സ്​ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അണുബാധകളിൽ ഒന്നാണ്​ ‘മൂ​ത്രത്തിലെ അണുബാധ’. പുരുഷന്മാരെ അപേക്ഷിച്ച്​ സ്​ത്രീകളിൽ ഈ രോഗാവസ്​ഥ എട്ടുമടങ്ങ്​ കൂടുതലാണ്​. ലോകത്തിൽ പ്രതിവർഷം 80 ലക്ഷത്തോളം പേരാണ്​ ഈ ബുദ്ധിമുട്ട്​ മൂലം ആശുപത്രി സന്ദർശിക്കുന്നത്​. 50-60 ശതമാനം സ്​ത്രീകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അസുഖം ബാധിക്കുന്നു. അവരിൽ പകുതിയിലേറെ പേർക്ക്​ വീണ്ടും അണുബാധയുണ്ടാവാൻ സാധ്യതയുമുണ്ട്​.


പുരുഷന്മാരെ അപേക്ഷിച്ച്​ സ്​ത്രീകളിൽ ഈ രോഗം കൂടാനുള്ള പ്രധാന കാരണങ്ങൾ സ്​ത്രീകളിൽ മൂത്രനാളത്തി​​െൻറ നീളം പുരുഷന്മാരെ അപേക്ഷിച്ച്​ ചെറുതായതും, യോനീഭാഗവും മലദ്വാരവും മൂത്രനാളത്തിന്​ വളരെയടുത്ത്​ സ്​ഥിതിചെയ്യുന്നതുമാണ്​. വൃക്കകൾ, യുറീറ്ററുകൾ, മൂത്രസഞ്ചി, മൂത്രനാളി ഇവയെല്ലാം സാധാരണമായി അണുവിമുക്​തമാണ്​. എന്നാൽ, ചില സന്ദർഭങ്ങളിൽ അണുക്കൾ (ബാക്​ടീരിയ, ഫംഗസ്​ മുതലായവ) മൂത്രനാളിയിലൂടെ മൂത്രസഞ്ചിയിലോ ഉള്ളിലേക്കോ ബാധിക്കുന്നതാണ്​ മൂത്രത്തിലെ അണുബാധക്ക്​ കാരണം. മലദ്വാരത്തിൽ കാണപ്പെടുന്ന E.Coli (ഇ-കോളി) എന്ന ബാക്​ടീരിയയാണ്​ മൂത്രത്തിലെ അണുബാധയുടെ പ്രധാന കാരണം.

ചെറിയ കുഞ്ഞുങ്ങൾ മുതൽ വൃദ്ധരിൽ വരെ ഏതു​ പ്രായക്കാരെയും ഇത്​ ബാധിക്കാമെങ്കിലും ഗർഭിണികൾ, പുതുതായി വിവാഹം കഴിഞ്ഞവർ, മാസമുറ നിന്ന സ്​ത്രീകൾ, പ്രമേഹരോഗികൾ, മൂത്രക്കല്ല്​ പോലുള്ള അസുഖമുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞ എയ്​ഡ്​സ്​ ​േ​​​രാഗികൾ, അർബുദ രോഗികൾ, കുറെ നാളത്തെ ഇടവേളക്കുശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ തുടങ്ങിയവരിലാണ്​ രോഗസാധ്യത കൂടുതൽ. ആർത്തവം നിലച്ച സ്​ത്രീകളിൽ ഈസ്​ട്രജൻ ഹോർമോണി​​െൻറ അഭാവവും, ഗർഭിണികളിൽ ചില ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളും രോഗസാധ്യത വർധിപ്പിക്കുന്നു. പുതുതായി വിവാഹിതരായ സ്​ത്രീകളിലുണ്ടാകുന്ന മൂത്രത്തിലെ അണുബാധ ‘ഹണിമൂൺ സിസ്​റ്റൈറ്റിസ്​’ എന്നറിയപ്പെടുന്നു. എന്നാൽ പേരുപോലെ സുഖകരമായ ഒരവസ്​ഥയല്ലിത്​. മൂത്രതടസ്സത്തിന്​ ട്യൂബ്​ ഉപയോഗിക്കുന്നവരിലും രോഗസാധ്യത വളരെ കൂടുതലാണ്​.

