നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ( cm about prathap pothen )

 
 
 

അനുശോചന കുറിപ്പിന്റെ പൂർണ രൂപം :

ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.

തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാർന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.

തൻറെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here