ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല പുസ്തകരൂപത്തിലെ കഥയില്‍നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങളിലേക്ക് രൂപാന്തരം പ്രാപിക്കുമ്പോള്‍ മടുപ്പിക്കുന്നില്ലെന്ന് മാത്രമല്ല ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നര്‍മത്തിലും ആക്ഷേപത്തിലും കലര്‍ത്തി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചെറുകഥയെ സിനിമയാക്കിയത് കൊണ്ടു തന്നെ സിനിമയ്ക്കും വലിപ്പം കുറവാണ്. ഏതാണ്ട് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമാണ് സിനിമയുടെ ദൈര്‍ഘ്യം. മുന്‍കാല സിനിമകളില്‍ നമ്മള്‍ കണ്ടു വന്ന അതിമാനുഷിക നായക സങ്കല്‍പ്പം ഈ സിനിമയില്‍ കാണുന്നില്ല. ഭ്രാന്തമായ ചിന്താഗതികളും അത് നിറവേറ്റാനുള്ള സമ്പത്തും ഉന്നത വിദ്യാഭ്യാസവും മാത്രമാണ് കുട്ടിയപ്പന് കൈമുതലായുള്ളത്. രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുള്ള കുട്ടിയപ്പന് തനിക്ക് മനസ്സില്‍ തോന്നുന്നത് ചെയ്യുന്നവനും അതേസമയം മനസ്സില്‍ നന്മയുള്ളവനുമാണ്. എന്താണ് കുട്ടിയപ്പന്‍ എന്ന് വിവിധ രംഗങ്ങളിലൂടെ കൃത്യമായി വിളിച്ചുപറയുന്നുണ്ട് സിനിമ. പേര് സൂചിപ്പിക്കുന്നത് പോലെ ലീലയുടെ ഉള്ളുപൊള്ളിക്കുന്ന കഥയാണിതെങ്കിലും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് കുട്ടിയപ്പനും അയാളുടെ ഭ്രാന്തുകളുമാണ്. 

നിയമപരമായി എഴുതിക്കാണിക്കേണ്ട സംഗതികള്‍ക്ക് ശേഷം നേരിട്ടൊരു കഥാപാത്ര അവതരണരീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. കുതിരപ്പുറത്ത് വരുന്ന കുട്ടിയപ്പന്‍ പൊലീസുകാരെ കളിയാക്കുന്നതാണ് ആദ്യത്തെ സീന്‍. മദ്യപിച്ച് കുതിരപ്പുറത്ത് എത്തുന്ന കുട്ടിയപ്പന്‍ പൊലീസുകാരോട് പറയുന്നത് വണ്ടി ഓടിച്ചാലല്ലേ നിങ്ങള്‍ക്ക് കുഴപ്പം, ഞാന്‍ കുതിരപ്പുറത്താണെന്നാണ്. ഏതാണ്ട് സമാനമായ ലോജിക്ക് തന്നെയാണ് കുട്ടിയപ്പന്‍ ആനയെ മേടിക്കാന്‍ പദ്ധതിയിടുമ്പോഴും പറയുന്നത്. ‘ജീപ്പ് മുതലാകത്തില്ല ആനയാകുമ്പോ ഡീസലിന് പകരം പനയോലയും പഴവുമൊക്കെ കൊടുത്താല്‍ മതിയല്ലോ’ എന്നാണ് കുട്ടിയപ്പന്റെ ലോജിക്ക്. പക്ഷെ ആനയെ തപ്പിയിറങ്ങുമ്പോള്‍ കുട്ടിയപ്പന്റെ ഉദ്ദേശ്യം വേറെയാണ്. അത് കഥയുടെ അവസാനമാകുമ്പോള്‍ മാത്രമെ അറിയാന്‍ സാധിക്കുകയുള്ളു. അത് സസ്പെന്‍സാണ്. 

 

