ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്.

ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 

 

അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍


1. അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം
2. മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു
3. തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം

4. മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
5. ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക
6. കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക

7. ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും
8. കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തലയില്‍ തേയ്ക്കുക
9. തല തണുക്കെ എണ്ണതേച്ച് കുളിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
10. ഭക്ഷണത്തില്‍ പച്ചക്കറി, പഴം ഇവയുടെ അളവ് വര്‍ധിപ്പിക്കുക, കൊഴുപ്പ് കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാര വസ്തുക്കള്‍ പാടെ നിര്‍ത്തുക

 

11. ഷാംപൂ, ഹെയര്‍ഡൈ തുടങ്ങിയവ മുടി നരയ്ക്കാന്‍ പ്രേരക ഘടകങ്ങളാണ്
12. ക്ലോറിന്‍ ചേര്‍ന്ന വെള്ളം അകാലനരയുണ്ടാക്കുന്ന ഏറ്റവും പ്രധാന വില്ലനാണ്
13. ആഹാരത്തില്‍ ചീര, തഴുതാമ, കാരറ്റ് എന്നിവ ധാരാളമായി ചേര്‍ക്കുക

14. സോയമില്‍ക്ക്, ധാന്യങ്ങള്‍ എന്നിവയില്‍ അകാലനര തടയാന്‍ കഴിവുള്ള വിറ്റാമിനുകള്‍ ബി അടങ്ങിയിട്ടുണ്ട്
15. ധാരാളം ശുദ്ധജലം കുടിക്കുക. കുറഞ്ഞത് പത്ത് ഗ്ലാസ് ശുദ്ധജലമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം
16. കഠിനജലം (സാന്ദ്രത കൂടിയ വെള്ളം) ആണ് ലഭ്യമെങ്കില്‍ തിളപ്പിച്ചാറിയ ശേഷമേ കുളിക്കാവൂ.

 

അകാലനര തടയാന്‍ ഹെന്ന ട്രീറ്റ്‌മെന്റ്

 

ആവശ്യമുള്ള സാധനങ്ങള്‍

1. ഹെന്ന പൗഡര്‍ – അരക്കപ്പ്
2. ഉണക്കനെല്ലിക്ക പൊടിച്ചത് – അരക്കപ്പ്
3. നാരങ്ങാ നീര് – അര ടേബിള്‍ സ്പൂണ്‍
4. തേയിയ വെള്ളം – അര ടേബിള്‍ സ്പൂണ്‍
5. തൈര് – ഒരു കപ്പ്
6. മുട്ടയുടെ വെള്ള – ഒരെണ്ണത്തിന്റേത്

ഉപയോഗിക്കേണ്ട വിധം


മേല്‍പ്പറഞ്ഞ ചേരുവകള്‍ നന്നായി യോജിപ്പിച്ചെടുത്ത മിശ്രിതം ഇരുമ്പുപാത്രത്തിലോ സ്റ്റീല്‍ പാത്രത്തിലോ എടുത്ത് അഞ്ച് – ആറ് മണിക്കൂര്‍ വയ്ക്കണം. പിന്നീട് തലമുടിയിലും തലയോട്ടിയിലും തേച്ച് പിടുപ്പിച്ച് ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. (ഹെന്ന ചെയ്യും മുമ്പ് തലയില്‍ നന്നായി ഓയില്‍ മസാജ് ചെയ്തിരിക്കണം).

താരന്‍


അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തലയോട്ടിയെ സംരക്ഷിക്കാന്‍ ത്വക്കിലെ സ്‌നേഹഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണമയമുള്ള സെബം പൊടിയും ചെളിയും വിയര്‍പ്പുമായി ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്.

താരനകറ്റാന്‍ ചില ഒറ്റമൂലികള്‍


ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് നന്നായി അരിച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ തല കഴുകുക.

1. ഉലുവ, ജീരകം എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് ഇവ നന്നായി അരച്ചെടുത്ത കുഴമ്പില്‍ പശുവിന്‍ പാല്‍ ചേര്‍ന്ന് കുഴച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം തല കഴുകുക.
2. അരി കഴുകാതെ അടുപ്പത്തിട്ട് തിളപ്പിച്ച് കിട്ടുന്ന കഞ്ഞിവെള്ളം തലയില്‍ പുരട്ടുക. അതിനു ശേഷം ചെറുപയര്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം ശുദ്ധജലത്തില്‍ തല കഴുകുക.

3. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ രാത്രി തലയില്‍ പുരട്ടി പിറ്റേന്ന് രാവിലെ ഏതെങ്കിലും ഹെയര്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക
4. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തില്‍ തല കഴുകുക

5. നാല് ടേബിള്‍ സ്പൂണ്‍ പയറുപൊടി വിനാഗിരിയുമായി ചേര്‍ത്തിളക്കി 15 മിനിട്ടിന് ശേഷം തലയോട്ടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക
6. രണ്ടു കോഴിമുട്ടയുടെ മഞ്ഞക്കരു രണ്ട് ടീസ്പൂണ്‍ വെള്ളവുമായി ചേര്‍ത്തിളക്കുക. മുടി നനച്ചതിനു ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടവെള്ളം ഉപയോഗിച്ച് തല കഴുകുക

7. ഒരു ടേബിള്‍ സ്പൂണ്‍ തേയില ഒരു ലിറ്റര്‍ വെള്ളത്തില്‍ 3 മിനിട്ട് നേരം തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുക്കാന്‍ അനുവദിക്കുക. കുളി കഴിഞ്ഞ് അവസാനം ഈ വെള്ളത്തില്‍ തല കഴുകുക.
8. തേങ്ങാപ്പാലും ചൂടുവെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ തല കഴുകുക.

9. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തല കഴുകുക. (ഈ മിശ്രിതത്തില്‍ തല കഴുകുന്നതിന് മുമ്പ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തലമുടി നല്ലതുപോലെ കഴുകിയിരിക്കണം.
10. ശര്‍ക്കരയും വാളന്‍ പുളിയും തുല്യഅളവില്‍ കലര്‍ത്തുക. ഈ മിശ്രിതം അരച്ചു കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം ശുദ്ധജലത്തില്‍ തല കഴുകുക.

LEAVE A REPLY

Please enter your comment!
Please enter your name here