ഉരുളക്കിഴങ്ങ് കൂടുതൽ കഴിക്കുന്ന സ്ത്രീകള്‍ക്ക് ഗർഭാവസ്ഥയിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. സ്ത്രീകൾ ആഹാരക്രമത്തിൽ ഉരുളക്കിഴങ്ങ് ഒഴിവാക്കി കൂടുതൽ പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തിയാൽ ഗർഭാവസ്ഥയിലുള്ള പ്രമേഹം പിടിപെടുന്നത് ഒഴിവാക്കാൻ സാധിക്കും.

ഗർഭാവസ്ഥയിലുള്ള പ്രമേഹം ഗർഭിണികളിൽ ഷുഗറിന്റെ അളവു കൂടുന്നതുമൂലം സംഭവിക്കുന്നതാണ്. ഇത് ഭാവിയിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെയും ഹവാർഡ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനങ്ങൾക്കു നേതൃത്വം നൽകിയത്

1991നും 2001നും ഇടയിൽ 15000 സ്ത്രീകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഓരോ നാലു വർഷം കൂടുമ്പോഴും പഠനത്തിൽ ഉൾപ്പെടുത്തിയ സ്ത്രീകളുടെ ഭക്ഷണരീതികൾ നിരീക്ഷിച്ചിരുന്നു. ഉരുളക്കിഴങ്ങ് കൂടുതൽ കഴിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഗർഭകാലയളവിൽ പ്രമേഹം വരുന്നതായി കണ്ടെത്തി. ബ്രിട്ടിഷ് മെഡിക്കൽ ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.