കേരളം-2 തെലങ്കാന-0 :ഫിറോസിനും സീസണിനും ഗോള്

# സിറാജ് കാസിം February 12, 2016, 03:34 AM ISTT- T T+ image തെലങ്കാനക്കെതിരെ കേരള ക്യാപ്റ്റന് ഷിബിന് ലാലിന്റെ ഹെഡര് -ഫോട്ടോ: വി. രമേഷ്
ചെന്നൈ: സന്തോഷ് ട്രോഫി ഫുട്ബോളില് കേരളം ജയത്തോടെ തുടങ്ങി. പക്ഷേ, ഗോള്ശരാശരിയില് പിന്നിലായതോടെ അടുത്തമത്സരം ജയിച്ചാലേ കേരളത്തിന് ഫൈനല്റൗണ്ടിലെത്താനാകൂ. ആദ്യമത്സരത്തില് തെലങ്കാനയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്ക്കാണ് കേരളം മറികടന്നത്. ആദ്യപകുതിയില് കെ. ഫിറോസും സീസണും ഗോള് കണ്ടെത്തി. ശനിയാഴ്ച തമിഴ്നാടിനെതിരെയാണ് അടുത്തമത്സരം. രണ്ടാം തോല്വിയോടെ തെലങ്കാന ടൂര്ണമെന്റില്നിന്ന് പുറത്തായി.
തെലങ്കാനയ്ക്കെതിരെ 4-3-3 എന്ന ശൈലിയില് ഇറങ്ങിയ കേരളം ഫിറോസിനെ സെന്ട്രല് സ്ട്രൈക്കറാക്കിയപ്പോള് സീസണിനെയും ഷൈജുമോനെയും വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് നിയോഗിച്ചു. കേരളത്തിന്റെ കളിയൊഴുക്കിന് തടയിടാന് അഞ്ചുപേരെ പ്രതിരോധത്തിലേക്കിറക്കിയ തെലങ്കാനയുടെ തന്ത്രമാണ് ആദ്യനിമിഷങ്ങളില് വിജയിച്ചത്. എന്നാല്, പഴുത് നോക്കിനടന്ന കേരളം 11-ാം മിനിറ്റില് ഫിറോസിലൂടെ കെട്ടുപൊട്ടിച്ചു.
വലതുവിങ്ങിലൂടെ സീസണ് നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. സീസണ് കോര്ണറിനടുത്തുനിന്ന് നല്കിയ ക്രോസ് ബോക്സിലെത്തുമ്പോള് ഫിറോസും പ്രവീണും അടുത്തടുത്തായിരുന്നു. പന്ത് കാലില് കൊരുത്തെടുത്ത് ഫിറോസ് നടത്തിയ പ്ലേസിങ്ങിന് തെലങ്കാന ഗോളിക്ക് മറുപടിയുണ്ടായില്ല (1-0). തൊട്ടുപിന്നാലെ ഗോളിമാത്രം മുന്നില്നില്ക്കെ സീസണ് സുവര്ണാവസരം പാഴാക്കിയതോടെ കോച്ച് തലയില്കൈവച്ചു.
ഗോളിനുശേഷവും കേരള മധ്യനിര കളിയൊഴുക്കിലെത്തിയില്ല. പ്രവീണും ഷൈജുമോനും പലപ്പോഴും സ്ഥാനംമാറി കയറിയിറങ്ങിക്കളിച്ചെങ്കിലും എതിര്ബോക്സിലേക്ക് പന്തെത്തിയില്ല. ഇതോടെ സെന്ട്രല് സ്ട്രൈക്കര് ഫിറോസ് പലപ്പോഴും പിന്നിലേക്കിറങ്ങിവന്നു. ആദ്യപകുതിയുടെ അവസാനം ഷൈജുമോന് തുടങ്ങിയ നീക്കമാണ് രണ്ടാം ഗോളിലെത്തിയത്. ഷൈജു കൊടുത്ത പാസ് മനോഹരമായ ക്രോസിലൂടെ ലിജോ ബോക്സിലേക്ക് നല്കിയപ്പോള് സീസണ് ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി (2-0).
കേരള മധ്യനിരയെ ഞെരുക്കിയ തെലങ്കാന പ്രതിരോധത്തിനാണ് രണ്ടാംപകുതിയിലും കൂടുതല് മാര്ക്ക്.
56-ാം മിനിറ്റില് കേരളം പ്രവീണിന് പകരം റാഫിയെ ഇറക്കി. ഇതിനിടെ തെലങ്കാന കേരള ഗോളിയെ പരീക്ഷിക്കുകയും ചെയ്തു. സീസണിന് പകരം ജിപ്സണും ഷൈജുമോന് പകരം സുമേഷും കളത്തിലെത്തിയതോടെ കളിമാറി. അപാരമായ വേഗംകൊണ്ട് പലതവണ ജിപ്സണ് തെലങ്കാന പ്രതിരോധത്തില് വിള്ളല്വീഴ്ത്തി. 81-ാം മിനിറ്റില് ജിപ്സണ് ബോക്സിലേക്ക് നല്കിയ ക്രോസില് ഫിറോസ് നടത്തിയ ബൈസിക്കിള് കിക്ക് ഗോളാകാതെപോയി.
റാഫി, പ്രവീണ്, ഷഹിന്ലാല് എന്നിവര്ക്ക് അരങ്ങേറ്റമായ മത്സരത്തില് കേരള പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. തെലങ്കാനയ്ക്ക് ഒരവസരവും നല്കാതെ കടുകട്ടിയായിനിന്ന കേരള പ്രതിരോധത്തിന് കിട്ടിയ അംഗീകാരമായിരുന്നു ഷെറിന് സാമിന്റെ പ്ലേയര് ഓഫ് ദ മാച്ച് പുരസ്കാരം. വെള്ളിയാഴ്ച ഗ്രൂപ്പ് ബിയില് കര്ണാടക പോണ്ടിച്ചേരിയെ നേരിടും. സര്വീസസും ആന്ധ്രയും തമ്മിലാണ് രണ്ടാമത്തെ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here