കൊവിഡ് വന്നശേഷം കൂടുതൽ ആൾക്കാർ പ്രത്യേകിച്ച് യുവാക്കൾ നേരിടുന്ന ഗുതരമായ ആരോഗ്യപ്രശ്നമാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിനുള്ളത്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താല്‍ തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വരികയും തന്മൂലം, ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയവയ്ക്ക് തടസം നേരിടുകയും ചെയ്യുന്നു. ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ബ്രിട്ടനിൽ ഒരു വർഷം 100,000-ത്തിലധികം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നും അതിൽ 38,000-ത്തിലധികം പേർ മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

ഒരുലക്ഷണവുമില്ലാതെയാണ് സ്ട്രോക്ക് ഒരാളെ ബാധിക്കുന്നത് എന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ട്രോക്ക് വരുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ ശരീരം ചില വ്യക്തമായ ലക്ഷണങ്ങൾ കാട്ടിത്തരുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് തിരിച്ചറിഞ്ഞാൽ 90 ശതമാനം സ്ട്രോക്കുകളും ഒഴിവാക്കാമെന്നും അവർ പറയുന്നു.

 

ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പൊടുന്നനെ ഉണ്ടാകുന്ന മരവിപ്പാണ് ഇതിലൊന്ന്. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം താൽക്കാലികമായി തടസപ്പെടുന്നതാണ് ഇതിന് കാരണം. വളരപ്പെട്ടന്നുതന്നെ ഈ അവസ്ഥ മാറി സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യും. അതിനാൽ ഭൂരിപക്ഷം പേരും ഈ ലക്ഷണത്തെ കാര്യമാക്കില്ല.

 

പെട്ടെന്നുണ്ടാകുന്ന വിഭ്രാന്തിയും ആശയക്കുഴപ്പവുമാണ് മറ്റൊരുലക്ഷണം. ഈ ലക്ഷണം അനുഭവപ്പെടുന്ന വ്യക്തിക്ക് ചിലപ്പോൾ അയാളുടെ പേരോ മറ്റ് വിവരങ്ങളോ അല്പസമയത്തേക്കെങ്കിലും ഓർത്തെടുക്കാൻ കഴിയില്ല. അല്പം കഴിഞ്ഞാൽ എല്ലാം പഴയതുപോലെ ആവുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here