വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ഇനിയും മറ്റുള്ളവരിലൂടെ ജീവിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ഡാനിയല്‍ ബാലാജി അന്തരിച്ചത്. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് നടന്‍ നേരത്തെ സമ്മതം നല്‍കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും. നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഡാനിയല്‍ ബാലാജി, മലയാളം, തെലുങ്ക്, കന്നട സിനിമകളിലും പ്രത്യേക സാനിധ്യമായിട്ടുണ്ട്. കമല്‍ ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ ‘മരുതനായകത്തി’ല്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.

ഒരു തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നടന്റെ വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകള്‍ നേടിയിട്ടുണ്ട്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി ഡാനിയല്‍ ബാലാജി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ‘ഭഗവാന്‍’, മമ്മൂട്ടിയുടെ ‘ഡാഡി കൂള്‍’ തുടങ്ങിയ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here