സന്തോഷ് ട്രോഫി: കേരളം-തെലങ്കാന മത്സരം 4.30ന്

ചെന്നൈ: കാത്തിരിപ്പ് അവസാനിപ്പിച്ച് മികച്ച വിജയം നേടാന് കേരളം വ്യാഴാഴ്ച കളത്തിലിറങ്ങുന്നു. സന്തോഷ് ട്രോഫി ഫുട്ബോളില് തെലങ്കാനയാണ് വ്യാഴാഴ്ച കേരളത്തിന്റെ എതിരാളികള്. ആന്ഡമാന് പിന്മാറിയതിനാല് ആദ്യകളിയില് വാക്കോവറായ കേരളത്തിന് ഒന്നാംഘട്ടം പിന്നിടണമെങ്കില് മികച്ച മാര്ജിനില് ജയിച്ച് ചുവടുറപ്പിക്കണം.
തമിഴ്നാടിനോട് മൂന്നുഗോളുകള്ക്ക് തോറ്റാണ് തെലങ്കാന കേരളത്തിന് മുന്നിലെത്തുന്നത്.

അതുകൊണ്ടുതന്നെ തമിഴ്നാട് ജയിച്ചതിലും മികച്ച മാര്ജിനില് ജയിക്കുകയെന്നതിനാണ് ഊന്നല്. നാലുഗോള് വ്യത്യാസത്തില് ജയിച്ചാല് ശനിയാഴ്ചത്തെ നിര്ണായകമായ കളിയില് തമിഴ്നാടിനോട് സമനിലപിടിച്ചാലും കേരളം ഫൈനല്റൗണ്ടിലെത്തും.
കുറഞ്ഞസമയത്തിനുള്ളില് ഒരുക്കിയ യുവനിരയുമായാണ് കേരളം സന്തോഷ് ട്രോഫി പോരാട്ടങ്ങള്ക്കെത്തുന്നത്. കേരള പോലീസ് താരം കെ. ഫിറോസും സുഹൈറും അടങ്ങിയ മുന്നേറ്റനിരയുടെ പ്രകടനമാണ് കേരളം ഉറ്റുനോക്കുന്നത്.

ഒരിടവേളയ്ക്കുശേഷം ഫോം വീണ്ടെടുത്ത് ടീമില് തിരിച്ചെത്തിയ ഫിറോസിന്റെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്നാണ് കോച്ച് നാരായണമേനോന് കണക്കുകൂട്ടുന്നത്. ഷൈജുമോനും പ്രവീണ്കുമാറും മുന്നേറ്റനിരയില് കേരളത്തിന് പ്രതീക്ഷയര്പ്പിക്കാവുന്ന കളിക്കാരാണ്.

4-3-3 ശൈലിയില് ടീമിനെ കളിപ്പിക്കാന് ഇഷ്ടപ്പെടുന്ന നാരായണമേനോന് മധ്യനിരയില് ക്യാപ്റ്റന് ഷിബിന് ലാലിനെയാകും പ്ലേമേക്കറുടെ റോളിലെത്തിക്കുക. പ്രതിരോധനിരയില് സുര്ജിത്ത്, രാഹുല്രാജ്, ഷെറിന് സാം, ലിജോ എന്നിവര് ആദ്യ ഇലവനില് ബൂട്ടുകെട്ടും. വലകാക്കാനുള്ള ചുമതല ഷഹിന് ലാലിനാണ്.
ബുധനാഴ്ച രാവിലെ കേരളം രണ്ടുമണിക്കൂറോളം പരിശീലനം നടത്തി. ആര്ക്കും പരിക്കില്ലാത്തിനാല് ക്യാപ്റ്റന് ഷിബിന് ലാലും കോച്ചും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here