ഒരു കംപ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് അയയ്ക്കാവുന്ന വിധം ഇ–മെയിൽ കണ്ടുപിടിച്ചത് 1971ലാണ്. അതിനു മുൻപത്തെ തിയ്യതി വച്ചൊരു ഇ–മെയിൽ ആർക്കും കിട്ടിയിട്ടുണ്ടാകില്ല. പക്ഷേ ആ ഭാഗ്യം ഇപ്പോൾ ചില ഐഫോൺ–ഐപാഡ് ഉപഭോക്താക്കൾക്കു ലഭിച്ചിരിക്കുന്നു. 1969 ഡിസംബർ 31നും 1970 ജനുവരി ഒന്നിനും അയച്ച ഇ–മെയിലുകളാണ് ചില ഐഫോണുകളിലേക്കും ഐപാഡുകളിലേക്കും എത്തിയിരിക്കുന്നത്. പക്ഷേ ആരാണ് അയച്ചതെന്നോ എവിടെ നിന്നാണെന്നോ എന്തിനേറെ സബ്ജക്ട് പോലുമില്ലാതെയാണ് ഈ മെയിലിന്റെ വരവ്. ഡിലീറ്റ് ചെയ്തു കളയാനും പറ്റില്ല. മെയിലിൽ ആകെയുള്ളത് അയച്ച ദിവസം മാത്രം–അതും 1969 ഡിസംബർ 31 അല്ലെങ്കിൽ 1970 ജനുവരി 1. ഐഫോണിലും ഐപാഡിലുമുള്ള ഇമെയിൽ ആപ്ലിക്കേഷനുകൾ വഴി ഇ–മെയിൽ പരിശോധിച്ചവർക്കാണ് ഈ ‘പ്രേത’ മെയിലുകൾ ലഭിച്ചത്.

സംഗതി എന്തെങ്കിലും വൈറസാണോയെന്നന്വേഷിച്ച് പലരും സ്ക്രീൻഷോട്ട് സഹിതം പ്രശ്നം റെഡിറ്റിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ ഒരു രാജ്യത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തവർക്കാണ് ഈ പ്രശ്നമുണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. അതായത്, ടൈം സോൺ മാറിയതുകൊണ്ടുള്ള പ്രശ്നം. പല കംപ്യൂട്ടർ ഓപറേറ്റിങ് സിസ്റ്റവും സമയവും തിയ്യതിയും കണക്കുകൂട്ടാൻ വേണ്ടി ഒരു അംഗീകൃത ദിവസം നിശ്ചയിച്ചു വച്ചിട്ടുണ്ട്–1970 ജനുവരി ഒന്നാണത്. യുനിക്സ് ടൈം എന്നറിയപ്പെടുന്ന ഈ കോഡ് അന്നു മുതൽ ഓരോ സെക്കൻഡിലും പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്…എന്നിങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്.
യുനിക്സ് ടൈം പ്രകാരം നമ്മളിപ്പോൾ 1.45 ബില്യൺ പോയിന്റുകൾ പിന്നിട്ടിരിക്കുന്നു. എന്നാൽ ചില ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ടൈം സോൺ മാറുമ്പോൾ ഡീഫോൾട്ടായി യുനിക്സ് ടൈം 1970 ജനുവരി ഒന്നായി സെറ്റ് ചെയ്യപ്പെടും. അതുപ്രകാരമാണ് ഇമെയിൽ വന്നതും. അമേരിക്കയിലാകട്ടെ ടൈം സോണിലെ മാറ്റം കാരണം 1969 ഡിസംബർ 31ന് അയച്ച ഇ–മെയിലുകളാണ് പല ഐഫോൺ–ഐപാ ഡുകളിലേക്ക് എത്തിയത്.

ഈ ‘ബഗ്’ പ്രശ്നം നേരത്തേ ഫെയ്സ്ബുക്കിലുൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഫെയ്സ്ബുക്കിൽ പലരുടെയും സൗഹൃദം 46 വർഷം പിന്നിട്ടിരിക്കുന്നു എന്ന മട്ടിലായിരുന്നു ഇക്കഴിഞ്ഞ ജനുവരിയിൽ സന്ദേശങ്ങളെത്തിയത്. എന്നാൽ ഇത് ഫെയ്സ്ബുക്ക് സെർവറിൽ ഉപയോഗിച്ചിരുന്ന യുനിക്സ് ഒഎസിൽ സമയം രേഖപ്പെടുത്തിയതിന്റെ പ്രശ്നമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഐഫോണിലെ പ്രശ്നം പരിഹരിക്കുന്നതിനെപ്പറ്റി ആപ്പിൾ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഐഒഎസ് 9.3 അപ്ഡേഷനിൽ പ്രശ്നം പരിഹരിക്കുമെന്നാണു സൂചന.

മാത്രവുമല്ല മിക്ക ഇ–മെയിൽ ആപ്ലിക്കേഷനുകളും ക്ലോസ് ചെയ്ത് വീണ്ടും തുറന്നപ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെട്ടതായി കണ്ടെത്തി. അല്ലാത്തവർ ഹാർഡ് റീസെറ്റ് (ലോക്ക്, ഹോം ബട്ടണുകൾ ഒരുമിച്ച് പ്രസ് ചെയ്താണ് ഇതു സാധ്യമാക്കുന്നത്) ചെയ്തതോടെ ‘ഗോസ്റ്റ്’ മെയിലുകൾ വരാതെയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here