കൊച്ചി: 2018 സിനിമയുടെ ഒ ടി ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ച് ഫിയോക്. നാളെയാണ് സിനിമ ‘സോണിലിവിൽ’ എത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കരാർ ലംഘിച്ചുകൊണ്ടാണ് 2018 ഒ ടി ടിയിൽ റിലീസ് ചെയ്യുന്നുവെന്നതാണ് പ്രതിഷേധത്തിന്റെ കാരണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ട് മാത്രമേ ഒ ടി ടിയിൽ റിലീസ് ചെയ്യാവൂ എന്നതാണ് സിനിമാ നിർമാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ധാരണ. എന്നാൽ പുറത്തിറങ്ങി 33ാം ദിവസമാണ് 2018 ഒ ടി ടി പ്ളാറ്റ്‌ഫോമിലെത്തുന്നത്. നാളെയും മറ്റെന്നാളും സിനിമ കാണാൻ ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. എന്നാൽ തിയേറ്ററുകൾ അടച്ചിടില്ലെന്നും പ്രദർശനം തുടരുമെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.

2018ൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രം മികച്ച വിജയം നേടി മുന്നേറുന്നതിനിടെയാണ് ഒ ടി ടിയിൽ എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. വേണു കുന്നപ്പിള്ളി, സി കെ, പദ്‌മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here