251 രൂപയ്ക്കു സ്മാർട്ഫോൺ എന്ന മോഹന വാഗ്ദാനവുമായി രംഗത്തുള്ള റിങ്ങിങ് ബെൽസ് കമ്പനി ഫോൺ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു. വൻ വിലക്കുറവിൽ ഫോൺ വിൽക്കുന്നതിനെക്കുറിച്ചു സംശയം വർധിച്ചു വരുന്നതിനിടെയാണ് ബുക്കിങ് നിർത്തിയത്. തിരക്കു കൂടിയതിനാൽ വെബ്സൈറ്റ് തകരാറിലായതാണു കാരണം. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചു ബുക്കിങ് പുനരാരംഭിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. രാവിലെ ആറിനാണ് ഫ്രീഡം 251 എന്ന ബ്രാൻഡ് നാമത്തിലുള്ള 3ജി സ്മാർട് ഫോണിന്റെ മുൻകൂർ ബുക്കിങ് ആരംഭിച്ചത്.

തുടങ്ങിയതു മുതൽ വെബ്സൈറ്റിൽ വൻ സന്ദർശക പ്രവാഹമായിരുന്നു. ഒരു സെക്കൻഡിൽ ആറു ലക്ഷം ഹിറ്റുകൾ വരെ വന്നതോടെ സെർവറുകൾ തകരാറിലായി. ഇതോടെ ബുക്കിങ് നിർത്തി. ബുധനാഴ്ച മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ സാന്നിധ്യത്തിലാണ് ഫ്രീഡം ഫോൺ പുറത്തിറക്കിയത്. പ്രതിരോധമന്ത്രി മനോഹർ പരീക്കർ ചടങ്ങിൽ പങ്കെടുക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും വന്നില്ല.

ക്യാബിനറ്റ് യോഗം നീണ്ടുപോയതുകൊണ്ടാണ് പരീക്കർ വരാതിരുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോൺ എന്നനിലയിൽ വൻ വാർത്താപ്രാധാന്യം ലഭിച്ച ഫ്രീഡം 251നെ സംശയദൃഷ്ടിയോടെയാണു മറ്റു മൊബൈൽ ഫോൺ കമ്പനികൾ കാണുന്നത്. ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനോട് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മറ്റു കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here