ന്യൂയോര്‍ക്ക്: ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ക്കായി കാസര്‍ഗോഡ് ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രത്തന്റെ പ്രചാരണാര്‍ത്ഥം ഗോപിനാഥ് മുതുകാട് സെപ്റ്റംബര്‍ 6 മുതല്‍ 18വരെ അമേരിക്കയില്‍ പര്യടനം നടത്തുന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ ഡിസി, ഒഹായോ, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കാസര്‍ഗോഡ് പദ്ധതിയെക്കുറിച്ച് മുതുകാട് വിശദീകരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും ഫൊക്കാനാ മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പളളിലാണ് മുതുകാടിന്റെ അമേരിക്കന്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ്-എ യൂണിറ്റ് ഓഫ് ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന സെന്ററില്‍ ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും ഉണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്പോര്‍ട്സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്ലെറ്റുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും.

ഇരുപത് ഏക്കറിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം പദ്ധതിക്ക് തറക്കല്ലിടും. കാസര്‍ഗോഡ് പദ്ധതിയുടെ പ്രഖ്യാപനം മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മാജിക് അക്കാദമിയുടെ 27-ാം വാര്‍ഷിക ദിനത്തില്‍ കാഞ്ഞങ്ങാട് നിര്‍വഹിച്ചിരുന്നു. കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ഈ പദ്ധതി ആശ്രയമാകുമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്തുചെയ്യാനാവും എന്ന വിഷയത്തെ ആസ്പദമാക്കി കാസര്‍ഗോഡ് നടന്ന ഒരുപരിപാടിയാണ് ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചത്.

ഭിന്നശേഷിക്കാരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന യാതനകളും അവഗണനകളും നേരിട്ടു മനസ്സിലാക്കിയ മുതുകാട് താന്‍ മാറോടണച്ച് പ്രണയിച്ച ഇന്ദ്രജാലത്തെ ഉപേക്ഷിച്ച് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇനിയുള്ള ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതം മാറ്റിമറിച്ച മണ്ണില്‍ തന്നെ പുതിയ പദ്ധതിയും നടപ്പിലാക്കുക എന്ന ലക്ഷ്യവുമായാണ് മുതുകാട് ബൃഹത്തായ പ്രോജക്ട് കാസര്‍ഗോഡ്ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പിള്ളില്‍ Ph: 845 5535671

LEAVE A REPLY

Please enter your comment!
Please enter your name here