രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള വിൽപന വാങ്ങലിന് സേവനത്തിന് ഫീസ് ഈടാക്കുമ്പോൾ ഇടപാടുകാരന്റെ പെർമനന്റ് അക്കൗണ്ട് നമ്പറും സ്വന്തം നമ്പറും ബില്ലിലും മറ്റ് രേഖകളിലും കാണിച്ചിരിക്കണം. ഇത് വ്യവസ്ഥ ചെയ്യുന്ന ചട്ടം 114 ബി ഭേദഗതി 2016 ജനുവരി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കൂടാതെ പ്രതിഫലം പണമായി കൈപ്പറ്റിയാൽ 206 സി വകുപ്പ് പ്രകാരം സ്രോതസിൽ നികുതി പിരിക്കാനും ത്രൈമാസ ടിഡിഎസ് സ്റ്റേറ്റ്മെന്റ് സമർപിക്കാനും 115 ബി ചട്ടപ്രകാരമുള്ള സ്റ്റേറ്റ്മെന്റുകൾ സമർപിക്കാനും ബാധ്യസ്ഥരാണ്.

2016 ജനുവരി മുതൽ 114 ബി ചട്ടപ്രകാരം സാധനങ്ങൾ വിൽക്കുന്നവരും വാങ്ങുന്നവരും രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സാധനമാണെങ്കിൽ ഇടപാടുമായി ബന്ധമുള്ള എല്ലാ രേഖകളിലും വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും പെർമനന്റ് അക്കൗണ്ട് നമ്പർ കാണിക്കണം. ടാക്സ് ഇൻവോയിസിൽ മാത്രമല്ല, എല്ലാ രേഖകളിലും നമ്പർ കാണിക്കണം. വാറ്റ് നിയമപ്രകാരമുള്ള ഓൺലൈൻ രേഖകളിൽ നമ്പർ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം നിലവിലില്ല.

പെർമനന്റ് അക്കൗണ്ട് നമ്പറില്ലെങ്കിൽ ഇടപാടുകാരന്റെ പക്കൽനിന്നും ഫോം 60 ൽ ഡിക്ളറേഷൻ വാങ്ങണം. ഇടപാടുകാരൻ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പിതാവ്/മാതാവ്/രക്ഷാകർത്താവിന്റെ നമ്പർ കണിക്കണം.നമ്പർ രേഖകളിൽ കാണിക്കാതിരിക്കുന്നത് 272 ബി വകുപ്പ് പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. (മതിയായ കാരണം ബോധിപ്പിച്ചാൽ 273 ബി വകുപ്പു പ്രകാരം പിഴ ഒഴിവാക്കാൻ ഓഫിസർക്ക് അധികാരം നൽകുന്നുണ്ട്.)

സേവനങ്ങൾക്ക് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ ഫീസ് വാങ്ങുന്നുണ്ടെങ്കിലും ചട്ടം 114 ബി ബാധകമാണ്. ഇടപാടുകാരന്റെ നമ്പറും സ്വന്തം നമ്പറും ബില്ലിൽ കാണിച്ചിരിക്കണം, നമ്പർ ഇല്ലെങ്കിൽ ഫോം 60 കൈപ്പറ്റണം.

കരാർ പണി (വർക്ക്സ് കോൺട്രാക്റ്റിൽ) സാധനങ്ങളുടെ വിൽപനയും സേവനവും അടങ്ങിയിട്ടുള്ളതിനാൽ അവർക്കും ചട്ടം ബാധകമാണ്. പ്രതിഫലം പണമായി ആണ് കൈപ്പറ്റുന്നത് എങ്കിൽ ജനുവരി മുതൽ വാങ്ങുന്നയാളിൽ നിന്നും വിലയുടെ ഒരു ശതമാനം സ്രോതസിൽ ആദായ നികുതിയായും പിരിക്കണം. അതായത് വില രണ്ടര ലക്ഷം രൂപയാണെങ്കിൽ 2500 രൂപ സ്രോതസിൽ നികുതിയും ചേർത്ത് 202500 രൂപ വാങ്ങണം. (ഇടപാട് ബാങ്ക് വഴിയാണെങ്കിൽ സ്രോതസിൽ നികുതി പിടിക്കേണ്ട) സ്രോതസിൽ നികുതി പിടിക്കുന്നതിനോട് അനുബന്ധമായ നിയമങ്ങളും പാലിക്കണം. 203 എ വകുപ്പ് പ്രകാരം ടാക്സ് ഡിഡക്‌ഷൻ കളക്‌ഷൻ അക്കൗണ്ട് നമ്പർ എടുക്കണം (ടാൻ) സ്രോതസിൽ പിരിച്ച നികുതി അടുത്ത മാസം ഏഴാം തീയതിക്കകം സർക്കാരിലേക്ക് അടയ്ക്കണം. മൂന്നു മാസം കൂടുമ്പോൾ ഫോം നമ്പർ 27 ഇക്യുവിൽ ത്രൈമാസ സ്റ്റേറ്റ്മെന്റ് സമർപിക്കയും വേണം.

