പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു വേണ്ടി ധനശേഖരണാര്‍ഥം താര സംഘടനയായ ‘അമ്മ’യും ചേര്‍ന്നു നടത്താനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി റദ്ദാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ അണിനിരന്ന ഷോ റദ്ദാക്കാന്‍ കാരണം സ്‌പോണ്‍സര്‍മാര്‍ തമ്മിലെ സാമ്പത്തിക പ്രശ്‌നങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഷോ നടക്കേണ്ട സ്റ്റേഡിയത്തിന്റെ വാടക സ്‌പോണ്‍സര്‍മാര്‍ പൂര്‍ണമായി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അധികൃതര്‍ സ്റ്റേഡിയം പൂട്ടുകയായിരുന്നു.

പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഷോ കാണാനെത്തിയവരുടെ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലും അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉറപ്പ് നല്‍കുകയായിരുന്നു. സ്‌പോണ്‍സര്‍മാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകള്‍ പോലും ട്രാവല്‍ ഏജന്‍സികള്‍ റദ്ദാക്കി. നിര്‍മാതാക്കളാണ് പണം മുടക്കി താരങ്ങളെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തുന്നത്.

കോടികളുടെ നഷ്ടമാണ് ഷോ റദ്ദാക്കിയതു മൂലം ഉണ്ടായത്. താരങ്ങളുടെ പരിശീലനത്തിനും യാത്രയ്ക്കും മാത്രമായി പത്ത് കോടിയോളം രൂപ ചെലവായിരുന്നു. ഇതോടെ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കായി അമ്മ ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാമെന്ന് ധാരണയായിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഷോ നിര്‍ത്തിവക്കുന്നത്. കഴിഞ്ഞ നവംബര്‍ 17 ന് ദോഹയിലായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷോ നിര്‍ത്തിവക്കുന്നതിന് സര്‍ക്കാര്‍ ഉത്തവിറക്കുകയായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷോ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here