1915ല് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തില് ഐന്സ്റ്റൈന് പ്രവചിച്ച ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്, പ്രപഞ്ചപഠനത്തില് പുതിയ വാതായനം തുറക്കുമെന്ന് കരുതുന്നു. ഇന്ത്യക്കാര് ഉള്പ്പടെ ആയിരത്തോളം ശാസ്ത്രജ്ഞര് പതിറ്റാണ്ടുകളോളം നടത്തിയ ശ്രമമാണ് ഇപ്പോള് വിജയം കണ്ടത്.

നൂറുവര്ഷംമുമ്പ് ആല്ബര്ട്ട് ഐന്സ്റ്റൈന് പ്രവചിക്കുകയും, ഇത്രകാലവും പ്രപഞ്ചപഠനത്തില് ഏറ്റവും വലിയ സമസ്യയായി തുടരുകയും ചെയ്ത ഗുരുത്വതരംഗങ്ങള് ( Gravitational waves ) കണ്ടെത്തിയതായി ശാസ്ത്രലോകം പ്രഖ്യാപിച്ചു. 31 ഇന്ത്യക്കാരടക്കം ആയിരത്തോളം ഭൗതികശാസ്ത്രജ്ഞരുടെ പതിറ്റാണ്ടുകള് നീണ്ട പരിശ്രമമാണ് ഫലംകണ്ടിരിക്കുന്നത്.
ഗുരുത്വതരംഗങ്ങള് കണ്ടുപിടിക്കാനായി 24 വര്ഷം മുമ്പ് അമേരിക്കയില് സ്ഥാപിച്ച ‘ലേസര് ഇന്റര്ഫെറോമീറ്റര് ഗ്രാവിറ്റേഷണല് വേവ് ഒബ്സര്വേറ്ററി’ അഥവാ ‘ലിഗോ’ ( LIGO ) പരീക്ഷണമാണ്, പ്രപഞ്ചപഠനത്തില് നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മുന്നേറ്റം നടത്തിയത്.
ലിഗോ പരീക്ഷണത്തില് ഗുരുത്വതരംഗങ്ങള് കണ്ടെത്തിയതായി മാസങ്ങളായി അഭ്യൂഹം നിലനിന്നിരുന്നു. അവയെ ശരിവെച്ചുകൊണ്ടാണ്, വാഷിങ്ടണില് വ്യാഴാഴ്ച നടന്ന വാര്ത്താസമ്മേളനത്തില് ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല് ലിഗോ സംഘം സ്ഥിരീകരിച്ചത്.
‘ഞങ്ങള്ക്കത് സാധിച്ചു’, കാലിഫോര്ണിയ ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (കാല്ടെക്) യിലെ ഗവേഷകനും ലിഗോ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡേവിഡ് റീറ്റ്സ് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ‘ഇത് സംബന്ധിച്ച് പ്രചരിച്ച മിക്ക അഭ്യൂഹങ്ങളും ശരിയാണ്’.
Einsteinആല്ബെര്ട്ട് ഐന്സ്റ്റൈന്.

