ലഖ്നോ: രാമായണത്തെ ആസ്പദമാക്കി പാൻ-ഇന്ത്യൻ സിനിമയായി ഇറങ്ങിയ ‘ആദിപുരുഷിന്റെ’ നിർമാതാക്കളെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സിനിമയിലെ ചില വിവാദ സംഭാഷണങ്ങൾ സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

സിനിമ കണ്ടിട്ട് ആളുകളുടെ ക്രമസമാധാന നില തെറ്റാതിരുന്നത് നന്നായി. ഹനുമാനും സീതയും ഒന്നുമല്ല എന്ന മട്ടിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും കാണിച്ച് ഇത് രാമായണമല്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. രാജ്യത്തെ ജനങ്ങൾ മസ്തിഷ്കം ഇല്ലാത്തവരെന്ന് കരുതിയോ എന്നാണ് കോടതി ചോദിച്ചത്.

ആദിപുരുഷ്’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുൽദീപ് തിവാരിയാണ് ഹർജി സമർപ്പിച്ചത്. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമയിൽ സഹ എഴുത്തുകാരനായിരുന്ന മനോജ് മുൻതാഷിർ ശുക്ലയെ കൂടി കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ച കോടതി, ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ നോട്ടീസ് അയച്ചു.

സെൻസർ ബോർഡ് എന്ന് വിളിക്കുന്ന ഫിലിം സർട്ടിഫിക്കേഷൻ അതോറിറ്റി അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ സംഭാഷണങ്ങൾ നീക്കം ചെയ്തതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്താണ് ചെയ്യുന്നതെന്ന് സെൻസർ ബോർഡിനോട് ചോദിക്കാൻ കോടതി ഡെപ്യൂട്ടി എസ്ജിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here