മരട്/കൊച്ചി, 23 നവംബർ 2023


സ്വന്തം ശരീരത്തിനുള്ളിൽ ഏഴ് കിലോ ഭാരമുള്ള മുഴയുണ്ടെന്ന് അറിയാതെ 60 കാരി സജീറാ ബീവി. അണ്ഡാശയത്തിലാണ് ഇത്രയും വലിയ മുഴ കണ്ടെത്തിയത്. ഒരുദിവസം നീണ്ടുനിന്ന കടുത്ത വയറുവേദനും ഛർദിയും കാരണം സജീറാ ബീവി കൊച്ചി വിപിഎസ് ലേക്ഷോർ അത്യാഹിത വിഭാഗത്തിൽ എത്തുകയായിരുന്നു. വയറുവേദനയ്ക്കുള്ള മരുന്നുകൾ നൽകിയെങ്കിലും ശമനമുണ്ടായില്ല. ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സ്മിതാ ജോയ് നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയത്. സിടി സ്കാനിങ്ങിന് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് സജീറാ ബീവിയുടെ വയറിലെ മുഴ നീക്കം ചെയ്തത്.

ഫ്രോസൺ ബയോപ്സിയിൽ ബോർഡർലൈൻ ട്യൂമർ കാണിച്ചത് കൊണ്ടും പ്രായം പരിഗണിച്ചും ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു. . അണ്ഡാശയത്തിൽ ഇത്രയും വലിപ്പമുള്ള മുഴ കണ്ടെത്തുന്നത് തന്റെ കരിയറിലെ ആദ്യ അനുഭവമാണെന്ന് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സ്മിതാ ജോയ് പറഞ്ഞു. നടുവേദനയോ മറ്റ് അസ്വസ്ഥതകളോ രോഗിയെ അലട്ടിയിരുന്നില്ലയെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഡോക്ടർ അറിയിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനിയും മകനൊപ്പം കൊച്ചിയിൽ താമസിക്കുന്നതുമായ സജീറയ്ക്ക് കഠിനജോലികളിൽനിന്നും മൂന്നു മാസ വിശ്രമം ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. എല്ലാ അർത്ഥത്തിലും പൂർണ ആരോഗ്യവതിയാണ് സജീറയിപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here