*ഇടുക്കി. തുലാവർഷവും കുറയന്നു; കേരളം നീങ്ങുന്നത് കടുത്ത വരൾച്ചയിലേക്ക്ന്ന് റിപ്പോർട്ടുകൾ.

കേരളം നീങ്ങുന്നതുകൊടും വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്. ഇത്തവണ മൺസൂൺ മഴ വളരെ കുറച്ച് മാത്രമാണ് ലഭിച്ചതെന്നതാണ് ഈ ദുരിതത്തിലേക്ക് കേരളത്തെ എത്തിക്കുന്നത്. കിട്ടാനിരിക്കുന്ന മഴയാവട്ടെ പ്രതീക്ഷയ്ക്കു വക നൽകാൻ മാത്രമുണ്ടാവില്ല. തുലാവർഷത്തിലും പ്രതീക്ഷ വയ്‌ക്കേണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം. നദികളിലും ഡാമുകളിലും ജലനിരപ്പു വളരെ താഴ്ന്ന നിലയിലാണ്ഇപ്പോൾ ഇതെല്ലാം കടുത്ത വരൾച്ചയിലേക്ക് എന്നതിന്റെ സൂചനകളാണ് നൽകുന്നത്. കേരളം 2016ലേതിനു സമാനമായ വരൾച്ചയിലേക്ക് എത്തുമെന്നാണ് പറയുന്നതെങ്കിലും സ്ഥിതിഗതികൾ അതിലുും രൂക്ഷമാകും.

വരും മാസങ്ങളിൽ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വരൾച്ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) മുന്നറിയിപ്പു നൽകുന്നു. ദുരന്ത സാഹചര്യത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണമെന്നും സിഡബ്ല്യുആർഡിഎം മുന്നറിയിപ്പു നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരൾച്ചയുടെ പിടിയിലാകും. ആറ് ജില്ലകളിൽ തീവ്ര വരൾച്ചയും എട്ട് ജില്ലകളിൽ കഠിന വരൾച്ചയുമായിരിക്കും ഉണ്ടാവുക.

ഈ കുറവിനെക്കാൾ ആശങ്കയുളവാക്കുന്നത് വരാനിരിക്കുന്ന നാളുകളിലും പ്രതീക്ഷിച്ചതിനെക്കാൾ കുറവായിരിക്കും മഴ എന്ന സൂചനയാണ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള മൂന്നു മാസത്തെ കണക്കനുസരിച്ച് കേരളത്തിൽ 48 ശതമാനം മഴയുടെ കുറവുണ്ട്. 3 മാസംകൊണ്ട് 1735.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 909.5 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, തൃശൂർ എന്നീ ആറ് ജില്ലകളിൽ മഴയുടെ കുറവ് 50 ശതമാനത്തിലുമേറെയാണ്. പ്രധാന വൃഷ്ടി പ്രദേശമായ ഇടുക്കിയിൽ സാധാരണ പെയ്യുന്ന മഴയുടെ 37 ശതമാനമേ ഈ വർഷം ലഭിച്ചുള്ളു എന്നത് വരൾച്ച അതിഭയാനകമായിരിക്കുമെന്ന സൂചനയാണ് നൽകുന്നതെന്ന് സിഡബ്ല്യുആർഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പറഞ്ഞു.

ഇതിനു സമാനമായ അവസ്ഥയിൽ കേരളം വരൾച്ച നേരിട്ടത് 1968, 1972, 1983, 2003, 2016 വർഷങ്ങളിലാണ്. കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വർഷത്തേക്കാളും രണ്ട് മീറ്ററിൽ കൂടുതൽ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഡാമുകളിൽ പലതിലും 50 ശതമാനത്തിൽ താഴെയാണ് നിലവിലുള്ള വെള്ളത്തിന്റെ ശേഖരം. കാലവർഷത്തെ (തെക്കു പടിഞ്ഞാറൻ മൺസൂൺ) ആണ് കേരളം കാര്യമായി മഴയ്ക്ക് ആശ്രയിക്കുന്നത്. ഇതിൽ വരുന്ന കുറവ് കേരളത്തിലെ ജലലഭ്യതയുടെ അളവിൽ കാര്യമായ കുറവു വരുത്തും. 44 ശതമാനം കുറവാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കേരളത്തിനു നേരിടേണ്ടിവന്നത്.

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇതുവരെയുള്ള മഴയിലെ ഗണ്യമായ കുറവിനൊപ്പം മതിയായ അളവിൽ തുലാവർഷം കിട്ടിയേക്കില്ല എന്ന സാഹചര്യം വെള്ളം കിട്ടാത്ത നാളുകളുടെ സൂചനയാണ് നൽകുന്നത്. സർക്കാരെന്നോ സ്വകാര്യമെന്നോ, വീടെന്നോ ഓഫിസെന്നോ വ്യത്യാസമില്ലാതെ മുഴുവൻ കെട്ടിടങ്ങളിൽനിന്നും പുരപ്പുറ ജലസംഭരണമാണ് ഈ സാഹചര്യത്തെ നേരിടാനുതകുന്ന മികച്ച ഹ്രസ്വകാല മാർഗമെന്ന് സിഡബ്ല്യുആർഡിഎം ചൂണ്ടിക്കാട്ടുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here