ഗാലക്സികള് കൂട്ടിയിടിക്കുക, തമോഗര്ത്തങ്ങള് കൂട്ടിയിടിച്ച് ഒന്നാവുക തുടങ്ങിയ അത്യന്ത്യം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങള് നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള് സ്ഥലകാല ജ്യാമിതിയില് ഓളങ്ങളായി സഞ്ചരിക്കുമെന്നാണ് ഐന്സ്റ്റൈന്റെ സിദ്ധാന്തം പറയുന്നത്. അതിനാണ് ഗുരുത്വതരംഗങ്ങളെന്ന് പറയുന്നത്.
ഏതാണ്ട് 130 കോടി വര്ഷംമുമ്പ് രണ്ട് വിദൂര തമോഗര്ത്തങ്ങള് അത്യന്തം സംഘര്ഷഭരിതമായി കൂടിച്ചേര്ന്നപ്പോള്, സ്ഥലകാലജ്യാമിതിയിലുണ്ടാക്കിയ പ്രകമ്പനം ഭൂമിയെ കടന്നുപോയത് അടുത്തയിടെയാണ്. അഞ്ചുമാസംമുമ്പ് നടന്ന ആ കടന്നുപോകല് രേഖപ്പെടുത്താനും, അവ ഗുരുത്വതരംഗങ്ങളാണെന്ന് തിരിച്ചറിയാനും ലിഗോ പരീക്ഷണത്തില് സാധിച്ചു. ഏതാണ്ട്, നാലു പതിറ്റാണ്ടായി ഗുരുത്വതരംഗങ്ങള് കണ്ടെത്താന് നടക്കുന്ന ഊര്ജിതശ്രമങ്ങളാണ് ഇതോടെ സഫലമാകുന്നത്.
പ്രപഞ്ചത്തിന്റെ സ്ഥലകാല ജ്യാമിതിയില് ഗുരുത്വതരംഗങ്ങള് മൂലമുള്ള പ്രകമ്പനങ്ങള് സൂക്ഷ്മമായി രേഖപ്പെടുത്തുകയാണ് ലിഗോ പരീക്ഷണത്തില് ചെയ്യുക. അതിനായി യു.എസിലെ ഹാന്ഫഡ്, വാഷിങ്ടണ്, ലിവിങ്ടണ്, ലൂസിയാന എന്നിവിടങ്ങളില് സ്ഥാപിച്ചിട്ടുള്ള അന്ത്യന്തം ലോലമായ ഡിറ്റെക്ടറുകള് ഉപയോഗിക്കുന്നു.
ലിഗോ സംവിധാനത്തില് ഉപയോഗിച്ചിട്ടുള്ള നാലു കിലോമീറ്റര് വീതം നീളമുള്ള പൈപ്പുകളുടെ നീളത്തിലുണ്ടാകുന്ന സൂക്ഷ്മവ്യത്യാസം ലേസര് രശ്മികളുപയോഗിച്ച് അളന്നാണ് ഗുരുത്വതരംഗങ്ങളുടെ സിഗ്നലുകള് കണ്ടെത്തുക.
LIGOലിഗോ പരീക്ഷണത്തിന്റെ ഒരു ഭാഗം.

ഇപ്പോള് ലിഗോ സംഘം തിരിച്ചറിഞ്ഞ ഗുരുത്വതരംഗങ്ങള്, ഭൂമിയെ ഒരു നാനോമീറ്ററിന്റെ ഒരുലക്ഷത്തിലൊന്ന് ഭാഗം ചുരുക്കാനും വികസിപ്പിക്കാനും ശേഷിയുള്ളതാണ്. ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ അത്രയാണ് ഈ വലിപ്പം വരിക.
ഐന്സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് സ്ഥിരീകരണം ഏറുക മാത്രമല്ല, തമോഗര്ത്തങ്ങളുണ്ട് എന്നതിന് ശക്തമായ തെളിവുകൂടി ആണ് ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തല്. ‘ഇത് നൊബേല് നേട്ടമാണ്’, ബാള്ട്ടിമോര് യൂണിവേഴ്സിറ്റിയിലെ സൈദ്ധാന്തിക ഗവേഷകന് മാര്ക് കമിയോന്കോവ്സ്കി പറഞ്ഞു.
ഗുരുത്വതരംഗങ്ങളെ പ്രപഞ്ചനിരീക്ഷണത്തിനുള്ള പുതിയൊരു ഉപാധിയായി മാറ്റാം എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത. പ്രപഞ്ചത്തിലേക്ക് പുതിയൊരു വാതായനം തുറക്കലാകുമതെന്ന്, കഴിഞ്ഞ മാസം ലിഗോ പരീക്ഷണത്തില് ഗുരുത്വതരംഗങ്ങള് കണ്ടെത്തിയെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് പ്രസിദ്ധ ശാസ്ത്രജ്ഞന് ലോറന്സ് ക്രോസ് പറഞ്ഞിരുന്നു.image (26)image (25)

LEAVE A REPLY

Please enter your comment!
Please enter your name here