സ്രോതസിൽ പിരിച്ച നികുതി സാധനം വാങ്ങുന്നയാളുടെ പേരിൽ ആണ് അടയ്ക്കുന്നത്. സ്രോതസിൽ പിടിക്കുന്ന നികുതിക്കുള്ള സർട്ടിഫിക്കറ്റ് വ്യാപാരി/സേവന ദാതാവ് ഫോം 27 ഡിയിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു സാധനം വാങ്ങിയയാൾക്ക്/ഉപഭോക്താവിന് നൽകണം. ത്രൈമാസ സ്റ്റേറ്റ്മെന്റ് സമർപിച്ച് 15 ദിവസത്തിനുള്ളിൽ 27 ഡിയിലുള്ള സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം 37ഡി യിൽ പറയുന്നത്. സ്രോതസ്സിൽ നികുതി പിരിക്കാതിരുന്നാൽ സാധനം വിൽക്കുന്നയാളെ / സേവന ദാതാവിനെ അസസ്സി ഇൻ ഡീഫോൾട്ട് ആയി കണക്കാക്കി തുക ഈടാക്കാവുന്നതാണ്.

206 എഎ വകുപ്പ് പ്രകാരം സ്രോതസ്സിൽ നികുതി പിടിക്കുമ്പോൾ പെർമനന്റ് അക്കൗണ്ട് നമ്പർ ലഭ്യമല്ലെങ്കിൽ 20 % നികുതി പിടിക്കണം (206 സി വകുപ്പ് പ്രകാരം സ്രോതസ്സിലെ നികുതി പിരിവിനും ഈ നിയമം ബാധകമാണ്.) സ്രോതസ്സിൽ പിരിച്ച നികുതി യഥാസമയം അടയ്ക്കാതിരുന്നാൽ 206സി (7) വകുപ്പ് പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശ നൽകണം. ത്രൈമാസ സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതിൽ താമസം വന്നാൽ ഓരോ ദിവസവും 200 രൂപ വീതം ഫീസ് നൽകണം (234 ഇ വകുപ്പ്).

രേഖകളിൽ തെറ്റായ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ), ടാക്സ് ഡിഡക്‌ഷൻ ആൻഡ് കലക്‌ഷൻ അക്കൗണ്ട് നമ്പർ (ടാൻ) കാണിച്ചാൽ 272 ബിബി പ്രകാരം 10000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്. ടാക്സ് ഓഡിറ്റ് ബാധകമല്ലാത്ത വിൽപനക്കാരനെ 206 സി പ്രകാരം സ്രോതസ്സിൽ നികുതി പിരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. (ഈ നിയമം 2 ലക്ഷം രൂപയിൽ കൂടുതൽ വിൽപന നടത്തുന്ന കേസുകൾക്കും ബാധകമാണ്).

