ന്യൂയോർക്ക്: ഇന്ത്യയടക്കം 170 രാജ്യങ്ങൾ ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ചു. പാരീസ് കാലാവസ്ഥാ ഉച്ചകോടി അംഗീകരിച്ച ഉടമ്പടിയാണ് ഒപ്പുവച്ചത്. ആഗോളതാപനം തടയുന്നതിന്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്ന തീരുമാനമാണ് ഉടമ്പടിയുടെ പ്രധാന ഭാഗം. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഉടമ്പടിയിൽ ഒപ്പുവച്ചത്.

യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ അദ്ധ്യക്ഷതയിൽ ജനറൽ അസംബ്ലി ഹാളിലായിരുന്നു ചടങ്ങ്. വിവിധ രാഷ്ട്ര നേതാക്കളും മന്ത്രിമാരും വ്യവസായികളും കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. ഇത് ചരിത്ര നിമിഷമാണെന്ന് ബാൻ കി മൂൺ അവകാശപ്പെട്ടു. ഏറ്റവുമധികം രാജ്യങ്ങൾ ഒപ്പുവക്കുന്ന യു.എൻ ഉടമ്പടിയാണിത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളുടെ ഭാഗമായി വാതക പുറന്തള്ളൽ വെട്ടിക്കുറക്കുന്നത് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെക്കാൾ വ്യാവസായിക വളർച്ച കൈവരിച്ച വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്ന നിലപാട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2022നകം എല്ലാ വീടുകളിലും വൈദ്യുതിയെത്തിച്ച് സമ്പൂർണ വൈദ്യുതീകരണം സാദ്ധ്യമാക്കുമെന്ന കേന്ദ്രസർക്കാർ വാഗ്‌ദാനം നടപ്പിലാവണമെങ്കിൽ ഉൗർജ്ജോൽപ്പാദനം വൻതോതിൽ വർദ്ധിപ്പേക്കേണ്ടതുണ്ട്. 175 ജിഗാവാട്ട് വൈദ്യുതിയെങ്കിലും ഉൽപ്പാദിപ്പിക്കേണ്ടി വരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഇത് കൂടി കണക്കിലെടുക്കേണ്ടി വരും.

വികസിത രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണക്കാരെന്നും ഒരു നൂറ്റാണ്ട് കാലം നിരന്തരം അവർ നടത്തിയ കാർബൺ പുറന്തള്ളലാണ് ഇതിന് വഴിയൊരുക്കിയതെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തിയിരുന്നു. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം താരതമ്യേന കുറവാണെന്നും ജാവദേക്കർ പറഞ്ഞിരുന്നു. ചൈനയും അമേരിക്കയും ഇന്ത്യയുമാണ് കാർബൺ പുറന്തള്ളലിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ. ആഗോളതാപനില 2 ഡിഗ്രി സെൽഷ്യസിന് താഴെയാക്കി നിലനിർത്താമെന്നാണ് ഉടമ്പടിയിലെ ധാരണ. ഇംഗ്ലീഷ്, ചൈനീസ്, അറബി, ഫ്രഞ്ച്, റഷ്യൻ, സ്‌പാനീഷ് ഭാഷകളിലാണ് കരാറിന്റെ പകർപ്പുകൾ തയ്യാറാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് ആണ് കരാർ ഒപ്പ് വയ്ക്കുന്നതിന് തുടക്കം കുറിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here