ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ ബജറ്റ് 12 മണിക്ക് ലോക്‌സഭയില്‍ അതവരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ യാത്ര, ചരക്കുകൂലി കൂട്ടാതെ തരമില്ലാത്ത സാഹചര്യമാണുള്ളത്.
എന്നാല്‍ നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും ഡീസല്‍വില കുറഞ്ഞതും കണക്കിലെടുത്ത് വന്‍തോതിലുള്ള നിരക്കുവര്‍ധന ബജറ്റില്‍ ഒഴിവാക്കാനാണ് സാധ്യത.
ബജറ്റ് അവതരണം കഴിഞ്ഞാല്‍ ഏതുഘട്ടത്തിലും നിരക്ക് വര്‍ധിപ്പിക്കാമെന്നതാണ് നിര്‍ദേശം. ബജറ്റിനെ സ്വാധീനിച്ചേക്കാവുന്ന 10 കാര്യങ്ങള്‍ വിലയിരുത്താം.
1. ധനനസ്ഥിതി
യാത്രാ, ചരക്ക് കൂലിയിനത്തില്‍ വന്‍വരുമാനനഷ്ടമാണ് റെയില്‍വേയ്ക്കുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ 10 മാസത്തെ കണക്കെടുക്കുകയാണെങ്കില്‍ ഈയിനത്തിലുള്ള വരുമാന വര്‍ധന ആറ് ശതമാനംമാത്രമാണ്. മുന്‍വര്‍ഷങ്ങളില്‍ ഇത് 10 ശതമാനത്തിന് മുകളിലായിരുന്നു.
2. ശമ്പള വര്‍ധന
ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ 28,450 കോടി രൂപയുടെ അധിക ബാധ്യതയാണ് റെയില്‍വേയ്ക്കുണ്ടാകുക. ജീവനക്കാരും പെന്‍ഷന്‍കാരുമായി 2.6 കോടി പേര്‍ക്കാണ് ശമ്പളവര്‍ധനവിന്റെ ആനുകൂല്യം നല്‍കേണ്ടിവരിക.
3. നവീകരണം
റെയില്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ 8.5 ലക്ഷം കോടി രൂപയാണ് ഇതിനുവേണ്ടി കണ്ടെത്തേണ്ടിവരിക.
4. ബജറ്റ് വകയിരുത്തല്‍
കഴിഞ്ഞവര്‍ഷം 40,000 കോടി രൂപയുടെ വിഹിതമാണ് സര്‍ക്കാരില്‍നിന്ന് റെയില്‍വേയ്ക്ക് ലഭിച്ചത്. യഥാസമയം ചെലവാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഇത്തവണയും ബജറ്റ് വിഹിതമായി കൂടുതല്‍ തുക ലഭിക്കുമെന്നാണ് റെയില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
5. യാത്രക്കൂലി
നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പെട്ടെന്നൊരു നിരക്ക് വര്‍ധന ഉണ്ടായേക്കില്ല. എസി കോച്ചുകളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ലൈന്‍ കമ്പനികളില്‍നിന്ന് കനത്ത മത്സരമാണ് റെയില്‍വേ നേരിടുന്നത്.
6. പ്രീമിയം ട്രെയിനുകള്‍
തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ പ്രീമിയം ട്രെയിനുകള്‍ ഓടിക്കുന്നതിന് കൂടുതല്‍ പണം സമാഹരിക്കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
7. ചരക്ക് കൂലി
യാത്രക്കൂലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചരക്ക് കൂലി കൂടുതലാണ് ഈടാക്കുന്നത്. വ്യവസായ ലോകത്തെ മാന്ദ്യത്തിനിടയില്‍ ചരക്കുകൂലി കൂട്ടുന്നത് ആശാസ്യകരമല്ലെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം ഡീസല്‍ വിലയിടിവും മുഖവിലയ്‌ക്കെടുക്കേണ്ടിവരും.
8. ബുള്ളറ്റ് ട്രെയിന്‍
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി(മുംബൈ-അഹമ്മദാബാദ്)യെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ബജറ്റില്‍ വിശദമാക്കിയേക്കും. 98,000 കോടിയുടെ പദ്ധതിയുടെ 80 ശതമാനംതുകയും ജപ്പാന്‍ വായ്പയായി നല്‍കും.
9 സുരക്ഷ
അപകടങ്ങള്‍ കുറയ്ക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി സുരക്ഷ സെസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
10. മെയ്ക്ക് ഇന്‍ ഇന്ത്യ
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രത്യേക ചരക്ക് ഇടനാഴികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും റെയില്‍വെ ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here