ഭാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്ന പല ഡയറ്റിങ് പ്ലാനുകള്‍ക്കും പൊതുവായി ഒരു പ്രശ്‌നമുണ്ട്. അവയൊന്നും ഇന്ത്യന്‍ ഭക്ഷണങ്ങളെ ഏഴയലത്ത് അടുപ്പിക്കില്ല. നമ്മുടെ ഭക്ഷണത്തിലെ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഓട്‌സും യോഗര്‍ട്ടും ബേക്കണും സാലഡും ഒക്കെയാണ് ഡയറ്റിങ്പ്ലാനുകളില്‍ പലപ്പോഴും നിറഞ്ഞു നില്‍ക്കുക. എന്നാല്‍ ഇന്ത്യന്‍ ഭക്ഷണത്തെ അങ്ങനെ പൂര്‍ണമായും മെനുവില്‍ നിന്ന് ഒഴിവാക്കേണ്ട കാര്യമില്ല എന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നം ഇന്ത്യന്‍ ഭക്ഷണത്തിന്റെ അല്ല. അത് പാകം ചെയ്യുന്ന രീതിയിലാണ്. നിങ്ങളുടെ മെനുവില്‍ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന് പറയുന്നതിനുള്ള അഞ്ച് കാരണങ്ങള്‍ ഇവയാണ്.

1. രുചിയും ഗുണവുമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍
മഞ്ഞള്‍, കുരുമുളക്, ഗ്രാമ്പൂ, ജീരകം, കടുക് എന്നിവയെല്ലാം നമ്മുടെ ഇന്ത്യന്‍ ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല നല്‍കുന്നത്. അവ നിറയെ പോഷക സമ്പുഷ്ടമാണ്. ഇവയില്‍ പലതും മരുന്നുകള്‍ക്കായി ഉപയോഗിക്കാറുണ്ട്. ഇവയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അസുഖങ്ങളെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തും. വയര്‍ നിറഞ്ഞ പോലുള്ള തോന്നല്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കുമെന്നതിനാല്‍ തടി കുറയ്ക്കാനും ഇവ ഉപകരിക്കും.

2. ആരോഗ്യകരമായ കൊഴുപ്പ്
ശരിയായ അളവില്‍ കടുകെണ്ണയോ വെളിച്ചെണ്ണയോ നെയ്യോ ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ഇന്ത്യന്‍ കറികള്‍ ആരോഗ്യപ്രദമാണ്. ശരീരത്തിന് അവ തൃപ്തി നല്‍കുകയും പോഷകസമ്പുഷ്ടമല്ലാത്ത ആഹാര സാധനങ്ങള്‍ ചുമ്മാ കൊറിച്ചു കൊണ്ടിരിക്കാനുള്ള ത്വര ഇല്ലാതാക്കുകയും ചെയ്യും.

3. പോഷകം നിറഞ്ഞ ധാന്യങ്ങള്‍
ചപ്പാത്തിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത് ഗോതമ്പ് മാവ് കൊണ്ടുള്ളതാകാം. എന്നാല്‍ ഗോതമ്പിന് പകരം ജോവര്‍, ബജ്‌റ, റാഗി എന്നിങ്ങനെയുള്ള ധാന്യങ്ങള്‍ കൊണ്ടും ചപ്പാത്തി ഉണ്ടാക്കാം. പ്രോട്ടീനും ഫൊളേറ്റും കാല്‍സ്യവും അയണും മഗ്നീഷ്യവുമൊക്കെ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഈ ധാന്യങ്ങള്‍.

4. സംസ്‌കരിച്ച ഭക്ഷണമല്ല
ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗുണം അത് വീട്ടില്‍തന്നെ അപ്പോഴുണ്ടാക്കിയെടുത്തതാണ് എന്നതാണ്. ഇത്തരത്തില്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് സംസ്‌കരിച്ച പ്രോസസ്ഡ് ഭക്ഷണത്തേക്കാൾ ഭാരം കുറയാന്‍ അത്യുത്തമം. കേടാകാതിരിക്കാന്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തിരിക്കുന്ന പ്രോസസ്ഡ് ഭക്ഷണം വണ്ണം കൂടാന്‍ കാരണമാകും.

5. വൈവിധ്യം
ടിവിയിലും സിനിമയിലുമൊക്കെ പാശ്ചാത്യരുടെ പ്രഭാതഭക്ഷണം കണ്ടിട്ടില്ലേ. മിക്കവാറും ടോസ്റ്റ് ചെയ്‌തെടുത്ത ബ്രഡും മുട്ടയും ജ്യൂസുമൊക്കെയാകും ബ്രേക്ക്ഫാസ്റ്റ്. ഇന്ത്യന്‍ ഭക്ഷണത്തിന്റെ അത്ര വൈവിധ്യം ഇവയ്‌ക്കൊന്നുമില്ല. ഇഡ്ഡലി, പുട്ട്, ദോശ, അപ്പം, ഇടിയപ്പം, പൊഹ, ഉപ്പുമാ, പറാത്ത എന്നിങ്ങനെ ഇന്ത്യക്കാരുടെ പ്രഭാത ഭക്ഷണ വൈവിധ്യം ഒരേ ഭക്ഷണം കഴിക്കുന്ന മടുപ്പ് ഒഴിവാക്കി തരും. ഭാരം കുറയ്ക്കാന്‍ മറ്റൊരു പ്രചോദനമാണ് ഈ ഭക്ഷണ വൈവിധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here