അച്ഛനു വന്ന അസുഖം കാൻസറായത് ഒരു തരത്തിൽ ഭാഗ്യമായി എന്നാണ് സുബിൻ പറഞ്ഞത്. ബഹറിനിൽ ഒരു മീറ്റിങ്ങിനു പോയപ്പോളാണ് സുബിനെ കണ്ടത്. അവിടെ ഒരു പ്രസിദ്ധീകരണത്തിന്റെ ഫോട്ടോഗ്രാഫറാണ് സുബിൻ. സുബിന്റെ അച്ഛൻ സുകുമാരൻ കുറേനാൾ കാൻസർ ചികിൽസയ്ക്കായി ആശുപത്രിയിലുണ്ടായിരുന്നു.

അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കുമ്പോൾ അവരെ പരിചരിക്കാൻ വേണ്ടി സുബിൻ ലീവെടുത്ത് നാട്ടിൽ വന്നു താമസിച്ചു. നാലുമാസത്തോളം അദ്ദേഹം അച്ഛനമ്മമാർക്ക് സഹായിയായി നിന്നിരുന്നു. അസുഖത്തെക്കുറിച്ച് മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും അച്ഛനും അമ്മയ്ക്കും സമയം ലഭിച്ചു. അച്ഛനെ പരിചരിക്കാനും അതിന് അമ്മയെ സഹായിക്കാനും സുബിന് അവസരം ലഭിച്ചു. അതാണ് ഒരു തരത്തിൽ ഭാഗ്യമായി എന്ന് സുബിൻ പറഞ്ഞത്.
ബഹറിനിൽ ഞാൻ എത്തിയപ്പോൾ സുബിൻ പറഞ്ഞത് രണ്ടു ദിവസം ലീവെടുത്ത് ഡോക്ടറുടെ പേഴ്‌സണൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നാണ്. രണ്ടു ദിവസം ഏതാണ്ട് മുഴുവൻ സമയവും അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