രോഗലക്ഷണങ്ങൾ
മൂത്രമൊഴിക്കു​േമ്പാൾ അസഹനീയമായ വേദന, പുകച്ചിൽ, ഇടക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ, മൂത്രം അധികനേരം പിടിച്ചുനിർത്തുവാൻ കഴിയാതിരിക്കുക, മൂത്രത്തി​​െൻറ നിറം മങ്ങുക (കലങ്ങുക), മൂത്രത്തിൽ പഴുപ്പ്​ കാണപ്പെടുക, മൂത്രത്തിന്​ ദുർഗന്ധം, അറിയാതെ മൂത്രം ഇറ്റുക, ഒപ്പം അടിവയറ്​ വേദന, നടുവേദന, കുളിരോടുകൂടിയ പനി, വിറയൽ, ക്ഷീണം, ഓക്കാനം മുതലായ പല രോഗലക്ഷണങ്ങളും കാണപ്പെടാം.

കാരണങ്ങൾ
ജോലിയുള്ള സ്​ത്രീകൾ, വിദ്യാർഥിനികൾ, യാത്രചെയ്യുന്ന സ്​ത്രീകൾ മുതലായവർ പൊതു ശൗചാലയം ഉപയോഗിക്കാൻ മടിച്ച്​ വളരെനേരം മൂത്രം പിടിച്ചുനിർത്തുന്നതും ആവശ്യത്തിന്​ വെള്ളം കുടിക്കാതിരിക്കുന്നതും രോഗസാധ്യത വർധിപ്പിക്കുന്നു. കാരണം, ഇടക്കിടെ മൂത്രം ഒഴിക്കു​േമ്പാഴും ധാരാളം മൂത്രം പോകു​േമ്പാഴും മൂത്രനാളിയിലെത്തുന്ന രോഗാണുക്കൾ ഇടക്കിടെ പുറന്തള്ളപ്പെടുന്നു. ഇത്​ നടക്കാതിരിക്കു​േമ്പാൾ ഈ രോഗാണുക്കൾക്ക്​ മൂത്രനാളം വഴി മൂത്രസഞ്ചിയിലും മറ്റും എത്തിച്ചേരുവാൻ അവസരം ലഭിക്കുന്നു. ഇത്​ അവിടെ അണുബാധക്ക്​ കാരണമാകുന്നു.
ആർത്തവ സമയങ്ങളിൽ ഒരുപാടുനേരം പാഡ്​ മാറ്റാതിരിക്കുന്നതും അണുബാധയുടെ മറ്റൊരു പ്രധാന കാരണമാണ്​. മലമൂത്ര വിസർജനത്തിനുശേഷം പിന്നിൽനിന്ന്​ മുന്നിലേക്ക്​ കൈകൾ ഉപയോഗിച്ച്​ കഴുകുന്നത്​ അണുക്കൾ മലദ്വാരത്തിൽനിന്നും മൂത്രനാളിക്കടുത്ത്​ എത്തുന്നതിന്​ കാരണമാകും.

നിർണയം
മുൻപറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. വളരെ ലളിതമായ മൂത്രപരിശോധനയിലൂടെ രോഗനിർണയം സാധ്യമാകും. ഒപ്പം, രോഗകാരണമായ അണുക്കളെ കണ്ടെത്താൻ മൂത്രം ‘കൾച്ചർ’ ചെയ്യുകകൂടി വേണം. എന്നാൽ, പല പ്രാവശ്യം (വർഷത്തിൽ മൂന്നു പ്രാവശ്യത്തിൽ കൂടുതൽ) രോഗാണുബാധയുണ്ടായാൽ ചിലപ്പോൾ കൂടുതൽ പരിശോധനകൾ ചെയ്യേണ്ടതായി വരാം.
അൾട്രാ സൗണ്ട്​ സ്​കാൻ, സി.ടി. സ്​കാൻ, സിസ്​റ്റോസ്​കോപ്പി മുതലായ പരിശോധനകൾ വേണ്ടിവന്നേക്കാം. ഒപ്പം, ചില രക്​തപരിശോധനകളും പ്രമേഹരോഗികളിൽ പഞ്ചസാരയു​ടെ നിയ​ന്ത്രണം പര്യാപ്​തമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്​.

