ഫ്രാൻസിസ് തടത്തിൽ 
 
 
ന്യൂജേഴ്‌സി: കോളേജ് വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയം പയറ്റിയ തട്ടകത്തിലേക്ക് നിയമസഭ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ക്ഷണം ലഭിച്ചിരിക്കുകയാണ് അമേരിക്കൻ മലയാളിയായ ഡോ. എസ് എസ്. ലാലിന്. യു.ഡി.എഫിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രവാസിക്ക് സീറ്റ് നൽകുന്നതും ആദ്യമായാണ്.
 
കേരളത്തിലെ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി മാറുന്ന കഴക്കൂട്ടം മണ്ഡലത്തിൽ നിന്നാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്. ഒ)യുടെ ഉന്നത സ്ഥാനം അലങ്കരിച്ചിട്ടുള്ള ഡോ.എസ്. എസ്. ലാൽ ജനവിധി തേടുന്നത്. എതിരാളിയാകട്ടെ എൽ.ഡി.എഫ്. മന്ത്രി സഭയിലെ ഉന്നതനായ മന്ത്രി കടകംപള്ളി സുരേന്ദ്രനും. ബി.ജെ.പിയും ശക്തനായ ഒരു നേതാവിനെ മത്സരിപ്പിക്കാനൊരുങ്ങുന്ന മണ്ഡലമാണിത്. നേരത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പേര് ഇവിടെ കേട്ടിരുന്നുവെങ്കിലും അദ്ദേഹം പിന്മാറിയതായിട്ടാണ് അറിയുന്നത്. 
 
വാഷിംഗ്‌ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് ഇന്റർനാഷണൽ (FHI 360)എന്ന അന്താരാഷ്ട്ര തലത്തിലുള്ള  സംഘടനയിൽ ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടർ (സംഘടനയുടെ ഏറ്റവും ഉന്നത പദവി) സ്ഥാനത്തു നിന്ന് 5 മാസം മുൻപ് രാജി വച്ച് കേരളത്തിലെത്തിയ അദ്ദേഹം ഡോ ശശി തരൂർ ദേശീയ അധ്യക്ഷനായ നാഷണൽ പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് ആയി ചുമതല ഏറ്റിരുന്നു. തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ  ശ്രദ്ധേയനായ ലാലിനെപ്പോലെ ഒരാൾ രാജി വച്ച് പ്രൊഫഷണൽ കോൺഗ്രസിന്റെ ചുമതലയേറ്റപ്പോൾ തന്നെ ചിത്രങ്ങൾ ഏറെക്കുറെ വ്യക്തമായിരുന്നു. 
 
ആരാണ് ഡോ എസ്.എസ് ലാൽ? യു.ഡി.എഫിൽ നിന്ന് സ്ഥാനാർഥിമോഹികളായ ചിലരെങ്കിലും സംശയമുന്നയിച്ചിട്ടുണ്ടാകാം. എന്നാൽ യു.ഡി. എഫ് അല്ല, മറിച്ച് തന്റെ സ്ഥാനാത്ഥിത്വത്തിൽ വിറളിപൂണ്ട ഇടതു മുന്നണി നേതാക്കന്മാർ നടത്തുന്ന നാടകമാണതെന്ന് വ്യകതമായതായി ഡോ. ലാലും പറയുന്നു. കാരണം അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചുവെന്ന് പറയുന്ന നേതാക്കന്മാർ തന്നെ അത് നിരസിക്കുക മാത്രമല്ല അദ്ദേഹത്തിന് വേണ്ടി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ആ നിലയ്ക്ക് ആരോപണങ്ങളുടെ സൂത്രധാരകർ ആരെന്നു അദ്ദേഹം പറയാതെ വ്യക്തമാക്കുന്നു.
 
ഇനി ഡോ. എസ് എസ് ലാൽ ആരെന്ന് അറിയാത്തവരെ പരിചയപ്പെടുത്താം. അദ്ദേഹത്തെ വിദശദമായി അറിയാൻ അദ്ദേഹവുമായി കേരള ടൈംസ് ന്യൂസ് ചാനൽ നടത്തിയ അഭിമുഖവും കാണുക.
 
