പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഭീഷ്മർ. നിസ്വാർത്ഥയുടെ പ്രതീകമായിരുന്ന, സ്വന്തം ഇച്ഛക്കനനുസരിച്ചു മാത്രമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്ന ഭീഷ്മരുമായി ബന്ധപ്പെട്ടാണ് മഹാഭാരതത്തിലെ ആറാമത്തെ പർവ്വമായ ഭീഷ്മപർവ്വം വരുന്നത്. ഒന്നുമുതൽ പത്തുവരെ ദിവസങ്ങളിലെ കുരുക്ഷേത്രയുദ്ധം വർണ്ണിക്കുന്ന ഭീഷ്മപർവ്വത്തിൽ, കൗരവസേനയുടെ സർവ്വസേനാധിപനായ ഭീഷ്മരായിരുന്നു പടയെ മുൻപോട്ട് നയിച്ചിരുന്നത്. മഹാഭാരതമെന്ന ഈ ഇതിഹാസത്തിന്റെ വ്യത്യസ്തമായ ആഖ്യാനത്തിൽ നിന്നും പിറവികൊണ്ടതാണ് മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ഒന്നിച്ച ഏറ്റവും പുതിയ സിനിമയായ ‘ഭീഷ്മപർവ്വം’ എന്ന സിനിമയുടെ ഇതിവൃത്തം.

 

കാലമെത്ര കഴിഞ്ഞു കാണുമ്പോഴായാലും ഫ്രഷ്‌നസ് ഫീല്‍ തരുന്ന അപൂര്‍വം സിനിമകള്‍ മാത്രം പിറന്നിട്ടുള്ള മലയാള സിനിമയില്‍ സ്റ്റൈലിഷ് അവതരണം കൊണ്ട് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിനെ ബിഗ്ബിയിലൂടെ പ്രേക്ഷകർക്ക് തന്ന അമൽ നീരദ്, മമ്മൂട്ടിക്കൊപ്പം നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് ഭീഷ്മപർവ്വം. ബിഗ് ബി ഉണ്ടാക്കിയ ആവേശം ഇപ്പോഴും കെടാതെ നില്‍ക്കുമ്പോള്‍ അതേ ആവേശം പതിന്മടങ്ങായി ഒരിക്കൽ കൂടി കൊണ്ട് വരാൻ സാധിക്കുമോ എന്നതായിരുന്നു ഭീഷ്മപർവ്വത്തിന്റ റിലീസിന് തൊട്ട് മുൻപേ വരെ നിലനിർത്തിയിരുന്ന ആകാംഷ. ആ പ്രതീക്ഷകൾക്ക് പോറലേൽക്കാത്ത വിധത്തിൽ മെയ്ക്കിങ് കൊണ്ടുള്ള അസാധ്യ അനുഭവം തന്നെയാണ് ഭീഷ്മപർവ്വം തരുന്നത്.

 

മട്ടാഞ്ചേരിയിലെ പ്രശസ്തമായ അഞ്ഞൂറ്റി കുടുംബത്തിന്‍റെ നാഥനാണ് മൈക്കിൾ. മൈക്കിൾ തനിക്ക് പ്രിയപ്പെട്ടവർക്കെല്ലാം മൈക്കിളപ്പനാണ്. തൊള്ളായിരത്തി എൺപത് കാലഘട്ടങ്ങളിലെ മട്ടാഞ്ചേരിയിൽ മൈക്കിളപ്പനുള്ള സ്ഥാനം ചില്ലറയൊന്നുമല്ല. ബിസിനസ് കുടുംബമായ അഞ്ഞൂറ്റിലെ മൂത്തമകനായിരുന്നു മൈക്കിളിന്റെ സഹോദരനായ പൈലി. വർഷങ്ങൾക്ക് മുൻപ് അന്യമതത്തിലെ ഫാത്തിമയെ പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരിൽ, കുടിപ്പകയിൽ പൈലിക്ക് തന്റെ ജീവൻ നഷ്ടപ്പെടുന്നു. അതിൽപിന്നെ ആ ജ്യേഷ്‌ഠന്റെ മരണത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നത് അനിയനായ മൈക്കിളാണ്.