Leela

കുട്ടിയപ്പന്റെ നിഴല് പോലെ കൂടെ നടക്കുന്ന പിള്ളേച്ചന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്. ഭാര്യയുടെ കഠിനമായ എതിര്‍പ്പ് അവഗണിച്ചും കുട്ടിയപ്പനൊപ്പം കറക്കമാണ് പ്രധാന ജോലി. കുട്ടിയപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഞങ്ങള്‍ രണ്ടു പേരും ഭയങ്കര ബിസിയാ’, പ്രത്യേകിച്ച് പണിയൊന്നുമില്ല’. ലീല എന്ന ചെറുകഥയിലെ പോലെ തന്നെ പലസന്ദര്‍ഭങ്ങള്‍ കൂട്ടിയിണക്കിയാണ് കഥ മുന്നോട്ടു പോകുന്നത്. ഇതിനിടയില്‍ പല കഥാപാത്രങ്ങളും വന്നു പോകുന്നു, സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് കുട്ടിയപ്പനും പിള്ളേച്ചനും മാത്രമാണ്. കഥയിലെന്ന പോലെ തന്നെ കുട്ടിയപ്പന്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് സിനിമയിലും വിശദീകരിക്കാന്‍ മെനക്കെടുന്നില്ല തിരക്കഥാകൃത്ത്. അപ്പനുണ്ടാക്കിയത് മുഴുവന്‍ നശിപ്പിക്കാന്‍ ജനിച്ചവന്‍ എന്ന പിള്ളേച്ചന്റെ ഭാര്യയുടെ വിശദീകരണത്തിലൂടെ ഏതാണ്ട് ഊഹം ലഭിക്കുന്നുണ്ട്. കുട്ടിയപ്പന്റെ ബാക്ക്ഗ്രൗണ്ട് എന്താണെങ്കിലും, അതില്‍ കാര്യമില്ലെന്നും കഥയുടെ പോക്കുമായി അത് ഒത്തുപോകില്ലെന്നും തോന്നിയിട്ടാകണം അത്തരത്തിലൊരു വിശദീകരണത്തിന് മുതിരാതിരുന്നത്. എഴുത്തുകാരന്റെ ആ നിരീക്ഷണം ഏതാണ്ട് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ സ്വഭാവം. 

രണ്ടാം പകുതിക്ക് ശേഷമാണ് നായികയുടെ രംഗപ്രവേശം. ലീല എന്നത് ഒരു സാങ്കല്‍പ്പികമായ പേരാണ്. കുട്ടിയപ്പന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിലും പേര് പറയാത്തതിനാല്‍ അവന്‍ ആ പെണ്‍കുട്ടിക്ക് ഇടുന്ന പേരാണ് ലീല. ദൈന്യതയാണ് ആ പെണ്‍കുട്ടിയുടെ അടയാളം. സിനിമയില്‍ ഒരു രംഗത്തില്‍ ‘അച്ഛാ’ എന്നൊരു ശബ്ദമല്ലാതെ സംഭാഷണങ്ങള്‍ ഒന്നും തന്നെ ലീലയെ അവതരിപ്പിക്കുന്ന പാര്‍വതി നമ്പ്യാര്‍ക്കില്ല. കണ്ണുകളിലൂടെയും മുഖത്തെ ഭാവങ്ങളിലൂടെയുമാണ് ലീല നമ്മോട് സംവദിക്കുന്നത്. അച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന, അച്ഛനില്‍നിന്ന് ഗര്‍ഭിണിയാകുന്ന ദുരവസ്ഥയുള്ളൊരു പെണ്‍കുട്ടി. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തിന്റെ പ്രതിബിംബമാണ് ഈ സംഭവങ്ങള്‍. മറിച്ച്, ചില യാഥാര്‍ത്ഥ്യങ്ങള്‍ ഭാവനയുടെയും സന്ദര്‍ഭങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പുസ്തകത്തിലെ കഥയെ ദൃശ്യാവിഷ്‌ക്കരിക്കുന്നതിലേക്ക് സംവിധായകന്‍ വിജയിക്കുമ്പോള്‍ തന്നെ സൂക്ഷമമായ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. കോട്ടയത്തുകാരനായ ‘അച്ചായന്റെ’ ഭാഷ, വേഷങ്ങള്‍, ജീവിതരീതി എന്നിവ അതേപടി പകര്‍ത്തുന്നുണ്ട് കുട്ടിയപ്പനിലൂടെ. പുസ്തകത്തില്‍ പരാമര്‍ശിക്കാത്ത പലതും സിനിമയുടെ തിരക്കഥയില്‍ ചേര്‍ത്തിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇടവേളയ്ക്ക് ശേഷമുള്ള സീന്‍. 