കേരളത്തിലെ ഏറ്റവും വലിയ കാലാലയങ്ങളിലൊന്നായ തിരുവന്തപുരം യൂണിവേർഴ്‌സിറ്റി കോളേജിൽ നടന്ന കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ്. എസ്.എഫ്.‌ ഐക്കാരുടെ ചെങ്കോട്ടയായ അവിടെ കെ. എസ്.യു.ക്കാർ ഒരു സീറ്റു പോലും ജയിക്കാതിരുന്ന സാഹചര്യത്തിലാണ് അന്ന് ബി.എസ്സി വിദ്യാർത്ഥിയായിരുന്ന എസ്.എസ്. ലാൽ എന്ന പീക്കിരി പയ്യൻ  കെ.എസ് യൂ. പാനലിൽ ചെയർമാൻ ആയി മത്സരിക്കുന്നത്. കാലാകാലങ്ങളായി എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്ന കെ.എസ്.യുക്കാർ എട്ടുനിലയിൽ പൊട്ടുന്ന കാലത്ത് ലാൽ എന്ന കെ.എസ്.യുക്കാരനെ അത്ര നിസാരനായി കാണാൻ എസ്.എഫ്.ഐ നേതൃത്വത്തിന് കഴിഞ്ഞില്ല. അത്രമേൽ ബന്ധങ്ങളും സ്വീകാര്യതയുമായിരുന്നു അവിടെ ലാലിനുണ്ടായിരുന്നത്.
 
അന്നൊക്കെ അവിടെ കെ.എസ്എം യു. സ്ഥാനാർത്ഥികൾ ആകുന്നവർ തല്ലുകൊള്ളുമെന്ന കാര്യം ഉറപ്പാണ്. സംഘർഷം ഉണ്ടാകുമ്പോൾ തല്ലുകൊള്ളാതെ മുങ്ങാൻ കഴിവുള്ളതിനാൽ ഡോ. ലാലീന് അടിയൊന്നും കാര്യമായി കൊള്ളേണ്ടി വന്നിട്ടില്ല. ഒടുവിൽ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എസ്.എഫ്.ഐ. പാനലിൽ മത്സരിച്ച ചെയർമാൻ സ്ഥാനാർഥി ഒഴികെ എല്ലാവരും തോറ്റു. ലാലിൻറെ വിജയം അവർക്ക് ദഹിച്ചില്ല. അവർ റീകൗണ്ട് ചെയ്യാൻ തീരുമാനിച്ചു. .ഒന്നല്ല. നാലുവട്ടം! ഓരോ  തവണ വോട്ടെണ്ണുമ്പോഴും ലാലിന്റെ  ഭൂരിപക്ഷം കൂടിക്കൊണ്ടിരുന്നു. ഒടുവിൽ അവർ സുല്ലിട്ടു. 
 
അങ്ങനെ ലാൽ 46 വോട്ടിനു ജയിച്ചു. 1982 ലാണ് ആ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാരെയും കെ.എസ്. യുവിനെയും സംബന്ധിച്ച് ആ ചരിത്ര സംഭവം ആയി മാറിയ തെരെഞ്ഞെടുപ്പ് നടന്നത്. കോളേജ് യൂണിയൻ ചെയർമാൻ ആയി.എം. എം. ഹസ്സനുശേഷം യണിവേഴ്സിറ്റി കോളേജിന്റെ ചരിത്രത്തിൽ  ആദ്യമായാണ് കെ.എസ് യൂവിനു വീണ്ടും അവിടെ ഒരു ചെയർമാനുണ്ടാകുന്നത്. ഒട്ടേറെ ഉദ്വേഗജനകമായ കാര്യങ്ങളായിരുന്നു അന്നത്തെ തെരെഞ്ഞെടുപ്പിൽ അരങ്ങേറിയതെന്ന് അദ്ദേഹം അഭിമുഖത്തിൽ ഇന്നലെകളിൽ നടന്നതെന്നതുപോലെ വിവരിക്കുന്നത്.
 
