വിവാദങ്ങളിൽ നിന്നൊരു സ്വാതന്ത്ര്യം– ‌ഫ്രീഡം 251 ‌സ്മാർട് ഫോൺ പുറത്തിറക്കുന്ന റിങിങ് ബെൽസ് കമ്പനിയുടെ ഇപ്പോഴുള്ള ആഗ്രഹം ഒരുപക്ഷേ ഇതായിരിക്കാം. കാരണം, ഓരോ പാർട്സും തരംതിരിച്ച് വിലയിട്ടാൽപ്പോലും ഇത്തരം ഫീച്ചറുകളോടെ ഒരു ഫോൺ പുറത്തിറക്കാൻ ഏറ്റവും കുറഞ്ഞത് 2300 രൂപയെങ്കിലും ചെലവിടേണ്ടി വരുമെന്ന് ടെലികോം മന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവിൽ വിതരണം ചെയ്യുന്നവരിൽ നിന്നു മൊബൈൽ പാർട്സ് വാങ്ങിയാൽ പോലും ഉൽപാദനച്ചെലവ് 2700 രൂപയെങ്കിലും ആകുമെന്നാണ് ഇന്ത്യൻ സെല്ലുലാർ അസോസിയേഷന്റെ വിലയിരുത്തൽ.

ഇതിനോടൊപ്പം വിവിധ നികുതികളും തീരുവകളും വിതരണച്ചെലവുമെല്ലാം ചേരുന്നതോടെ 4100 രൂപയെങ്കിലും വരും ആകെ റീട്ടെയ്‌ൽ വില. പക്ഷേ ആ സ്ഥാനത്ത് വെറും 251 രൂപയ്ക്കാണ് റിങിങ് ബെൽസിന്റെ ഫ്രീഡം ഫോൺ വിൽക്കുന്നത്. സംഗതി തട്ടിപ്പാണെന്നും, കാശടച്ച ഒരാൾക്കു പോലും ഫോൺ കിട്ടാൻ പോകുന്നില്ലെന്നും വാർത്ത വന്നതോടെ വിശദീകരണവുമായി റിങിങ് ബെൽസ് സ്ഥാപകൻ തന്നെ രംഗത്തെത്തിയിരിക്കുന്നു–ബുക്ക് ചെയ്തവർക്കെല്ലാം ഫ്രീഡം 251 കൃത്യമായി ഒട്ടും വൈകാതെ തന്നെ എത്തിക്കുമെന്ന് മാത്രമല്ല വിൽപനയിലൂടെ 31 രൂപയുടെ ലാഭവും കമ്പനിയുണ്ടാക്കുമെന്നാണ് ഡയറക്ടർ മോഹിത് ഗോയലിന്റെ പ്രസ്താവന.

കമ്പനി വെബ്സൈറ്റിൽ ഫെബ്രുവരി 18ന് ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസത്തിനകം 6.17 കോടി പേരാണ് റജിസ്റ്റർ ചെയ്തത്. തിരക്കേറിയതിനാൽ ബുക്കിങ്ങും കമ്പനി അവസാനിപ്പിച്ചു. ഏപ്രിൽ 15ന് ഫോണിന്റെ വിതരണം ആരംഭിക്കുമെന്നാണ് മോഹിത് പറയുന്നത്. ജൂൺ 30നകം സകലർക്കും ഫോൺ കൊടുത്തു തീർക്കുമത്രേ! എന്നാൽ എത്രപേർക്കെന്നു മാത്രം കൃത്യമായി പറഞ്ഞിട്ടില്ല. മാത്രവുമല്ല ലഭിച്ച കാശു മുഴുവൻ ഐസിഐസിഐ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ഫ്രീഡം 251 ഫോൺ വിതരണത്തിന്റെ സമയത്തു മാത്രമേ അതിൽ നിന്നൊരു ചില്ലിക്കാശു പോലും തൊടുകയുള്ളൂവെന്നും ഗോയൽ മാധ്യമങ്ങളോട് ആണയിടുന്നു. നാല് ഇഞ്ച് ഡിസ്പ്ലേ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമറി, ഇരട്ടക്യാമറ തുടങ്ങിയ ഫീച്ചറുകളുമായാണ് ഫ്രീഡം 251 ഫോൺ അണിയറയിലൊരുങ്ങുന്നത്.

