ഇടുക്കി / കട്ടപ്പന. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവവുമായി ദിലീപ് ചിത്രം:’തങ്കമണി’ വീണ്ടും സിനിമയാകുന്നു;
1986 കാലഘട്ടങ്ങളില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും സിനിമയാകുന്നു. ദിലീപാണ് ചിത്രത്തിലെ നായകൻ. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും സംവിധാനവും നിര്‍വഹിക്കുന്നത് രതീഷ് രഘുനന്ദനാണ്. ദിലീപിന്റെ നൂറ്റിനാല്‍പ്പത്തിയെട്ടാമത്തെ ചിത്രമായ “തങ്കമണി” യുടെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെറിയ ഗ്രാമവും അവിടെയുണ്ടായ വെടിവെപ്പിനെയുമാണ് കാണിക്കുന്നത്. ഇടുക്കി ജില്ലയില്‍ 1986ലുണ്ടായ പോലീസ് വെടിവെപ്പിനെ വെള്ളിത്തിരയിലെത്തിക്കുകയാണ് രതീഷ് തന്റെ പുതിയ ചിത്രമായ ‘തങ്കമണി’യിലൂടെ.
::: ചരിത്രം:::
ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന ചെറിയ ഒരു ഗ്രാമം. അവിടെ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ ഒരു തര്‍ക്കം. അതാണ് കേരളത്തെ തന്നെ പിടിച്ച് ഉലച്ച തങ്കമണി വെടിവെപ്പിലേക്ക് എത്തിച്ചത്. മലയോര ഗ്രാമമാണ് തങ്കമണി. ഇവിടുത്തെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത് കട്ടപ്പന പട്ടണത്തെയാണ്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠനം നടത്തിയിരുന്നതും കട്ടപ്പനയിലെത്തിയാണ്. കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാന്‍ ചുരുക്കം ബസുകള്‍ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്.
ഗ്രാമീണ മേഖലയായിരുന്നതുകൊണ്ട് തന്നെ കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്കുള്ള റോഡും മോശമായിരുന്നു. ഇവിടേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ‘എലൈറ്റ്’ ബസ് തങ്കമണിയിലേക്ക് എത്തിയിരുന്നില്ല. തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ തങ്കമണി വരെയുള്ള പണവും നല്‍കേണ്ടിയിരുന്നു. ബസ് ജീവനക്കാരുടെ ഈ നടപടിയെ ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. ഇതാണ് വെടിവെപ്പിലേക്ക് എത്തിച്ച സംഭവങ്ങളുടെ തുടക്കം.
തങ്കമണി ടൗണ്‍ വരെ ടിക്കറ്റ് എടുത്ത സാഹചര്യത്തില്‍ അവിടെ വരെ ബസ് എത്തിക്കണമെന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ബസുമായി ജീവനക്കാര്‍ മടങ്ങി പോകുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബസ് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാട്ടുകാരും കൂടി ചേര്‍ന്ന് ബലമായി ബസ് തങ്കമണി ടൗണിലെത്തിച്ചു. ബസുടമ ദേവസ്യയും ജീവനക്കാരും ചേര്‍ന്ന് ബസ് തിരികെ കൊണ്ടുപോകുന്നതിന് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി. പോലീസും നാട്ടുകാരും തമ്മിലും സംഘര്‍ഷമായി. നാട്ടുകാര്‍ പോലീസ് എയ്ഡ് പോസ്റ്റ് കത്തിച്ചു. മര്‍ദ്ദനമേറ്റ പോലീസുകാര്‍ മടങ്ങി പോയെങ്കിലും രാത്രി വീണ്ടും എത്തി. വീടുകള്‍ തോറും കയറി ആളുകളെ ക്രൂര മര്‍ദ്ധനത്തിനിരയാക്കി. സ്ത്രീകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
പോലീസിന്റെ നരനായാട്ട്
1986 ഒക്ടോബര്‍ 22 നായിരുന്നു തങ്കമണി വെടിവെപ്പ്. സംഘടിച്ചെത്തിയ പോലീസ് നാട്ടുകാര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പില്‍ തങ്കമണി സ്വദേശിയായ കോഴിമല അവറാച്ചന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഡി. ശ്രീദേവിയെ കമ്മീഷനായി നിയമിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. പോലീസ് മാനഭംഗത്തിനിരയാക്കിയെന്ന് കമ്മീഷന് സ്ത്രീകള്‍ മൊഴി നല്‍കി. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ നടപടി കാര്യമായി ഉണ്ടായില്ലായെന്നതാണ് വസ്തുത.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി
1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് തങ്കമണിയില്‍ വെടിവെപ്പുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. തങ്കമണി വെടിവെപ്പ് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടു. ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.

കേരള രാഷ്ടിയത്തെ പിടിച്ചു കുലുക്കിയ സംഭവവുമായി . ദിലിപ് ചിത്രം – തങ്കമണി.
-
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...