തുളസി

പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.

ശംഖുപുഷ്പം

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.

തഴുതാമ

തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.

chn-metro-2.jpg.image.784.410

ശവക്കോട്ടപ്പച്ച

എവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.

സർപ്പഗന്ധി

രക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.

തൊട്ടാവാടി

ആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.

തുമ്പ

വയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.

ഉലുവ

ഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.

മുക്കുറ്റി

വഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.

ഒാരില

ദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.

മുത്തങ്ങ

പുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here