‘ലാഭമെത്ര കിട്ടും’ എന്ന ചോദ്യം മാത്രം മനസ്സിൽ വച്ച് കമ്പനി തുടങ്ങുന്ന പല സംരംഭകർക്കു മുന്നിലും ചോദ്യചിഹ്നമായാണ് നിലവിൽ റിങിങ് ബെൽസിന്റെ നിൽപ്. സർക്കാർ സബ്സിഡി പോലുമില്ലാതെ എങ്ങനെ 251 രൂപയ്ക്ക് സ്മാർട് ഫോൺ പുറത്തിറക്കാനാകും? അതും നിലവിൽ കുറഞ്ഞത് 4000 രൂപയെങ്കിലും കൊടുത്താൽ മാത്രം കിട്ടുന്ന ഫീച്ചറുകളുമായി? വിവാദങ്ങൾക്കു വിരാമമിട്ട് മോഹിത് ഗോയലിനോടൊപ്പം കഴിഞ്ഞ ദിവസം റിങിങ് ബെൽസ് കമ്പനി പ്രസിഡന്റ് അശോക് ഛദ്ധയും ഇതിന്റെ ‘സാമ്പത്തിക’ വശത്തെക്കുറിച്ചുള്ള വിശദീകരണം നൽകിയിരുന്നു. അതിങ്ങനെ:

1) ഒരു ഫ്രീഡം 251 സ്മാർട് ഫോൺ തയാറാക്കുന്നതിന് 1500 രൂപയോളം ചെലവുണ്ടെന്നതാണ് സത്യം. തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഭാഗങ്ങൾ നോയിഡയിലെ ഒരു കമ്പനിയാണ് അസംബ്‌ൾ ചെയ്യുക. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം നിർമാണവും ഉൽപാദനവും നടത്തുന്നതിൽ ഈ ചെലവിൽ നിന്ന് 400 രൂപയോളം കുറയും.

2) ഫോൺ വിൽപന ഓൺലൈനിലൂടെ മാത്രമാണ്, അതിനാൽത്തന്നെ അവിടെയും 400 രൂപയോളം ലാഭിക്കാൻ പറ്റും.

3) 251 രൂപയ്ക്ക് ഫോണെന്നു കേട്ടാൽ ആരും ചാടി വീഴുമെന്നത് വിപണിയെപ്പറ്റി നന്നായറിയാവുന്ന ഏതൊരാൾക്കും ഉറപ്പാണ്. അതിനാൽത്തന്നെ വൻതോതിലുള്ള ഉൽപാദനവുമുണ്ടാകും. അതുവഴി 500 രൂപയെങ്കിലും കുറയ്ക്കാനുമാകും. ഉൽപാദനം കൂടുന്നതിനനുസരിച്ച് മൊത്തം ഉൽപാദനച്ചെലവിൽ കുറവു വരുന്ന (economy of scale) സാമ്പത്തികശാസ്ത്ര തന്ത്രം തന്നെയാണിത്. അതായത് ഒരു മാഗസിന്റെ 100 കോപ്പി പ്രിന്റടിയ്ക്കാൻ 5000 രൂപ ചെലവാണെങ്കിൽ സംഗതി 1000 കോപ്പി ഒറ്റയടിക്ക് പ്രിന്റ് ചെയ്യുകയാണെങ്കിൽ ഏഴായിരമോ എണ്ണായിരമോ രൂപയായി ചെലവ് കുറയുന്ന രീതി തന്നെ.

