ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്ര വിശേഷങ്ങള്‍ ന്യൂജന്‍ മീഡിയയില്‍ ജെ എസ് ആര്‍  എന്ന ഒാമനപ്പേരിലാണ് പരക്കുന്നത്. യൂത്ത് ഐക്കണ്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രം യുവപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫിനിഷിംഗ് വര്‍ക്കിനിടയില്‍ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ സംസാരിക്കുന്നു

കുടുംബ കഥയിലേക്കാണ് ഇത്തവണ വിനീത് തിരിഞ്ഞത്.ആ പ്രമേയം വന്ന വഴി..
ദുബായില്‍ താമസിക്കുന്ന എന്റെ അടുത്ത കൂട്ടുകാരന്റെ കുടുംബജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണിത്. അത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ ലൈഫ് സ്റ്റൈലിലും സ്വഭാവത്തിലും എല്ലാം ഈ മാറ്റം കാണും. എന്നാലും അടിസ്ഥാനപരമായി മലയാളി എന്ന നന്മയുടെ വേരുകളാണ് അവരുടെ കരുത്ത്. ഒരു കുടുംബത്തിലെ വ്യത്യസ്ത സ്വഭാവക്കാരായ 4 മക്കളുടെ കഥ പറയുന്ന സിനിമയാണിത്. എന്റെ ആദ്യത്തെ ഫാമിലി ഫിലിം

ആധുനിക കുടുംബ ബന്ധങ്ങളാണോ ഇത്തരം സബ്ജക്ടിലേക്ക് ചിന്തിപ്പിച്ചത്…
പണ്ടെത്തെപ്പോലെ കൊതിപ്പിക്കുന്ന കൂട്ടുകുടുംബ ബന്ധങ്ങള്‍ ഇന്നില്ല. ആരെയും കുറ്റം പറയാന്‍ കഴിയില്ല. നമ്മുടെ ജോലിയുടെയും സൗകര്യത്തിന്റെയും അടിസ്ഥാനത്തില്‍ താമസാന്തരീക്ഷവും മാറുകയാണ്. നമ്മളെ സ്‌നേഹിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നമുക്കു ചുറ്റും ഉണ്ടാകുന്നത് വലിയ സൗഭാഗ്യമാണ്.അത്തരം കുറെ ചിന്തകള്‍ ചിത്രം പങ്കുവെയ്ക്കും.

ഇതെന്റെ സ്വര്‍ഗരാജ്യം-വിനീത് ശ്രീനിവാസന്‍

-നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിനീത് നിവിന്‍പോളിയുമായ് ഒന്നിക്കുന്നത്. നടനെന്ന നിലയില്‍ വളര്‍ന്ന ആ താരത്തിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍…
തട്ടത്തിന്‍ മറയത്ത് കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ഒന്നിച്ചത്.പക്ഷേ അതിനിടയില്‍ രണ്ട് ചിത്രത്തില്‍ ഞങ്ങള്‍ അഭിനയിച്ചു.അതിനിടയില്‍ കഥാചര്‍ച്ചക്കായി പല തവണ കൂടിയിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒരു ഗാപ്പ് വന്നിരുന്നില്ല. ആരും തിരിച്ചറിയാത്ത നടനില്‍ നിന്ന് പുറത്തേക്കിറക്കാന്‍ കഴിയാത്ത താരത്തിലേക്ക് നിവിന്‍ വളരുന്നത് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.  ചിത്രത്തില്‍ ജെറി എന്ന പുതുമയാര്‍ന്ന കഥാപാത്രമായാണ് നിവിന്‍ വരുന്നത്

ഇതൊരു നര്‍മ്മ  ചിത്രമായി കണക്കാക്കാമോ…
എന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഇതില്‍ നര്‍മ്മത്തിന്റെ ട്രാക്ക് കുറവാണ്. എന്നാലും ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുണ്ട്. ഫാമിലി ഡ്രാമയിലൂടെ കടന്നുപോകുന്ന ചിത്രമാണിത്.

സംഗീത സാന്ദ്രമാണോ ചിത്രം…
അഞ്ച് പാട്ടുകള്‍ ഉണ്ട്. രണ്ട് പാട്ട് ഞാന്‍ പാടുന്നുണ്ട്.  അതിലുപരി ഉണ്ണിമേനോന്‍ ഈ ചിത്രത്തില്‍ ഒരുപാട്ടു പാടുന്നുണ്ട്.

റിലീസ് ടെന്‍ഷനുണ്ടോ…
തീര്‍ച്ചയായും. ഈ ഗണത്തിലുളള ഒരു ചിത്രം ഇതിനുമുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. റിലീസ് കഴിഞ്ഞാല്‍ ആ ടെന്‍ഷന്‍ തീരുമെന്ന പ്രതീക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here