ജയിച്ചു കഴിഞ്ഞപ്പോൾ എസ് എഫ്.ക്കാർക്കുംസുസമ്മതനായി മാറിയ ലാൽ പിന്നീട് അവിടെ നടത്തിയ പ്രവർത്തനങ്ങളാകാം അക്കാലത്ത് അദ്ദേഹത്തിന്റെ ജൂനിയർ ആയിരുന്ന എസ്.എഫ്. ഐ. പാനലിലെ വൈസ് ചെയർമാൻ ആയിരുന്ന മിനി എന്ന അദ്ദേഹത്തിന്റെ ഒരു ഉറ്റ സുഹൃത്ത് ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിച്ചത്.” ഡോ.എസ്.എസ്.ലാൽ എന്ന എന്റെ അൽമാർത്ഥ സുഹൃത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരിയായി ജനിച്ച് കമ്മ്യൂണിസ്റ്റുകാരിയായി ഇപ്പോഴും ജീവിക്കുന്ന ഞാൻ അപേക്ഷിക്കുമായാണ് അദ്ദേഹത്തിന് വോട്ടുചെയ്തു വിജയിപ്പിക്കണം.”- ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു. അതേക്കുറിച്ച് അഭിമുഖത്തിൽ വളരെ രസകരമായ കാര്യങ്ങൾ പറയുന്നുണ്ട്. -അതിനായി അഭിമുഖം കാണുക.
രാഷ്ട്രീയവും പൊതു പ്രവർത്തനങ്ങളുമൊന്നും യാദൃശ്ചികമായി കടന്നുവന്നതില്ല, മറിച്ച് ജീവിച്ചുവളർന്ന ജീവിത സാഹചചര്യങ്ങൾ അദ്ദേഹത്തെ അങ്ങനെയാക്കി മാറ്റിയതാണ്.തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെക്കുറിച്ചു വിവരിക്കുമ്പോൾ വാചാലനായ അദ്ദേഹം ഓർമ്മയുടെ ചെപ്പുകൾ തുറന്നു: താൻ ഓർമ്മ വച്ച കാലം മുതൽ കാണുന്നത് അച്ഛൻ പ്രസംഗിക്കുന്നതാണ്.  എൻ ജി ഒ അസോസിഷൻ  യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അച്ഛൻ.ഗസറ്റഡ് ഓഫീസർ ആയപ്പോഴേക്കും ഗസറ്റഡ് ഓഫീസർസ്  അസോസിയേഷന്റെ യൂണിയൻ സ്ഥാപിച്ചതു തന്നെ തന്റെ അച്ഛനായിരുന്നു.- അദ്ദേഹം പറയുന്നു.
 
സ്കൂളിൽ പഠിക്കുമ്പോൾ നാലാം ക്ലാസ്ൽ മുതൽ സ്കൂൾ ലീഡർ ആയിരുന്ന ലാൽ ഹൈസ്കൂളിൽ വച്ച് തന്നെ കെ.എസ്.യുവിൽ അംഗത്വമെടുത്തു. പ്രീഡിഗ്രി മാർ ഇവാനിയോസ് കോളേജിൽ ആയിരുന്നു. അവിടെ വച്ചാണ് കൂടുതൽ കെ.എസ്.യു.രാഷ്ട്രീയം കളിക്കുന്നത്. രാഷ്ട്രീയം കുറച്ചു കൂടി പോയതിനാലാകാം പ്രീഡിഗ്രിക്ക് മാർക്കൽപ്പം കുറഞ്ഞുപോയി. അക്കാലത്ത് എം.ബി.ബി.എസിനു അഡിമിഷൻ മാർക്ക് അടിസ്ഥാനത്തിലായതിനാൽ മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. എന്നാൽ ബി.എസ് സി കഴിഞ്ഞപ്പോഴേക്കും മെഡിസിന് അഡ്മിഷൻ കിട്ടണമെങ്കിൽ എൻട്രൻസ് പരീക്ഷ എഴുതണമെന്നായി. 
 
ആദ്യ കാലത്ത് ബി.എസ്സിക്കു ചേർന്നത് വലിയ നഷ്ട്ടമായതായി തോന്നിയിരുന്നു. യണിവേഴ്സിറ്റി കോളേജിൽ ചേർന്നു പഠിച്ചതോടെയാണ് കോളേജ് യൂണിയൻ ചെയർമാൻ അകാൻ ഭാഗ്യം ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടായത് തന്നെ യണിവേഴ്സിറ്റി കോളേജിലെ 3 വർഷത്തെ പഠനമാണ്. ബി.എസ് കഴിഞ്ഞു തിരവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേർന്നു. അവിടെയും കോളേജ് യൂണിയൻ ചെയർമാൻ ആയി. ഒരു പക്ഷെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന ഒരാൾ മെഡിസിന് ചേരുന്നത് അക്കാലത്ത് ആദ്യമായിട്ടായിരിക്കും.- ഡോ. ലാൽ പറയുന്നു.
 
യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തെരെഞ്ഞെടുപ്പിനെക്കുറിച്ച് ഒരു ക്രൈം ത്രില്ലർ സിനിമയിലെ ഒരു കഥ പറയുന്നതു പോലെയാണ് ഡോ. ലാൽ അഭിമുഖത്തിൽ വിവരിക്കുന്നത്. അഭിമുഖം കാണുക.
 