 

ആ പ്രതികാരത്തെ തുടർന്ന് കൊലപാതക കുറ്റത്തിനുള്ള ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു പഴയ നിയമവിദ്യാർഥി കൂടിയായ മൈക്കിളിന്. നീണ്ട ജയിൽവാസം കഴിഞ്ഞു തിരികെ കുടുംബത്തിലേക്ക് വന്നു കയറുന്നതോടെ മൈക്കിൾ തന്റെ അധികാര സ്വാതന്ത്ര്യം ഉറപ്പിക്കുന്നത് കുടുംബത്തിനകത്തു മാത്രമല്ല , തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരിൽ കൂടിയാണ്. അങ്ങനെ മൈക്കിളപ്പൻ അവർക്ക് രക്ഷകനാകുന്നു. നീതി നടപ്പാക്കുന്ന ദൈവദൂതനാകുന്നു.

 

കുടുംബത്തിനകത്തു അയാളെ എതിർത്ത് നാവ് പൊക്കാൻ ഒരാൾ പോലും ധൈര്യമെടുക്കില്ല. മൈക്കിളപ്പന്റെ ഈ ഏകാധിപത്യ ഭരണത്തോട് തോന്നുന്ന അസ്വസ്ഥതകളിൽ നിന്നാണ് അഞ്ഞൂറ്റി കുടുംബത്തിലെ യുദ്ധം തുടങ്ങുന്നത്. മമ്മുട്ടിയുടെ മൈക്കിൾ ഭീഷ്മാചാര്യരും സൗബിന്റെ അജാസ് കർണ്ണനുമാകുമ്പോൾ ഒപ്പം നിൽകുന്ന എല്ലാ കഥാപാത്രങ്ങൾക്കും കഥാഗതിയിൽ പ്രാധാന്യമുണ്ട്. എല്ലാവർക്കും മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളുമായി സാമ്യവുമുണ്ട്.മൈക്കിളിന് ശേഷം ആര് ഫാമിലി ബിസിനസ് നോക്കി നടത്തും എന്നതും, മൈക്കിളിന്റെ ഏകാധിപത്യഭരണത്തോടുള്ള വിയോജിപ്പു​മൊക്കെയായി തുടങ്ങുന്ന കുടുംബ യുദ്ധം തന്നെയാണ് അക്ഷരാർഥത്തിൽ ഭീഷ്മപർവ്വം. മൈക്കിളിന്റെ അധികാരസ്വാതന്ത്ര്യത്തിൽ ഉള്ളിൽ വെറുപ്പ് സൂക്ഷിക്കുന്ന ചില സഹോദരങ്ങളും അവരുടെ മക്കളും മരുമക്കളും ഒരു പക്ഷം ചേരുമ്പോൾ, പൈലിയുടെ ഭാര്യ ഫാത്തിമയും മറ്റൊരു വിവാഹത്തിലെ അവരുടെ മക്കളും മൈക്കിളിന്റെ സഹോദരി സൂസനും കുടുംബവും, കണക്കപ്പിള്ള മണിയും മൈക്കിളിനോട് കൂറുള്ള മറുപക്ഷമായി നിലകൊള്ളുന്നു. ഈ യുദ്ധം തന്നെയാണ് സിനിമയുടെ ആദ്യാവസാനം വരെ മുൻപോട്ട് നയിക്കുന്ന ഘടകം.

 

അഞ്ഞൂറ്റി തറവാട്ടിൽ നടക്കുന്ന ഒരു ആഘോഷ പരിപാടിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അതേസമയം ഒരു ദുരഭിമാന കൊലപാതകത്തിലെ ഇരയുടെ അമ്മയും കാമുകിയും മൈക്കിളിനോട് പരാതി പറയാൻ വരുന്നതും തുടർന്ന് മൈക്കിൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന അതേ സമയത്തു തന്നെ മൈക്കിളിന്റെ നിർദ്ദേശപ്രകാരം പരാതി പറയാൻ വന്നവർക്ക് നീതി നടപ്പിലാക്കപ്പെടുന്നതുമാണ് സിനിമയുടെ തുടക്കം.