പ്രതിരോധം
മറ്റു പല അസുഖങ്ങളെപ്പോലെയും രോഗപ്രതിരോധത്തിനാണ്​ ഊന്നൽ കൊടുക്കേണ്ടത്​. മൂത്രശങ്ക തോന്നിയാൽ താമസമില്ലാതെ മൂത്രമൊഴിക്കുക, മലമൂത്ര വിസർജനത്തിന്​ ശേഷം നന്നായി സോപ്പുപയോഗിച്ച്​ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുക (മുന്നിൽനിന്നും പിന്നിലേക്ക്​) ഇവ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ശീലിപ്പിക്കുക, ലൈംഗിക ശുചിത്വം പാലിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്​ മുമ്പും ശേഷവും മൂത്രമൊഴിക്കുക, ആർത്തവ സമയത്ത്​ വ്യക്​തിശുചിത്വം പാലിക്കുക, പാഡുകൾ ആവശ്യാനുസരണം കരുതുകയും മാറ്റുകയും ചെയ്യുക, പ്രമേഹ രോഗികൾ പഞ്ചസാരയുടെ അളവ്​ കൂടാതെ നോക്കുക തുടങ്ങിയവയെല്ലാം പ്രതിരോധമാർഗങ്ങളാണ്​.

ചികിത്സ
രോഗം സ്​ഥിരീകരിച്ചാൽ അനുയോജ്യമായ ആൻറിബയോട്ടിക്കുകൾ അഞ്ചുമുതൽ ഏഴുദിവസം വരെ വേണ്ടിവരും. എന്നാൽ, രോഗം വൃക്കകളെ ബാധിച്ചാൽ ചികിത്സ ആഴ്​ചകളോളം നീളും. അണുബാധ ചിലപ്പോൾ രക്​തത്തിൽ പടർന്ന്​ മറ്റു അവയവങ്ങളിൽ എത്തിച്ചേരാം.
ആരോഗ്യകരമായ ജീവിത​ൈശലി, രോഗപ്രതിരോധ ശക്​തി വർധിപ്പിക്കാനുതകുന്ന പോഷകാഹാരങ്ങൾ, നിത്യ വ്യായാമം മുതലായവ ശീലമാക്കുന്നതും അനുബന്ധ രോഗങ്ങൾ നന്നായി ചികിത്സിക്കുന്നതും രോഗസാധ്യത കുറക്കാൻ സഹായിക്കും.

രോഗത്തിലേക്ക്​ നയിക്കുന്ന വൃക്കയിലെ കല്ലുകൾ, മറ്റു മുഴകൾ മുതലായവ ആധുനിക വൈദ്യശാസ്​ത്രം നിഷ്​കർഷിക്കുന്ന രീതിയിൽ ചികിത്സിക്കുക. വ്യാജ ചികിത്സകൾ പലപ്പോഴും രോഗമൂർച്ഛക്കും സങ്കീർണതകൾക്കും കാരണമായേക്കാം.

ആരോഗ്യരംഗത്ത്​ വൻ കുതിച്ചുചാട്ടം നടത്തുന്ന സംസ്​ഥാനം എന്ന്​ നമ്മൾ അഭിമാനിക്കു​േമ്പാഴും നമ്മുടെ പൊതുശൗചാലയങ്ങളുടെ സ്​ഥിതി വളരെ ദയനീയമാണ്​. മൂക്കും കണ്ണും മൂടി മാത്രമേ പലയിടത്തും കേറാൻ കഴിയൂ. ഒട്ടുമുക്കാൽ പൊതു ശൗചാലയങ്ങളും സ്​ത്രീസൗഹൃദമല്ല. ‘‘KLOO (ക്ലൂ പദ്ധതി), ‘‘സ്​മാർട്ട്​ ഷീ-ടോയ്​ലറ്റ്​’’ മുതലായ പലതും പ്രഖ്യാപനങ്ങളിൽ മാത്ര​െമാതുങ്ങി. മറുനാടുകളിലെന്നപോലെ വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയങ്ങളുടെ അഭാവം ഒരു സാമൂഹിക വിപത്തായി കണക്കാക്കി ദീർഘദൃഷ്​ടിയോടെയുള്ള സമീപനത്തിലൂടെ മാത്രമേ ഇതിന്​ പരിഹാരം കണ്ടെത്താൻ കഴിയൂ. പൊതു ശൗചാലയങ്ങളുടെ അഭാവം ഏറ്റവും കൂടുതൽ പ്രയാസമുണ്ടാക്കുന്നത് സ്ത്രീകൾക്കാണ്. വൃത്തിയുള്ള ടോയ്​ലറ്റുകൾ വന്നാൽ ആവശ്യമുള്ള​േപ്പാൾ മൂത്രശങ്ക തീർക്കാനും പല തരത്തിലുള്ള അണുബാധകൾ തടയാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here