മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച ചുരുക്കം ചില പ്രതിഭകളിലൊന്നാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. 42 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പ്രേക്ഷകർക്ക് എന്നെന്നും ഓ‌ർമയിൽ സൂക്ഷിക്കാനായി ഒട്ടവധി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.

 

1952 ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തന്റെ സ്‌കൂൾ വിദ്യാഭ്യാസം ഊട്ടിയിലായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദം. പഠിക്കുന്ന സമയത്ത് അഭിനയത്തോട് തോന്നിയ കമ്പം അദ്ദേഹത്തെ നാടകവേദികളി എത്തിച്ചു. മുംബയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെയ്യവെ നാടകത്തിൽ സജീവമായി. പിന്നാലെ സംവിധായകൻ ഭരതനെ പരിചയപ്പെട്ടത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.

 

ഭരതന്റെ സംവിധാനത്തിൽ 1978ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്റെ ഏറ്റവും മികച്ച ചിത്രത്തിലൊന്ന് 1979ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘തകര’യാണ്.

 

പിന്നീട് ലോറി, ചാമരം, അഴിയാത കോലങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ചുവടുറപ്പിച്ചു. മലയാളത്തിൽ ലഭിച്ചതിലുമേറെ അവസരം പ്രതാപ് പോത്തന് തമിഴിലായിരുന്നു കിട്ടിയത്. ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം, ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാൻ തുടങ്ങി 12 സിനിമകൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പ്രതാപ് പോത്തൻ സംവിധാനവും ചെയ്‌തു. 1987 ൽ പുറത്തിറങ്ങിയ ‘ഋതുഭേദം’ എന്ന ചിത്രമാണ് ആദ്യ സംവിധാന സംരംഭം. ‘സൊല്ല തുടിക്കിത് മനസ്’ എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി.

 

ചലച്ചിത്രതാരം രാധികയെ 1985 ൽവിവാഹം കഴിച്ചു. എന്നാൽ തൊട്ടടുത്ത വർ‌ഷം വിവാഹമോചിതനായി. 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ വിവാവം വേർപിരിഞ്ഞ ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

 

കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ പ്രതാപ് പോത്തൻ അവതരിപ്പിച്ചിട്ടുണ്ട്. തന്മാത്ര, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ യുവതലമുറയിലെ പ്രേക്ഷകനെയും അത്ഭുതപ്പെടുത്താൻ പ്രതാപ് പോത്തന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here