ഒരു നിമിഷം മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര സ്‌നേഹമുള്ളൊരു ചേച്ചിയായി. പാടുന്ന ചേച്ചി. ചുറ്റും കുറേ കൊച്ചു കൂട്ടുകാരും. അവര്‍ക്കുവേണ്ടി മനസ്സറിഞ്ഞുതന്നെ ചിത്ര പാടി….

മാനത്തെ അമ്മയ്ക്ക്
മാലാഖ അമ്മയ്ക്ക്
പൂവുപോല്‍ ഓമനകുഞ്ഞുങ്ങള്‍.

പ്രീപ്രൈമറി കുട്ടികള്‍ക്കുവേണ്ടി മാതൃഭൂമി പുറത്തിറക്കുന്ന ആനിമേഷന്‍ സി.ഡിയിലാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രയുടെ പാട്ട്. ടാംഗോ എന്ന വികൃതിയായ മാലാഖക്കുട്ടിയുടെയും കൂട്ടുകാരുടെയും രസകരമായ കഥ പറയുന്ന സി.ഡി.യുടെ അവതരണഗാനമാണ് ‘മാനത്തെ അമ്മയ്ക്ക്’ . ഏറെക്കാലത്തിനുശേഷമാണ് ചിത്ര കുട്ടികള്‍ക്കായി ഒരു പാട്ട് പാടുന്നത്.

ചലച്ചിത്ര ഗാനരചയിതാവ്  പി.കെ. ഗോപിയാണ് മനോഹരമായ കുട്ടിപ്പാട്ടിന്റെ രചന നിര്‍വഹിച്ചത്. ഇമ്പമുള്ള ഈണത്തില്‍ ചിട്ടപ്പെടുത്തിയത് സജിത് ശങ്കറും. ചിത്രയ്ക്ക് പുറമെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ശ്രേയയും പാട്ടുകള്‍ പാടിയിട്ടുണ്ട്. ചിത്രയുടെ ടൈറ്റില്‍ ഗാനത്തിന് പുറമെ കഥ കഥ കേട്ടു, ഓമനപ്പൂവെ, പച്ചമഞ്ഞല്‍ തുടങ്ങിയ നാല് പാട്ടുകള്‍ കൂടിയുണ്ട് സി.ഡി.യില്‍. റോംബസ് സ്റ്റുഡിയോയുടെ സഹകരണത്തോടെ മാതൃഭൂമി നിര്‍മിക്കുന്ന ടാംഗോയുടെ കഥയും സംവിധാനവും നിര്‍വഹിച്ചത് വിജയന്‍ കോതമംഗലമാണ്. നിര്‍മല്‍ പാലാഴിയും ഷിബയുമാണ് ശബ്ദം നല്‍കിയത്.

Tango

മഹാ വികൃതിയാണ് കഥാനായകനായ മലാഖക്കുട്ടി ടോംഗോ. ഒരിക്കല്‍ കൂട്ടുകാരുടെ വാക്ക് കേള്‍ക്കാതെ സൂര്യനുനേരെ പറന്ന് ചിറകു കരിഞ്ഞ ടാംഗോ ആകാശക്കൊട്ടാരത്തില്‍ നിന്ന് ഭൂമിയില്‍ വന്നു വീഴുന്നു. ഇവിടെ അവന് കുറെ കൂട്ടുകാരെ കിട്ടി. മോട്ടു എന്ന പട്ടിക്കുട്ടി, സുന്ദു എന്ന പശുക്കുട്ടി, പാംപി എന്ന പ്രാവ്, പിന്നെ കുറെ കഥകളും പാട്ടുകളും അറിയുന്ന മിയ ചേച്ചിയും. ഇവരുടെ പാട്ടുകളും കഥകളുമാണ് സി.ഡിയിലുള്ളത്. നൂറു രൂപയാണ് സി.ഡി.യുടെ വില.

LEAVE A REPLY

Please enter your comment!
Please enter your name here