ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പില്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും സുപ്രീം കോടതിയുടെ വിമര്‍ശം. വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കാതെ വിദേശത്ത് മുങ്ങുന്നത് അറിയുന്നില്ലേയെന്ന് മദ്യ വ്യവസായി വിജയ് മല്യയുടെ പേര് പരാമര്‍ശിക്കാതെ സുപ്രീം കോടതി ചോദിച്ചു. 

വായ്പാ തട്ടിപ്പുകാരെ നിയന്ത്രിക്കേണ്ടതും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതും റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. ബാങ്കുകളില്‍ എത്ര കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെത്തണം. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും റിസര്‍വ് ബാങ്കിനും ധനകാര്യമന്ത്രാലയത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. 

പൊതുമേഖലാ ബാങ്കുകളുടെ അസോസിയേഷനും നോട്ടീസ് അയച്ചിട്ടുണ്ട്. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 150 സമ്പന്നരുടെ പട്ടിക റിസര്‍വ് ബാങ്ക് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, കിട്ടാക്കടം എത്രയെന്ന് വെളിപ്പെടുത്തുന്നത് സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് വാദിച്ചു. വര്‍ഷങ്ങളായി ബാങ്കുകള്‍ വികേന്ദ്രീകരണത്തിന്റെ പാതയിലാണ്. ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ റിസര്‍വ് ബാങ്ക് ഇടപെടാറില്ലെന്നും കേസില്‍ ബാങ്കുകളെയും ഉള്‍പ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പ്രതിനിധി വാദിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here