തീർന്നില്ല, ഫ്രീഡം 251 വഴി വളരെ കുറഞ്ഞ ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും ഛദ്ധ പറയുന്നു. ലക്ഷ്യം കമ്പനിയെ നാലാളറിയുന്ന ഒരു ‘സംഭവമാക്കുക’ എന്നതാണ്. എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടാൽ പിന്നീട് മറ്റു വഴികളിലൂടെയും വരുമാനമുണ്ടാക്കാനാകും. വൈകാതെ തന്നെ സ്വന്തമായി സിം കാർഡ് പുറത്തിറക്കാനുള്ള റിങിങ് ബെൽസിന്റെ തീരുമാനവും അതിന്റെ ചുവടുപിടിച്ചാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ചുമ്മാതെ കുറച്ച് സിമ്മുമായി വിൽപനയ്ക്കിറങ്ങിയാൽ ആരറിയാനാണ്? കുറേയൊക്കെ തിരിച്ചടികളേറ്റെങ്കിലും ഇപ്പോൾ നാടാകെ പാട്ടല്ലേ റിങിങ് ബെൽസും ഫ്രീഡം ഫോണും. തങ്ങളുടെ മാർക്കറ്റിങ് തന്ത്രമാണ് ഈ വിലക്കുറവെന്നും കമ്പനി അവകാശപ്പെടുന്നു.

ഫ്രീഡം 251ൽ പ്രീ ഇൻസ്റ്റാൾ ചെയ്ത് ചില ആപ്ലിക്കേഷനുകളും നൽകുന്നുണ്ട്. കോടിക്കണക്കിനു പേർ വാങ്ങുന്ന ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ താൽപര്യമുള്ള കമ്പനികളുമായും റിങിങ് ബെൽസ് ചർച്ച നടത്തുന്നുണ്ട്. അതുവഴിയും കിട്ടും കുറച്ച് ലാഭം.

വെറും അഞ്ചുമാസം മുൻപാണ് മോഹിത് ‌ഗോയലിന്റെ നേതൃത്വത്തിൽ റിങിങ് ബെൽസ് ആരംഭിക്കുന്നത്. ആഡ്കോം കമ്പനിയുടെ ഐകൺ4 ഫോൺ റീബ്രാൻഡ് ചെയ്തിറക്കിയതാണ് ഫ്രീഡം 251 എന്ന് മറ്റൊരു വിമർശനവുമുണ്ട്. മാത്രവുമല്ല ഐഫോണിന്റെ യൂസർ ഇന്റർഫേസ് അതേപിടി കോപ്പിയടിച്ചതാണെന്നും വന്നു ആരോപണം. എന്നാൽ ലോഞ്ച് ചെയ്ത സമയത്ത് കാണിച്ച ഫോണായിരിക്കില്ല തങ്ങളുടെ ഫൈനൽ പ്രോഡക്ട് എന്നാണ് കമ്പനി അധികൃതർ പറയുന്നത്. അതായത് എല്ലാം കാത്തിരുന്നു കാണൂ എന്ന്. ‘ഞങ്ങൾ കൊള്ളക്കാരല്ല, ആരുടെയും കാശും കൊണ്ട് ഓടിപ്പോകുകയുമില്ല. ഞങ്ങൾക്കെതിരെ എഫ്ഐആറുകളൊന്നുമില്ല, നികുതി വെട്ടിപ്പിനും കേസില്ല. മറ്റെല്ലാവരെയും പോലും വിപണിയിലേക്ക് പ്രതീക്ഷകളോടെയിറങ്ങുന്ന സംരംഭകരാണ് റിങിങ് ബെൽസും…’ മോഹിത് കുമാർ ഗോയലിന്റെ ഈ വാക്കുകൾ വിശ്വസിക്കാമെങ്കിൽ ജൂൺ 30 വരെ കാത്തിരിക്കാം. ഒന്നുകിൽ വൻ വിവാദം അല്ലെങ്കിലൊരു വമ്പൻവിജയം, ഉറപ്പാണ്…

LEAVE A REPLY

Please enter your comment!
Please enter your name here