ജോര്‍ജിയ, അറ്റ്‌ലാന്‍ഡ മലയാളി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ നടത്തിയ മീറ്റ് & ഗ്രീറ്റ് പരിപാടി വളരെ ശ്രദ്ധേയമായി. യുഎസ് മെമ്മോറിയല്‍ ഡേയുടെ അനുസ്മരണവും അഭിവാദ്യങ്ങളും അര്‍പ്പിച്ചുകൊണ്ട് ഡോ. ബാബു സ്റ്റീഫന്റെ വാക്കുകളിലൂടെ:
2023 മെയ് 27ല്‍ അറ്റ്‌ലാന്‍ഡയിലുള്ള മുഴുവന്‍ മലയാളി സംഘടനാ നേതാക്കളേയും മത നേതാക്കളേയും ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ അത്താഴ വിരുന്നില്‍ മലയാളി സമൂഹത്തെ ചിന്തിപ്പിക്കുവാനും മലയാളികള്‍ ഒരു ശക്തിയായി മുന്നേറുവാനും ഡോ. ബാബു സ്റ്റീഫന്‍ ആഹ്വാനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനു ശേഷം അറ്റ്‌ലാന്‍ഡയില്‍ നടത്തിയ അദ്ദേഹത്തിന്റെ സംഭാഷണം വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഈ നാടിനും ജന്മനാടിനും നന്മ ചെയ്യുന്ന മലയാളി സമൂഹത്തേയും സംഘടനാ നേതാക്കളേയും പ്രത്യേകം അഭിനന്ദിച്ചു.
ഇന്ന് അമേരിക്കയില്‍ ഏതാണ്ട് അഞ്ച് മില്യണ്‍ ഇന്ത്യക്കാര്‍ ബിസിനസിലും ആരോഗ്യ രംഗത്തും ഹോസ്പിറ്റാലിറ്റി, ഐടി തുടങ്ങി നിരവധി മേഖലകളിലും മെച്ചപ്പെട്ട സേവനം ചെയ്യുന്നു. ഏതാണ്ട് ഒരു മില്യണിന് മുകളില്‍ മലയാളി സമൂഹം യുഎസ്എയില്‍ വ്യത്യസ്ഥങ്ങളായ പല മേഖലകളിലും കഴിവുകള്‍ തെളിയിച്ച് ഉയര്‍ന്ന സാമൂഹിക ബോധത്തോടും ഉയര്‍ന്ന ചിന്താഗതിയോടും കൂടെ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നു. മലയാളികളുടെ ഈ അര്‍പ്പണ ബോധം സത്യത്തില്‍ എന്നെ കോരിത്തരിപ്പിക്കുകയും മലയാളി എന്നതില്‍ അഭിമാനിപ്പിക്കുകയും ചെയ്യുന്നു.
ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിരവധി മലയാളി സംഘടനാ നേതാക്കളുമായി മീറ്റ് ചെയ്യാനും ആശയവിനിമയം നടത്തുവാനും എനിക്ക് സാധിച്ചു. നാടിനു വേണ്ടി ഒരുമയോടെ കൈകോര്‍ത്തിറങ്ങുന്ന വിവിധ സംഘടനാ നേതാക്കളുമായി സംസാരിച്ചതിലൂടെ യുഎസിലുള്ള എല്ലാ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ യുഎസ് മലയാളി സംഘടന ലോകത്ത് തന്നെ മുന്നിട്ടു നില്‍ക്കുന്ന വന്‍ ശക്തിയായി മാറും എന്നതില്‍ സംശയമില്ല. ഈ രാജ്യത്തും നമ്മുടെ നാടിനു വേണ്ടി അമേരിക്കന്‍ മലയാളികളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുവാനും യുഎസ് ഗവണ്‍മെന്റിലും കേരളാ ഗവണ്‍മെന്റിലും നിരവധി മാറ്റങ്ങള്‍ കൊണ്ടു വരാനും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ യുഎസ് മലയാളികള്‍ ഒരു വന്‍ ശക്തിയായി മാറും. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ സദസ്സിലുണ്ടായിരുന്നവരെ ചിന്തിപ്പിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രചോദനമുണ്ടാക്കുകയും ചെയ്തു. ഹര്‍ഷാരവത്തോടെയാണ് സദസ്സ് അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here