മാധ്യമപ്രവര്‍ത്തകന്‍, ക്യാമറാമാന്‍, സഞ്ചാരി, ഇവന്റ് കോര്‍ഡിനേറ്റര്‍, യൂട്യൂബ് വ്‌ലോഗര്‍, നല്ലൊരു കര്‍ഷകന്‍, കുടുംബനാഥന്‍, സുഹൃത്ത് അങ്ങനെ പലതരം റോളുകളില്‍ ഒരേസമയം പെര്‍ഫോം ചെയ്യുന്നൊരാള്‍ അതാണ് ഒരൊറ്റവാചകത്തില്‍ ഷിജോ പൗലോസ് എന്ന മനുഷ്യന്‍. രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ മാധ്യമ പുരസ്‌കാരം ഷിജോ പൗലോസിന് അര്‍ഹതപ്പെട്ട അംഗീകാരമാണ്. അമേരിക്കന്‍ മലയാളി സമൂഹത്തിനിടയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മാധ്യമപ്രവര്‍ത്തകരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

എറണാകുളത്തെ കൊറ്റമം ഗ്രാമത്തില്‍ തുടങ്ങി ന്യൂജഴ്‌സിയിലെ ന്യൂമില്‍ഫോഡ് കൗണ്ടി വരെ നീളുന്ന ആ ജീവിത അന്‍പതാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഷിജോയെ അറിയുന്ന ആര്‍ക്കും അദ്ദേഹത്തെ ഒരൊറ്റ വാക്കില്‍ പറഞ്ഞു കാണിക്കാനാവില്ല. കാരണം ഏറ്റെടുക്കുന്ന ചുമതല എന്തായാലും ഇടപെടേണ്ടി വരുന്ന മനുഷ്യര്‍ ആരായാലും ഏറ്റവും ആത്മാര്‍ത്ഥയോടെ ദൗത്യം പൂര്‍ത്തീകരിക്കുകയും ഒപ്പമുള്ള മനുഷ്യര്‍ക്കെല്ലാം തണലായി മാറുകയും ചെയ്യുന്നതാണ് ഷിജോയുടെ രീതി. ഒറ്റനോട്ടത്തില്‍ ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ് ഈ മനുഷ്യന്റെ ജീവിതം.

നാട്ടിലൊരു വ്യാപാരിയായിരുന്ന ഷിജോ പൗലോസ് ന്യൂജഴ്‌സി പോലൊരു മഹാനഗരത്തിലേക്ക് വരുന്നു. ക്യാമറ കൈകാര്യം ചെയ്യാനറിയാത്ത മനുഷ്യന്‍ അതിനോടുള്ള കൗതുകവും സ്‌നേഹവും കൊണ്ടു മാത്രം പലരോടും ചോദിച്ചും സ്വയം നിരീക്ഷിച്ചും ക്യാമറ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നു. ശാലോം ടിവിയുടെ ക്യാമറാമാനായി അമേരിക്കന്‍ ജീവിതത്തിന് തുടക്കം. പിന്നീട് ഏഷ്യാനെറ്റിലേക്കും ഏഷ്യാനെറ്റ് ന്യൂസിലേക്കും എത്തി. അമേരിക്ക ഈ ആഴ്ച, യുഎസ് വീക്കിലി റൗണ്ടപ്പ് എന്നീ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇന്ത്യന്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ യു.എസ് സന്ദര്‍ശനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

തന്റെ യൂട്യൂബ് ചാനലിലൂടെ അമേരിക്കന്‍ ജീവിതത്തില്‍ കാണാപ്പുറങ്ങളിലേക്ക് ഷിജോ തന്റെ കാഴ്ചക്കാരെ കൊണ്ടു പോയി. മെക്‌സിക്കോ അതിര്‍ത്തിയടക്കം പല അപകടമേഖലകളിലും അഭയാര്‍ത്ഥി ക്യാംപുകളിലും ഷിജോ എത്തി. അത്തരം അവസരങ്ങളില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍, സഞ്ചാരി എന്നതിനപ്പുറം ഒരു മനുഷ്യസ്‌നേഹി എന്ന തലത്തില്‍ ഷിജോ ഇടപെടുന്നത് നമ്മുക്ക് കാണാം. ചെയ്യുന്ന പണി എന്തായാലും അതില്‍ നൂറു ശതമാനം സമര്‍പ്പിക്കുക എന്നതാണ് ഈ മനുഷ്യന്റെ രീതി.

അതിവേഗം വളരുന്ന യൂട്യൂബ് ചാനലും ന്യൂമില്‍ഫിഡിലെ വീട്ടില്‍ വിളഞ്ഞു കിടക്കുന്ന പാവയ്ക്ക പന്തലുമൊക്കെ ഷിജോയുടെ സ്വയം സമര്‍പ്പണത്തിന്റെ കൂടി തെളിവാണ്. ഷിജോ പൗലോസ് എന്ന വ്യക്തിയുടെ ഏറ്റവും മികച്ച സമയം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടം.

LEAVE A REPLY

Please enter your comment!
Please enter your name here