വാഷിംഗ്ടണ്‍:യുഎസില്‍ വീണ്ടും തോക്കുകൊണ്ടുള്ള നരനായാട്ട്. ഒരു കുടുംബത്തിലെ എട്ടുപേരെ വെടിയേറ്റുമരിച്ച നിലയില്‍ ഓഹായോയിലെ ഗ്രാമപ്രദേശത്തെ നാലു വീടുകളിയായി കണ്ടെത്തി. പികെ കൗണ്ടിയിലെ നാലു വീടുകളിലെ അംഗങ്ങളാണ് മരിച്ചവര്‍. 16 വയസുള്ള ആണുകുട്ടിയും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും തലയ്ക്കു വെടിയേറ്റ നിലയിലായിരുന്നു. കൊലയാളിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ആരെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം വെള്ളിയാഴ്ച നടന്ന കൂട്ടക്കൊലയ്ക്കു പിന്നില്‍ ഒരാളാണെന്ന് സംശയിക്കുന്നു. കൂട്ടക്കൊലയുടെ കാരണവും വ്യക്തമല്ല. കൊലയാളിയും ഇവര്‍ക്കൊപ്പം മരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വീടുകളിലെ അവസ്ഥ വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറം ഭീകരമാണെന്ന് ഒഹായോ ഗവര്‍ണറും റിപബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരരംഗത്തുള്ള ആളുമായ ജോണ്‍ കാസിക് ട്വീറ്റ് ചെയ്തു. ഉറങ്ങിക്കിടക്കുമ്പോള്‍ വെടിയേറ്റ നിലയിലാണ് പല ഇരകളും. നാല് ദിവസം മാത്രം പ്രായമുള്ള രണ്ടു കുട്ടികളും ഒരു ആറുമാസക്കാരനും മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് രക്ഷപെട്ടത്. പരുക്കേറ്റനിലയില്‍ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചതായി പികെ കൗണ്ടി ഷെരീഫ് ചാള്‍സ് റീഡര്‍ പറഞ്ഞു.

തോക്കുനിയന്ത്രണ നിയമത്തിനുവേണ്ടി യുഎസ് ഭരണകൂടം ശ്രമം തുടരുന്നതിനിടെയാണ് ഇത്തരം കൂട്ടക്കൊലകള്‍. കഴിഞ്ഞ 17 നാണ് ഫിലഡല്‍ഫിയയില്‍ അഞ്ചു വയസ്സുകാരന്‍ നാലു വയസ്സുള്ള സഹോദരിയെ വെടിവച്ചു കൊന്നത്. പെണ്‍കുട്ടിയുടെ മുഖത്താണ് വെടിയേറ്റത്. തല്‍ക്ഷണം മരിച്ചു. ബാലികയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സെമി ഓട്ടമാറ്റിക് പിസ്റ്റല്‍ പൊലീസ് കണ്ടെടുത്. നിയമപരിഷ്‌കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നതിനിടെ രാജ്യത്ത് തോക്കുകൊണ്ടുള്ള അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here