
അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ കണക്കുപ്രകാരം സ്ത്രീകളാണ് പുരുഷന്മാരേക്കാള് ടെന്‍ഷന്‍ അനുഭവിക്കുന്നത്. നമ്മുക്ക് ചുറ്റും നമ്മള് അറിയുന്നവരും അറിയാത്തവരുമായി അടച്ചിട്ട വാതിലിന് പിറകിലായി അടക്കിപിടിച്ച ഹ്യദയവുമായി കഴിഞ്ഞ് കൂടുന്നവര്‍ ധാരാളമുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. പുരുഷ മേധാവിത്വം, അഭിപ്രായ സ്വാതന്ത്രമില്ലായ്മ, ഭര്‍ത്താവിന്റെ അസാനിധ്യം, തുറന്നുപറയാന്‍ ആരും ഇല്ലായ്മ, എന്നിവയെല്ലാമാണ് സ്ത്രീയെ പുരിഷനേക്കാള്‍ മാനസിക സമ്മര്‍ദത്തിലാക്കുന്നത്.
പുറം ലോകവുമായുള്ള ബന്ധങ്ങളും ദിവസേന ഇടപെടുന്ന വ്യത്യസ്ത സാഹചര്യങ്ങളും പുരുഷനെ പ്രയാസങ്ങള്‍ മറക്കാനും അതിജീവിക്കാനും സഹായിക്കുന്നു. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അടുക്കളയുടെ ഇട്ടാവട്ടങ്ങളില്‍ ഒതുങ്ങികൂടുന്ന സ്ത്രീകള്‍ക്ക് മനസ്സിലെ മാറാലയകറ്റാന് മറ്റുവഴികളില്ലാത്തതിനാല്‍ ടെന്‍ഷന്‍ അവളെ കാര്‍ന്നുതിന്നു കൊണ്ടേയിരിക്കുന്നു.
കാര്യങ്ങളോട് ഉടന്‍ പ്രതികരിക്കുന്നതാണ് പുരുഷന്റെ സ്വഭാവം. പക്ഷെ എത്ര വൈകാരികമായി പ്രതികരിച്ചാലും ഉടന്‍തന്നെ പുരുഷന് അതു മറന്നുകളയും. എന്നാല്‍ സ്ത്രീകളാകട്ടെ കാര്യങ്ങള്‍ എല്ലാം ഹ്യദയത്തിലിട്ട് പുകപ്പിക്കുകയും ആവശ്യമാവുമ്പോള്‍ ആളിക്കത്തുകയും ചെയ്യുന്നു. ഈ പുകയല്‍ തന്നെയാണ് ടെന്ഷനുകള്ക്കടിമയാക്കുന്നത്. ഈ കാരണങ്ങള്‍ തന്നെയാണ് പുരുഷന്മാര് തമ്മിലുള്ള പ്രശ്നങ്ങള്‍ കയ്യാങ്കളി വരെ എത്തിയാലും അധികം നീണ്ടു നില്‍ക്കാറില്ല. എന്നാല്‍ സ്ത്രീകള്‍ തമ്മിലുള്ള നിസ്സാര വാക്കിന്റേയോ നോക്കിന്റേയോ പ്രശ്നങ്ങള്‍ തലമുറകള്‍ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.
ടെന്‍ഷന്റെ കാരണങ്ങള്‍
ടെന്‍ഷനടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കാണും. മരണം, സാമ്പത്തികം, രോഗം, കുടുംബപ്രശ്നം, എന്നിവയെല്ലാം ടെന്ഷനുകാരണമാകാറുണ്ട്. ഓരോ വ്യക്തിക്കും ടെന്‍ഷന്‍ അടിക്കാനുള്ള കാരണം വ്യത്യസ്തമാണ്. ഒരേ കാരണം തന്നെ രണ്ട് വ്യക്തികളില്‍ ഉണ്ടാക്കാവുന്ന സമ്മര്‍ദവും വ്യത്യസ്തമായിരിക്കും.
ലക്ഷണങ്ങള്‍
ഒരു വ്യക്തി അയാളുടെ ടെന്‍ഷന്‍ പ്രകടിപ്പിക്കുന്നത് ആ വ്യക്തിയുടെ സ്വഭാവത്തിലും, പ്രവര്‍ത്തിയിലും, ചിന്താരീതിയിലും വരുന്ന മാറ്റത്തിലൂടെയാണ്.
ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, വര്‍ദ്ധിച്ച ഉല്‍കണ്ഠ, അസ്വസ്ഥത, ഏകാന്തത, പെട്ടന്നുള്ള മനസ്സ് മാറ്റം എന്നിവയെല്ലാം ടെന്‍ഷന്റെ ലക്ഷണങ്ങളായികണക്കാക്കാം.
ഭക്ഷണത്തിലെ താല്പര്യകുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, മറ്റുളളവരില്‍ നിന്നുള്ള ഉള്‍വലിയല്‍ മദ്യം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ കാണുന്ന സ്വഭാവ വ്യതിയാനങ്ങളാണ്. കൂടാതെ തലവേദന, കടച്ചില്, വയറിളക്കം, ഛര്‍ദി, വയറുകാളല്‍, നെഞ്ചു വേദന എന്നീ ശാരീരിക ലക്ഷണങ്ങളും ടെന്‍ഷന്‍ കാരണം ഉണ്ടാകാറുണ്ട്.
ആരോഗ്യ പ്രശ്നങ്ങള്‍
ഇതൊന്നും എനിക്ക് പ്രശ്നമല്ല , ഞാനിതൊക്കെ സഹിച്ചുകൊള്ളാം എന്നു പറഞ്ഞ് മനസ്സിനെ തീ തീറ്റിക്കുന്നവര്‍ അറിയുക സ്ഥിരമായി ടെന്‍ഷന്‍ അടിക്കുന്നവരെകാത്ത് നിരവധി രോഗങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഡിപ്രഷന്, ഉല്‍കണ്ഠാ രോഗം, ഉറക്ക പ്രശ്നങ്ങള്‍, വിട്ടുമാറാത്ത വേദനകള്‍, ദഹന പ്രശ്നങ്ങള്‍, അകാലനര തുടങ്ങി പ്രായമാകും മുന്‍പേ വയസ്സാകുന്ന രോഗങ്ങളും ഇത്തരക്കാരെ കാത്തിരിക്കുന്നുണ്ട്. കൂടാതെ ശരീരഭാരം കുറയുക, പ്രത്യുല്പാദന പ്രശ്നങ്ങള്‍, മാനസിക രോഗങ്ങള്‍, ഹ്യദ്രോഗം എന്നിവയും ഇവരില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
എന്താണ് പരിഹാരം ?
എനിക്കെന്നും ഇതാണ് സ്ഥിതി. സഹിക്കുകയല്ലാതെ എന്തുചെയ്യും എന്നും പറഞ്ഞിരന്നാല് പ്രശനങ്ങള്‍ തീരുവാന്‍ പോകുന്നില്ല. എല്ലാവിധ സൗഭാഗ്യങ്ങളും ലഭിച്ചാല്‍ പ്രശ്നങ്ങള്‍ തീരുമെന്നു വിശ്വസിക്കുന്നവര്‍ മനസ്സിലാക്കുക, തൊട്ടതെല്ലാം പൊന്നാക്കാനുള്ള സൗഭാഗ്യം ലഭിച്ച മിഡാസ് രാജാവിന് ടെന്‍ഷനുണ്ടാക്കിയത് തനിക്ക് കിട്ടിയ വരം തന്നെയാണ്. അപ്പോള്‍ ടെന്‍ഷന്‍ മാറാനുള്ള സമയം കാത്തിരിക്കുന്നതിനുപകരം തന്റെ സാഹചര്യം ഉപയോഗപ്പെടുത്തി ടെന്‍ഷന്‍ മറികടക്കുക എന്നത് തന്നെയാണ്.
ടെന്‍ഷന്‍ മാറാന്‍
10 നിര്‍ദേശങ്ങള്‍
1) ധ്യാനം, പ്രാര്‍ത്ഥന, യോഗ തുടങ്ങിയവ മനസ്സിന് ഏകാഗ്രത നല്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സമാധാനം നല്കുവാനും ഹ്യദയം വിശാലമാക്കുവാനും സഹായിക്കും
2) ജോലികള്‍ക്കിടയില്‍ ക്യത്യമായ വിശ്രമം, ഒഴിവ് സമയം, ഇടവേള എന്നിവ കണ്ടെത്തുക. ഇത് കൂടുതല്‍ ശക്തിയായി ജോലി ചെയ്യുവാനും പ്രശ്നങ്ങളെ തരണം ചെയ്യുവാനും സഹായിക്കും.