രണ്ടാം പകുതിയുടെ തുടക്കം തന്നെ വിരമിച്ച ഏഴ് ലൈംഗിക തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങാണ്. പാരമ്പര്യമായി സമ്പന്നനായ കുട്ടിയപ്പന്‍ തന്റെ ഭ്രാന്തുകള്‍ക്ക് വേണ്ടിയാണ് പണം ചെലവഴിക്കുന്നത്. റിട്ടയേഡ് ലൈംഗിക തൊഴിലാളികള്‍ക്ക് 10,000 രൂപ വീതം നല്‍കിയാണ് കുട്ടിയപ്പന്‍ ആദരിക്കുന്നത്. ലൈംഗിക തൊഴിലാളികളെ  മോശം ഭാഷയില്‍ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനെ തിരുത്തിക്കൊണ്ട് നിങ്ങള്‍ പറയുന്നത് പൊളിറ്റിക്കലി കറക്ട് അല്ല എന്നാണ് കുട്ടിയപ്പന്‍ പറയുന്നത്. രണ്ടാം പകുതിയിലെ സംഭാഷണങ്ങള്‍ക്ക് ചില രാഷ്ട്രീയ മാനങ്ങളുണ്ട് എന്നല്ലാതെ കാഠിന്യമേറിയ രാഷ്ട്രീയ പ്രമേയമങ്ങള്‍ സിനിമ തലയില്‍ കയറ്റി വെയ്ക്കുന്നില്ല. അതേസമയം സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിലതിനോട് സിനിമ കലഹിക്കുന്നുമുണ്ട്. ലീലയുടെ പിതാവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് ജഗദീഷാണ്. മലയാള സിനിമയില്‍ ഇതുവരെ നാം കണ്ടു ശീലിച്ച അച്ഛന്‍ കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തനാണിയാള്‍. സിനിമ കണ്ടിരിക്കുമ്പോള്‍ ഇയാളോട് നമുക്ക് ദേഷ്യം തോന്നും. അതിന് അതിന്റേതായ കാരണവുമുണ്ട്. ആണിന്റെ വാക്കിന്റെ പരിധിക്ക് അപ്പുറത്തേക്ക് പോകാന്‍ പാടില്ലാത്തവളാണ് സ്ത്രീ എന്ന് ലീലയിലൂടെ കഥാകാരന്‍ പറഞ്ഞുവെയ്ക്കുമ്പോള്‍ തന്നെ അപ്പുറത്ത് ഭാര്യയുടെ വാക്കിന് അപ്പുറത്ത് പേടിയോടെ മാത്രം കടക്കുന്ന പിള്ളേച്ചന്റെ കഥാപാത്രത്തെയും വെച്ച് ബാലന്‍സ് ചെയ്യുന്നുണ്ട്. 

സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ ശ്വാസം അടക്കിപിടിച്ചാണ് കാണികള്‍ തിയേറ്ററില്‍ ഇരിക്കുന്നത്. അതുവരെ നേരിയ നര്‍മത്തിലൂടെ മാത്രം പോകുന്ന സിനിമ പെട്ടെന്ന് സീരിയസായി അവസാനിക്കുകയാണ് ചെയ്യുന്നത്. ആരെയും മുഷിപ്പിക്കാതിരിക്കുമ്പോഴും കഥ വായിച്ച് സിനിമയ്ക്ക് കയറുന്നവര്‍ക്ക് ഒരുപക്ഷെ, നിരാശയായിരിക്കും ലഭിക്കുക. പുസ്തകത്തിലെ കഥയില്‍ സിനിമയുടെ സസ്പെന്‍സ് എന്താണോ അതാണ് ആദ്യ സീന്‍. അതുകൊണ്ട് തന്നെ കഥ വായിച്ചവര്‍ക്ക് എന്താണ് നടക്കാന്‍ പോകുന്നത് എന്നൊരു ഏകദേശ ധാരണയുണ്ടായിരിക്കും. അതേസമയം കഥ വായിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ആകാംക്ഷ ഉളവാക്കുകയും ചെയ്യും. നിങ്ങള്‍ ലീല എന്ന ചെറുകഥ വായിച്ചിട്ടില്ലെങ്കില്‍ ആദ്യം സിനിമ കാണുക, എന്നിട്ട് കഥ വായിക്കുക. ഇത് രണ്ടും നിങ്ങള്‍ക്ക് നല്ല രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കും.

കുട്ടിയപ്പനായി ബിജു മേനോന്‍ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. കുട്ടിയപ്പനൊപ്പം തന്നെ പിള്ളേച്ചനായി എത്തിയ വിജയരാഘവനും നന്നായി അഭിനയിച്ചു. സംസാരമൊന്നും ഇല്ലാതെ ഭാവങ്ങളിലൂടെ മാത്രം സംസാരിച്ച പാര്‍വതി നമ്പ്യാര്‍ക്ക് തന്റെ ജീവിതത്തിന്റെ ദൈന്യത പ്രേക്ഷകനെ അറിയിക്കാന്‍ സാധിച്ചു. ദാസനായി ഇന്ദ്രന്‍സും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നര്‍മവും ദൈന്യതയും ഒരേപോലെ ആസ്വദിക്കാനാകുമെങ്കില്‍ ധൈര്യമായി ലീലയ്ക്ക് ടിക്കറ്റ് എടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here