കോഴിക്കോട്: എട്ട് പുരസ്‌കാരങ്ങള്‍ നേടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ചാര്‍ലി ദേശീയ അവാര്‍ഡില്‍ നിന്ന് പുറത്ത്. ദേശീയ ചലച്ചിത്ര അവാര്‍ഡിനുവേണ്ടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ചാര്‍ലിയില്ല. നിര്‍ദിഷ്ട സമയത്ത് അവാര്‍ഡിന് അപേക്ഷ നല്‍കാത്തതാണ് ചാര്‍ലിക്ക് വിനയായത്. തിയ്യറ്റര്‍ കാണാത്ത ചിത്രങ്ങള്‍ പോലും പട്ടികയില്‍ ഇടം നേടിയപ്പോഴാണ് സമീപകാലത്തെ ഏറ്റവും മികച്ച ഹിറ്റുകളില്‍ ഒന്നായ ചാര്‍ലി അപേക്ഷ അയക്കാത്തതിന്റെ പേരില്‍ പുറത്തായത്. മാര്‍ച്ച് 28 തിങ്കളാഴ്ചയാണ് ദേശീയ അവാര്‍ഡ്പ്രഖ്യാപനം.
ജനവരി പതിമൂന്നായിരുന്നു ദേശീയ അവാര്‍ഡിനായി ചിത്രം അയക്കേണ്ടിയിരുന്ന അവസാന ദിവസം. എന്നാല്‍, ഇക്കാര്യം നിര്‍മാതാക്കളടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞില്ല. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം അവാര്‍ഡിന് ചിത്രം അയക്കാനുള്ള ഒരുക്കത്തിലായിരുന്നു തങ്ങളെന്ന് നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. ജനവരി മാസം മുഴുവന്‍ ചിത്രത്തിന്റെ റിലീസിങ്ങും പ്രചരണവും പോലുള്ള കാര്യങ്ങളുമായി തിരക്കിലായിരുന്നു ഞങ്ങള്‍. ഇത്ര നേരത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുമെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് ചിത്രം അവാര്‍ഡിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല-മാര്‍ട്ടിന്‍ പ്രകാട്ട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഷെബിന്‍ ജോര്‍ജും നടന്‍ ജോജു ജോര്‍ജുമാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.
ചിത്രം അവാര്‍ഡിന് അയക്കാന്‍ കഴിയാതിരുന്നതില്‍ വലിയ നിരാശയുണ്ടെന്ന് തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും പറഞ്ഞു. ചിത്രത്തിനും അതിന്റെ അണിയറശില്‍പികള്‍ക്കും അതൊരു വലിയ നഷ്ടം തന്നെയാണെന്നും ഉണ്ണി പ്രതികരിച്ചു.
മികച്ച നടന്‍ (ദുല്‍ഖര്‍ സല്‍മാന്‍), മികച്ച നടി (പാര്‍വതി), മികച്ച സംവിധായകന്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട്), മികച്ച തിരക്കഥാകൃത്ത് (ആര്‍. ഉണ്ണി), ഛായാഗ്രഹണം (ജോമോന്‍ ടി ജോണ്‍), കലാസംവിധായകന്‍ (സന്ദീപ്), ശബ്ദമിശ്രണം (എം.ആര്‍. രാജകൃഷ്ണന്‍), എഡിറ്റിങ് (മനോജ്) എന്നീ വിഭാഗങ്ങളിലാണ് ചാര്‍ലി സംസ്ഥാന അവാര്‍ഡ് നേടിയത്. ഈ വര്‍ഷം ഏറ്റവും അധികം അവാര്‍ഡ് നേടിയതും ചാര്‍ലി തന്നെ.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ദേശീയ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത് 308 സിനിമകളാണ്. എന്നു നിന്റെ മൊയ്തീന്‍, പ്രേമം, സുസു സുധി വാത്മീകം എന്നീ സൂപ്പര്‍ഹിറ്റുകള്‍ അടക്കം മൊത്തം 33 മലയാള ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പട്ടികയില്‍ ഇടം നേടിയ മലയാളചിത്രങ്ങള്‍:
1. കഥാന്തരം (കെ.ജെ.ബോസ്)
2. പത്തേമാരി ( സലീം അഹമ്മദ്)
3. ലുക്ക ചുപ്പി (ബാഷ് മുഹമ്മദ്)
4. ചായം പൂശിയ വീട് (സതീഷ്, സന്തോഷ്)
5. നരോപനിഷത്ത് (ഇഞ്ചക്കാട് ബാലചന്ദ്രന്‍)
6. ഒഴിവുദിവസത്തെ കളി (സനല്‍കുമാര്‍ ശശിധരന്‍)
7. കഥ പറയുന്ന മുത്തച്ഛന്‍ ( ഇഞ്ചക്കാട് ബാലചന്ദ്രന്‍)
8. ബെന്‍ (വിപിന്‍ ആറ്റ്‌ലി)
9. രൂപാന്തരം (പത്മകുമാര്‍)
10. പത്രോസ് പ്രമാണങ്ങള്‍ (സിദ്ധിഖ് ബുഖാരി)
11. ഇതിനുമപ്പുറം (മനോജ് ആലുങ്കല്‍)
12. ഉണര്‍വ് (പി.ബാലശങ്കര്‍ മന്നാത്ത്)
13. ഒരു വടക്കന്‍ സെല്‍ഫി (പ്രജിത്ത്))
14. അരണി (രാ പ്രസാദ്)
15. സുസു സുധി വാത്മീകം (രഞ്ജിത്ത് ശങ്കര്‍)
16. ഇടവപ്പാതി (ലെനിന്‍ രാജേന്ദ്രന്‍)
17. കാറ്റും മഴയും (ഹരികുമാര്‍)
18 വെളുത്ത രാത്രികള്‍ (റാസി)
19. പ്രേമം (അല്‍ഫോണ്‍സ് പുത്രന്‍)
20. മോഹവലയം (ടി.വി.ചന്ദ്രന്‍)
21. മാലേറ്റം (തോമസ് ദേവസ്യ)
22. വലിയ ചിറകുള്ള പക്ഷികള്‍ (ഡോ.ബിജു)
23. അമീബ (മനോജ് കാന)
24. ഞാന്‍ സംവിധാനം ചെയ്യുന്നു (ബാലചന്ദ്ര മേനോന്‍)
25. കുമ്പസാരം (അനീഷ് അന്‍വര്‍)
26. നീ-ന (ലാല്‍ജോസ്)
27. ഇളംവെയില്‍ (മുകുന്ദന്‍ കൂര്‍മ)
28. എന്നു നിന്റെ മൊയ്തീന്‍ (ആര്‍.എസ്. വിമല്‍)
29. മണ്‍റോതുരുത്ത് (പി.എസ്. മനു)
30. മചുക (ജയന്‍ വന്നേരി)
31. നമുക്കൊരേ ആകാശം (പ്രദീപന്‍ മുല്ലനേഴി)
32. നിര്‍ണായകം (വി.കെ.പ്രകാശ്)
33. ക്രയോണ്‍സ് (സജിന്‍ലാല്‍)

LEAVE A REPLY

Please enter your comment!
Please enter your name here