 

ഫ്രാൻസിസ് ഫോർഡ് കോപ്പളയുടെ ദി ഗോഡ്ഫാദർ എന്ന ക്ലാസിക് സിനിമയുടെ ആരംഭവുമായി സാമ്യം നിലനിർത്തി കൊണ്ടാണ് ഭീഷ്മപർവ്വം മുൻപോട്ട് പോകുന്നത്. ദുരഭിമാനകൊലക്ക് ഇരയാവേണ്ടി വന്ന കെവിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഇവിടെ സംഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതേസമയം, കേരളത്തില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനും ഭാര്യ നീതുവിനുമാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നതും.

 

ഓരോ കഥാപാത്രത്തിനും അവരുടേതായ സ്‌പേസ് കൊടുത്ത് തിരക്കഥ തയ്യാറാക്കിയ ചിത്രം സ്ലോ പേസിലാണ് പറഞ്ഞു പോകുന്നത്. ഒരു ഇതിഹാസത്തെ മികച്ചൊരു പ്ലോട്ടിലേക്ക് , മികച്ചൊരു കഥാപശ്ചാത്തലത്തിലേക്ക് കൊണ്ടെത്തിക്കാൻ സാധിച്ചു എന്നതാണ് ഭീഷ്മപർവ്വത്തിൽ അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നു ഒരുക്കിയിരിക്കുന്ന തിരക്കഥയുടെ മികവ്.

 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, നദിയ മൊയ്തു, ദിലീഷ് പോത്തൻ, ലെന, സ്രിന്റ, വീണ നന്ദകുമാർ, സുദേവ് നായർ, ഷെബിൻ ബെൻസൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. നെടുമുടി വേണുവും കെ.പി.എ.സി ലളിതയും ഒന്നിച്ചെത്തുന്ന രംഗങ്ങൾ അവരുടെ വിയോഗം തീർത്ത ശൂന്യതയെ ​ഒാർമിപ്പിക്കുന്നതാണ്. നോവും പ്രതികാരവും ഉള്ളിലേറ്റുന്ന, വാർധക്യം തളർത്താത്ത പ്രതികാരം നിറഞ്ഞ രണ്ടു കഥാപാത്രങ്ങളായ ഇരവിപിള്ള, കാർത്യായനിയമ്മ എന്നിവരായി അവർ അഭിനയിച്ചു തകർത്തു എന്നു വേണം പറയാൻ.

 

ഓരോ സിനിമ കഴിയും തോറും ഷൈൻ ടോം ചാക്കോ തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകർക്ക് കൂടുതൽ വാഗ്ദാനം നൽകുന്ന നടനായി മാറി കഴിയുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭീഷ്മപർവ്വം. മഹാഭാരത ഇതിഹാസത്തിലെ ഗാന്ധാരിയെ ഓർമ്മപ്പെടുത്തുന്ന മാലാപാർവതിയുടെ കഥാപാത്രം മക്കളെ അന്ധമായി വിശ്വസിക്കുന്ന അമ്മയുടെ പ്രതീകം കൂടിയാണ്.

 

ചിത്രത്തിന്റെ ക്ലാസ്സ്-മാസ്സ് സ്വഭാവം നിലനിർത്താൻ ആനന്ദിന്റെ ക്യാമറ നൽകുന്ന ദൃശ്യാനുഭവം, ബി.ജി.എം, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം തുടങ്ങിയവയെല്ലാം സ്വാധീനിക്കുന്നു. കെവിനില്‍ നിന്നാണ് സിനിമയുടെ തുടക്കം സംഭവിക്കുന്നത് എങ്കിൽ സിനിമയുടെ ക്ലൈമാക്സ് നടക്കുന്നത് ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കണ്‍മുന്നില്‍ മാതാപിതാക്കള്‍ കത്തിയെരിയുന്നത് നോക്കിനില്‍ക്കേണ്ടി വന്ന രണ്ട് മക്കളിലാണ്. അത് ഭീഷ്മ പർവ്വത്തിന്റെ മറ്റൊരു യുദ്ധത്തിലേക്കുള്ള തുടർച്ചയാണ് എന്നു വേണം കണക്കാക്കാൻ. ആറ്റിക്കുറുക്കിയാൽ, മമ്മൂട്ടിയെന്ന നടന്റെ സ്ക്രീൻപ്രെസൻസിന്റെ ആറാട്ട് തന്നെയാണ് ആകെമൊത്തം ഭീഷ്മപർവ്വം.

LEAVE A REPLY

Please enter your comment!
Please enter your name here