അച്ഛന്റെ ചികിൽസയെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സുബിൻ വളരെ നേരം സംസാരിച്ചു. എട്ടാം മാസത്തിൽ ജനിച്ച തന്നെ വളർത്തിയെടുക്കാൻ വേണ്ടി അച്ഛനമ്മമാർ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ പറഞ്ഞു കേട്ടിട്ടുണ്ട് സുബിൻ. പ്രത്യേകം പഞ്ഞിക്കിടക്കയുണ്ടാക്കി കിടത്തി നാലഞ്ചു വയസ്സുവരെ പരിചരിച്ച് വളർത്തിയെടുത്ത കാര്യം പറഞ്ഞിട്ട് സുബിൻ പറഞ്ഞു- എല്ലാ അച്ഛനമ്മമാരും മക്കളെ വളർത്തിക്കൊണ്ടു വരുന്നത് അതു പോലെ തന്നെ ആയിരിക്കുമല്ലോ. അതിനൊന്നും പകരം ചെയ്യാൻ ആർക്കുമാവില്ലല്ലോ…
അച്ഛനും അമ്മയും ആശുപത്രിയിൽ ധരിച്ച വസ്ത്രങ്ങൾ വീട്ടിൽ കൊണ്ടു പോയി കഴുകി ഇസ്തിരിയിട്ട്, അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി എല്ലാ ദിവസവും ആശുപത്രിയിലെത്തിയിരുന്നപ്പോൾ ജീവിതത്തിന് അർഥമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണല്ലോ എന്ന തോന്നലാണുണ്ടായതെന്ന് പറഞ്ഞു സുബിൻ. ചില ദിവസങ്ങളിൽ അച്ഛന് ഭക്ഷണം വായിൽ വെച്ചു കൊടുക്കുമ്പോൾ മനസ്സ് വിങ്ങി നിറയുമായിരുന്നു…
സുബിൻ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഓഫീസിലും പോയിരുന്നു. ഒരു സ്വീഡൻകാരനാണ് അതിന്റെ ഉടമ. അദ്ദേഹം തന്നെയാണ് സ്ഥാപനം നടത്തുന്നതും. ഗോവക്കാരിയാണ് ഉടമയുടെ ഭാര്യ. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ പോയി അച്ഛനെ ശുശ്രൂഷിച്ചിട്ട് വരിക എന്നു പറഞ്ഞ് നാലുമാസത്തെ അവധി അനുവദിച്ചു സ്ഥാപനം. കുടുംബാംഗങ്ങൾ തമ്മിലുള്ള മികച്ച ബന്ധത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാരുടെ മൂല്യങ്ങൾ വളരെ ഉയർന്നതാണെന്ന് അവർക്കറിയാം.
ആ ബഹറിൻ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കൂടെ കോശിയും ഉണ്ടായിരുന്നു. കോഴഞ്ചേരിക്കാരൻ കോശി പഴയൊരു സുഹൃത്താണ്. രണ്ടുമാസത്തിലൊരിക്കൽ കോശി ഗൾഫിൽ നിന്ന് നാട്ടിലെത്തും. രണ്ടു ദിവസം മുഴുവൻ അമ്മയോടൊപ്പം നിൽക്കും. നാട്ടിൽ അമ്മയെ നോക്കാൻ ആരുമില്ലാഞ്ഞിട്ടല്ല. അമ്മയ്ക്ക് പലരുമുണ്ടാകും പക്ഷേ, എനിക്ക് അമ്മയായി അമ്മ മാത്രമല്ലേ ഉള്ളൂ എന്നാണ് കോശി പറയുന്നത്.
ദുബായിയിൽ നിന്ന് അമ്മയുടെ ചികിൽസയ്ക്കായി വന്ന ഒരു മകനെയും മരുമകളെയും മുമ്പ് കണ്ടിരുന്നത് ഓർക്കുന്നു. എം.ബി.എ. പൂർത്തിയാക്കി ഗൾഫിൽ നല്ല ജോലി ചെയ്തിരുന്നവരാണ്. അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞപ്പോൾ അവരിങ്ങു പോന്നു. അങ്ങനെയൊക്കെ ചെയ്യാനാവുന്നവർ ചുരുക്കമായിരിക്കാം. പക്ഷേ, അതിനു തയ്യാറാവുന്നവർ നമ്മുടെ ഇടയിൽ ഇപ്പോഴുമുണ്ട്. നമ്മുടെ ചെറുപ്പക്കാരുടെ ഇടയിൽ.
വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ വീട്ടിലേക്ക് പോരുമ്പോൾ സിജുവാണ് കാറോടിച്ചിരുന്നത്. കോശിയോട് യാത്ര പറഞ്ഞ് പോരുമ്പോൾ അദ്ദേഹം അമ്മയുടെ അടുത്തു വരുന്ന കാര്യം സിജുവിനോട് പറഞ്ഞു. അപ്പോൾ സിജു പറഞ്ഞത് സിംഗപ്പൂരിൽ നിന്ന് പതിവായി നാട്ടിൽ വരാറുള്ള ഒരാളെക്കുറിച്ചാണ്.
ആളെക്കുറിച്ച് അധികമൊന്നും സിജുവിന് അറിയില്ല. പക്ഷേ, ഒന്നിലേറെ തവണ ടാക്‌സിയുമായി അദ്ദേഹത്തിനൊപ്പം പോയിട്ടുണ്ട്. സിംഗപ്പൂരിൽ നിന്ന് വന്നാൽ നെടുമ്പാശ്ശേരിയിൽ തന്നെയാണ് താമസിക്കുക. അടുത്ത ദിവസം പുതുപ്പള്ളി പള്ളിയിലും പരുമല പള്ളിയിലും പോകും. അവിടെ മണിക്കൂറുകളോളം ചെലവഴിക്കും. അടുത്ത ദിവസം സിംഗപ്പൂരിലേക്ക് മടങ്ങുകയും ചെയ്യും. നാട്ടിൽ കാര്യമായി ബന്ധുക്കളൊന്നുമില്ല. അച്ഛനമ്മമാരെ അടക്കിയ പള്ളിയിൽ പോകുന്നതാണ് എന്നേ അറിയൂ.
അച്ഛനമ്മമാരോട്, നമ്മെ നാമാക്കിയവരോട് ഒക്കെയുള്ള ഈ സ്നേഹവും ബഹുമാനവും, അവരെ സ്നേഹാദരങ്ങളോടെ ഓർക്കാനുള്ള മനസ്സ്… അതൊക്കെയാണ് നമ്മളെ മനുഷ്യരാക്കുന്നത്. ഈ സ്നേഹ ബഹുമാനങ്ങളും മൂല്യങ്ങളും കൈവരുന്നത് നമ്മുടെ മനോഭാവത്തിൽ നിന്നാണ്. അതിൽ ജാതിയോ മതമോ വിദ്യാഭ്യാസമോ രാഷ്ട്രീയമോ ഒന്നും ബാധകമല്ല. മനുഷ്യരായിരിക്കുക എന്നതാണ്, അതുമാത്രമാണ് ഈ മൂല്യബോധത്തിനു പിന്നിൽ.
വേദനിക്കുന്നവരെ മനസ്സിലാക്കാൻ, മറ്റുള്ളവരെ മാനിക്കാൻ, നമ്മുടെ അച്ഛനമ്മമാരെ പരിചരിക്കാൻ നമുക്ക് സമയവും സന്മനസ്സുമില്ലെങ്കിൽ പിന്നെ മറ്റെന്തുണ്ടായിട്ടെന്ത്…

LEAVE A REPLY

Please enter your comment!
Please enter your name here