.എം രമേശന്‍ ഒന്‍പതാം വാര്‍ഡ് മെമ്പറായി തിയേറ്ററുകളില്‍ സ്ഥാനമേല്‍ക്കുന്ന ദിവസമായിരുന്നു ഫെബ്രുവരി 25. അഭി ട്രീസ പോള്‍-ആന്റോ ജോസ് പെരേരിയ എന്നിവരുടെ സംവിധാനത്തിലൊരുങ്ങിയ രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മഞ്ഞപ്ര എന്ന ഗ്രാമത്തിലെ ഒ.എം രമേശന്റെ (അര്‍ജുന്‍ അശോകന്‍) കഥയാണ് ചിത്രം പറയുന്നത്. പതിവ് രാഷ്ട്രീയ ചിത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഒരു മിനുട്ട് പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള രമേശന്റെ ഉപജീവനമാര്‍ഗം പെയിന്റിങാണ്. ക്രിക്കറ്റ് കളിയും യാത്രയുമായി ജീവിതം അടിച്ചു പൊളിക്കുന്ന ഒരു സാധാരണ യുവാവ്. രമേശന്റെ ഉറ്റ കൂട്ടുക്കാരനാണ് സുബ്ബു (ശബരീഷ് വര്‍മ്മ). യു.കെ.എഫിന്റെ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി രമേശനെ പരിഗണിക്കുന്നതോടെയാണ് കഥയുടെ ആരംഭം.വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് എതിര്‍ പാര്‍ട്ടിയായ എല്‍.കെ.എഫിന്റെ സ്ഥാനാര്‍ത്ഥിയായി രമേശന്റെ ആശാനായ തോമസും (ചെമ്പന്‍ വിനോദ് ജോസ്) മത്സരിക്കുന്നു.

സ്ഥിരം രാഷ്ട്രീയ ചിത്രങ്ങളുടെ ചേരുവയുള്ള ചിത്രം നര്‍മ്മം, പ്രണയം, കുടുംബന്ധങ്ങള്‍ എന്നിവയുടെ ചരടിലാണ് കോര്‍ത്തൊരുക്കിയിരിക്കുന്നത്. സംവിധാനം-തിരക്കഥ എന്നീ രണ്ട് റോളുകളും ധൈര്യമായി ഏറ്റെടുത്ത അഭി ട്രീസ് പോളിനും-ആന്റോ ജോസ് പെരേരിയ്ക്കും തങ്ങള്‍ എന്ത് തിരശീലയില്‍ വേണമെന്നാഗ്രഹിച്ചോ, അത് ഒട്ടും കുറയാതെ പറഞ്ഞു ഫലിപ്പിക്കാന്‍ സാധിച്ചു.

തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും നന്മയുടെ രാഷ്ട്രീയം പ്രതീക്ഷിച്ചെത്തുന്ന രമേശന്‍ നിരാശനാകുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. രാഷ്ട്രീയത്തിന്റെ മുക്കും മൂലയും അറിയാത്ത രമേശന്റെ രാഷ്ട്രീയക്കാരനായുള്ള വേഷപ്പകര്‍ച്ച ഗംഭീരമാക്കാന്‍ പതിവ് പോലെ അര്‍ജുന്‍ അശോകന് സാധിച്ചു. ഒരു ഗ്രാമത്തില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികളെയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.

മലയാള സിനിമയിലെ ഒരു പിടി മികച്ച ജനപ്രിയ താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ചിത്രത്തിന്റെ മികവ്. രമേശന്റെ അച്ഛനായ ഓമനക്കുട്ടനായി എത്തിയ ഇന്ദ്രന്‍സ് പതിവ് പോലെ തന്നെ വേഷം മികച്ചതാക്കി തിരശീല വിടുകയാണ് ചെയ്തത്. ജേക്കബ് മൂഞ്ഞാലിയായി എത്തിയ ജോണി ആന്റണി, അബൂക്കയായി എത്തിയ മാമുക്കോയ, അജിതന്‍ വെട്ടുകുഴിയായി എത്തിയ തരികിട സാബു എന്നിവരെല്ലാം വേഷം ഗംഭീരമാക്കി.

അതിമനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പ് ‘അരലേ നീയെന്നിലെ’ എന്ന ഗാനം ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എല്ലാ ഗാനങ്ങളും മികച്ചതാക്കാനും അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കാനും സംഗീത സംവിധായകനായ കൈലാസ് മേനോന് സാധിച്ചു. രമേശന്റെ വേറിട്ട ചിന്തകളും ഭാവങ്ങളും ഇടമുറിയാതെ അവതരിപ്പിക്കാന്‍ എഡിറ്ററായ ദീപു ജോസഫിനും സാധിച്ചു.

2018 ല്‍ പുതുമുഖമായി എത്തിയ ഗായത്രി അശോകിന്റെ തിരിച്ചുവരവ് കൂടിയാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്ന ചിത്രം. തനി അച്ചായത്തിയായി സിനിമയിലുടനീളം ഗായത്രിയുടെ അന്നാമ്മ എന്ന കഥാപാത്രമുണ്ട്. കുടുംബ ബന്ധങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മ റോളില്‍ സ്മിനു സിജോ തിളങ്ങി. അടുത്തിടെയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ ഒരു നടന്‍ കൂടിയാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്‍ ഹരിശ്രീ അശോകനെ പോലെ തമാശയും ഗൗരവമുള്ള കഥാപാത്രങ്ങളും തന്റെ കൈയില്‍ ഭദ്രമാണെന്ന് ആദ്യ ചിത്രം മുതലെ തെളിയിച്ച നടന്‍ കൂടിയാണ് അര്‍ജുന്‍. തിരഞ്ഞെടുപ്പില്‍ മാത്രമല്ല പ്രേക്ഷകരുടെ മനസിലും ഇടം നേടുകയാണ് വാര്‍ഡ് മെമ്പര്‍ രമേശന്‍.

LEAVE A REPLY

Please enter your comment!
Please enter your name here