തന്റെ ജീവിതത്തിലെ കളിപ്പാട്ടങ്ങൾ സിറിഞ്ചുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളുമായിരുന്നു. അച്ഛനുമമ്മയും പുതുജനാരോഗ്യരംഗത്ത് ജോലി ചെയ്തിരുന്നതിനാൽ സിറിഞ്ചുകളും മറ്റും വീട്ടിൽ കൊണ്ടുവരുമായിരുന്നു. അവയായിരുന്നു തന്റെ കളിപ്പാട്ടങ്ങൾ. വാടക വീട്ടുവളപ്പിലെ വാഴകളിലും പാപ്പയകളിലുമൊക്കെ കുത്തി വയ്പ്പുകൾ നടത്തുകയായിരുന്നു കുട്ടിക്കാലത്തെ തന്റെ പ്രിയപ്പെട്ട വിനോദമെന്ന് അദ്ദേഹം പറയുന്നു.
 
മെഡിസിന് പഠിച്ചിരുന്നപ്പോൾ ദൂരദർശനിലെ ആങ്കർ ആയി ലഭിക്കേണ്ടിയിരുന്ന ജോലി കുറുത്ത നിറമായിപ്പോയി എന്ന കാരണത്താൽ നിഷേധിക്കപ്പെട്ടുവെന്നു പറഞ്ഞ അദ്ദേഹം ഈ കറുത്ത നിറം  (വർണ വിവേചനം) തന്റെ പ്രൊഫെഷണൽ ജീവിതത്തിൽ വരെ ഒട്ടേറെ ദുരനുഭവങ്ങൾ ഉളവാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. 
 
വിവേചനനങ്ങളെയോ പരാജയങ്ങളെയോ വെറുതെ അങ്ങ് വിട്ടുകൊടുക്കാൻ മനസില്ലാത്ത അദ്ദേഹം ദൂരദർശനിലെ പണി നഷ്ടപ്പട്ടത്തിനു 10 വർഷത്തിന് ശേഷം  മധുരമായി അതിനു പകരം വീട്ടി. ഏഷ്യാനെറ്റ് തുടങ്ങിയ കാലത്ത് ആങ്കർമാരെ ആവശ്യമുണ്ടെന്ന് വന്ന പരസ്യം കണ്ട്  ജോലിക്കപേക്ഷിച്ചു. ഡോക്ടർ ആയതിനുശേഷം അപേക്ഷിച്ച ആ ജോലിയുടെ  ഇന്റർവ്യൂവിനു ചെന്നപ്പോൾ ഇന്റർവ്യൂ പാനലിലുൻ ണ്ടായിരുന്ന എഡിറ്റർ  ശിശികുമാർ ഉൾപ്പെടയുള്ള പലരും അത്ഭുതപ്പെട്ടു. എന്തായാലും ദൂരദർശൻ തഴഞ്ഞ എസ്.എസ്. ലാൽ എന്ന ആങ്കർ ഏഷ്യാനെറ്റിൽ ‘പൾസ്’ എന്ന പേരിൽ 500 എപ്പിസോഡുകളിൽ ആയി ഒരു ആരോഗ്യ പരമ്പര തന്നെ ചെയ്തു കൊണ്ടാണ് അന്നത്തെ വർണ വിവേചനത്തിന് തക്കതായ മറുപടി നൽകിയത്. 
 
തന്റെ ഔദ്യോഗിക ജീവിതത്തിലും നേരിട്ട സമാനമായ വർണ വിവേചനങ്ങളെ തന്റെ കഴിവിന്റെയും സമർത്ഥ്യത്തിന്റെയും മികവിൽ തിരിച്ചുപിടിച്ചതായും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. തന്റെ പ്രഫഷണൽ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രതിബന്ധങ്ങളെയെല്ലാം അനായാസം തരണം ചെയ്ത അദ്ദേഹം തന്റെ ചിരകാലാഭിലാഷമായിരുന്ന ലോകാരോഗ്യസംഘടനയിൽ (ഡബ്ല്യു.എച്ച്.ഒ) എത്തിപ്പെടുക എന്ന ലക്ഷ്യത്തിൽ എത്തിപ്പെടുക മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര തലത്തിൽ അനവധി  ലോക രാജ്യങ്ങളുടെ പൊതുജനാരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവരുടെ തലവൻ വരെയായിക്കഴിഞ്ഞു.  ആ യാത്ര അവസാനിച്ചത് അനേകം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ  വരെ എത്തി നിൽക്കുകയാണിതുവരെ. 
 
അതേക്കുറിച്ച് നാളെ (തുടരും…)

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here