3) തനിക്ക് വന്ന പ്രയാസത്തെ ഓര്‍ത്ത് സങ്കടപ്പെട്ടുകൊണ്ടിരിക്കുന്നതിന് പകരം തന്നേക്കാള്‍ കഷ്ടപ്പെടുന്നവരെ കുറിച്ച് ചിന്തിക്കുക. വിരല്‍ നഷ്ടപ്പെട്ടവന് കൈകളില്ലാത്തവനെ പറ്റിയും പണം നഷ്ടപ്പെട്ടവന് ജീവന് നഷ്ടപ്പെട്ടവനെ പറ്റിയും ചിന്തിച്ചാല്‍,തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ തൃപ്തിപ്പെട്ട് ജീവിക്കാന്‍ കഴിയും. മറിച്ച് എനിക്ക് ഇത് പോര, അവളെപ്പോലെ ആവാന്‍ പറ്റിയില്ലല്ലോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ കാലാകാലം മനസ്സ് നീറി ജീവിക്കേണ്ടി വരും.
4) സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുകയും അവര്‍ക്ക് വേണ്ടി സമയം മാറ്റിവെക്കുകയും ചെയ്യുക. നേരിട്ട് കൂടാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍ വിളിയിലോ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുക , പ്രയാസങ്ങള്‍ പങ്കുവെക്കുക, മനസ്സറിഞ്ഞ് ചിരിക്കുക
5) കളി, സംഗീതം, വായന, തങ്ങളിഷ്ടപ്പെടുന്ന വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തുക.
6)ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍, പ്രഭാത സവാരി എന്നിവ ശീലമാക്കുക.
7) ശരിയായ ഉറക്കം മുറിവേറ്റ മനസ്സിന്റെ തൈലമാണ് ഉറക്കം എന്നാണ് പഴമൊഴി.
8)കൂടുതല്‍ ടെന്‍ഷനടിക്കുന്ന സമയത്ത് ഒറ്റക്കിരുന്ന് ശരീരത്തിലെ ഭാരങ്ങളെല്ലാം ഇറക്കിവച്ച് മറ്റ് ശബ്ദങ്ങളില്‍ നിന്നെല്ലാം വിട്ട് നിന്ന് ശ്വാസത്തിലേക്ക് മാത്രം ശ്രദ്ധിക്കുക. കണ്ണുകള്‍ അടച്ച് സാവധാനം ശ്വാസം പരമാവധി ഉള്ളിലേക്കെടുക്കുകയും കഴിയുന്ന സമയമത്രയും ശ്വാസം പിടിച്ച് നില്ക്കുക , പതുക്കെ മുഴുവനായും ശ്വാസം പുറത്തുവിടുക, കണ്ണടച്ച് ഇപ്രകാരം 5 മിനിട്ട് വരെ ചെയ്താല്‍ ശരീരത്തിനും മനസ്സിനും നവോന്മേഷം ലഭിക്കും.
9) എന്താണ് തന്റെ പ്രശ്നം എന്ന് സ്വയം ചിന്തിക്കുകയും തിരിച്ചറിയുകയും ചെയ്യുക. അവയെ കൃത്യമായി രേഖപ്പെടുത്തുകയും അതിനെ എങ്ങനെ മറികടക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുക.
10) കൗണ്‍സലിങ്
(പ്രശ്നം പങ്കുവെച്ചാല്‍ പ്രശ്നം പരിഹരിക്കാം) എന്നാണ് പഴമൊഴി . നമ്മുടെ പ്രയാസങ്ങള്‍ യോഗ്യനായൊരു കൗണ്‍സിലറോടോ, ഡോക്ടറോടോ പങ്കുവെയ്ക്കുകയും റിലാക്സേഷന് തെറാപ്പിക്കള്ക്കും മറ്റും വിധോയരാകുകയും അവരുടെ നിര്‍ദേശങ്ങള്‍ പിന്തുടരുകയും ചെയ്താല്‍ ഏത് പ്രശനങ്ങളും പമ്പകടക്കും തീര്‍ച്ച .