുതെയായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ഒരു സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന് സംവിധായകന്‍ സാന്റോ അന്തിക്കാട് പറഞ്ഞു. രാത്രിയുടെ യഥാര്‍ത്ഥ വശ്യത അതേപടി പകര്‍ത്താന്‍ ഈ നിശ്ചയദാര്‍ഢ്യത്തിലൂടെ സാധിച്ചു.

സംവിധായകനും നിര്‍മാതാവും സേഫ് ആന്‍ഡ് സ്ട്രോങ്ങ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് മാനേജിങ് ഡയറക്ടറും രണ്ടാം ഷെഡ്യൂളിനൊരുങ്ങുന്ന അനാനിലെ റെവലൂഷനറി ഹീറോ അനാന്‍ എന്ന ചെറുപ്പക്കാരനെ അവതരിപ്പിക്കുന്ന ഡോ പ്രവീണ്‍ റാണയുടെ രണ്ടാമത് ചിത്രമാണ് ചോരന്‍. ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് ചോരന്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇതിനിടെ കോവിഡ് മൂലം തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സഹായമെത്തിച്ചതിനെപ്പറ്റി അനാന്റെ പിന്നണി പ്രവര്‍ത്തകരായ രാജീവ് കോവിലകം, മേക്കപ്പ് കലാകാരന്‍ റോണി വെള്ളത്തൂവല്‍, കോസ്റ്റിയൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍ എന്നിവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലെ ആദ്യത്തെ ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ ഡെലിവറിയെടുത്ത് 6.25 ലക്ഷം രൂപ മുടക്കി അതിന് KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍ ലേലത്തില്‍പ്പിടിച്ചും യുവനടി സനുഷയുമായി പരസ്യചിത്രത്തില്‍ അഭിനയിച്ചും പ്രവീണ്‍ റാണ വാര്‍ത്തകളില്‍ നിറഞ്ഞത്.

ചങ്ക്‌സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്. രമ്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചോരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിരുന്നു.

അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യയും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരന്‍. പതിനഞ്ചു ദിവസം തുടര്‍ച്ചയായി രാത്രി മാത്രം ഷൂട്ട്‌ചെയ്തഭിനയിച്ചത് ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നുവെന്ന്് സിനോജ് പറഞ്ഞു.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. അടുത്തിടെ ഹിറ്റായ ഏതാനും മനോഹരഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗാനരചയിതാവു കൂടിയായ സംഗീത സംവിധായകന്‍ കിരണ്‍ ജോസിന്റെ അഞ്ചാമത് സിനിമയാണ് ചോരന്‍. എഡിറ്റര്‍ മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. പ്രൊജക്റ്റ് ഡിസൈനര്‍ സുനില്‍ മേനോന്‍. ചിട്ടയോടും കുട്ടായ്മയോടും കൂടി പ്രവര്‍ത്തിച്ചതാണ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്ലാന്‍ ചെയ്തപോലെത്തന്നെ ചിത്രം പൂര്‍ത്തികരിക്കാന്‍ സഹായിച്ചതെന്നും ദൈവത്തിന്റെ നിയോഗംപോലെ സാന്റോ അന്തിക്കാടിലൂടെ നടപ്പിലായ ചോരന്‍ നന്മയുള്ള കള്ളന്റെ കാഴ്ചകള്‍ ഒപ്പിയെടുത്തത് തീര്‍ത്തും അത്ഭുതകരമായി സുംഭവിച്ചതാണെന്നും ഡോ പ്രവീണ്‍ റാണ പറഞ്ഞു.

ഫോട്ടോ – ഡോ പ്രവീണ്‍ റാണ, രമ്യ പണിക്കര്‍, സിനോജ് വര്‍ഗീസ് – ഒരു ചോരന്‍ സ്റ്റില്‍

ചോരന്‍ പോസ്റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here