206 സി പ്രകാരം സ്രോതസ്സിൽ നികുതി പിടിക്കുന്നതിനു പുറമെ, ചട്ടം 114 ഇയിൽ ഏപ്രിൽ ഒന്നു മുതൽ വരുത്തിയിട്ടുള്ള ഭേദഗതിപ്രകാരം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വിലയ്ക്കുള്ള വിൽപനയ്ക്ക് / സേവനത്തിന് പ്രതിഫലം കാഷായി കൈപ്പറ്റുന്നവർ 285 ബി എ വകുപ്പ് പ്രകാരം വാർഷിക ഇൻഫർമേഷൻ റിട്ടേണും സമർപ്പിക്കാൻ ബാധ്യസ്ഥരാണ്. അടുത്ത വർഷം മേയ് 31 നകം സമർപ്പിക്കേണ്ട സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതു വൈകിയാൽ 271 എഫ് എ വകുപ്പ് പ്രകാരം പ്രതിദിനം 100 രൂപയാണ് പിഴ. (നോട്ടിസ് നൽകിയ ശേഷവും സമർപ്പിക്കാതിരുന്നാൽ പ്രതിദിനം 500 രൂപ പിഴ).

2012 മുതൽ 5 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ആഭരണങ്ങൾ (സ്വർണം, വെള്ളി, പ്ലാറ്റിനം ഉൾപ്പെടെ) വിൽക്കുമ്പോൾ പണമായി വാങ്ങുന്നപക്ഷം സ്രോതസ്സിൽ 206 സി പ്രകാരം ആദായ നികുതി പിരിക്കണമെന്ന നിയമം നിലവിലുണ്ട്. (തങ്കക്കട്ടി – ബുള്യൻ ആണെങ്കിൽ പരിധി രണ്ട് ലക്ഷം) ഈ പരിധി തുടരുന്നതായാണ് കാണുന്നത്.

114 ബി ചട്ടപ്രകാരം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വിലയ്ക്കുള്ള വിൽപനകൾക്ക് പെർമനന്റ് അക്കൗണ്ട് നമ്പർ രേഖകളിൽ കാണിക്കണമെന്ന നിയമം ജ്വല്ലറികൾക്കും ബാധകമാണ്. 114ഇ ചട്ടപ്രകാരം രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വിലയ്ക്കുള്ള സാധനം വിൽക്കുമ്പോൾ പണമായാണെങ്കിൽ 285 ബി എ പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് നൽകാനും ഇവർ ബാധ്യസ്ഥരാണ്.

മദ്യം (1%), ബീഡിയില (5%), മരതടി, വന ഉൽപന്നങ്ങൾ (2.5%), ലിഗ്നൈറ്റ്, കൽക്കരി, സ്ക്രാപ്, ഇരുമ്പയിര് (1%) മുതലായവ വിൽക്കുമ്പോഴും വിൽപന നടത്തുന്നവർ ഒരു ശതമാനം നികുതി സ്രോതസ്സിൽ പിരിക്കണമെന്ന 206 സി നിയമം നേരത്തെതന്നെ നിലവിലുണ്ട്. (പരിധിയില്ല). അസംസ്കൃത വസ്തുവായി ഉപയോഗിക്കാനാണ് സാധനം വാങ്ങുന്നതെങ്കിൽ ഫോം 27 ഡി ഡിക്ലറേഷൻ നൽകിയാൽ സ്രോതസ്സിൽ നികുതി ഒഴിവാക്കാം. വിൽക്കുന്ന വ്യാപാരിക്ക് ടാക്സ് ഓഡിറ്റ് ബാധകമാണെങ്കിൽ മാത്രമേ സ്രോതസ്സിൽ നികുതി പിടിക്കേണ്ടതുള്ളു. കൂടാതെ സ്വന്തം ഉപയോഗത്തിനായി വാങ്ങുന്ന ഉപഭോക്താവിൽനിന്ന് സ്രോതസ്സിൽ നികുതി പിരിവ് ഒഴിവാക്കിയിട്ടുണ്ട്.

ടൂ വീലർ ഒഴികെയുള്ള വാഹനങ്ങളുടെ വിൽപന വാങ്ങൽ ഇടപാട് രേഖകളിൽ പെർമനന്റ് അക്കൗണ്ട് നമ്പർ കാണിക്കണമെന്ന ചട്ടം 2011ൽ തന്നെ നിലവിലുണ്ട്. (ചട്ടം 114 ബി). 2016 ധനകാര്യ ബിൽ ‍പ്രകാരം ജൂൺ ഒന്നു മുതൽ 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനം വിൽക്കുമ്പോൾ/വാങ്ങുമ്പോൾ വിൽക്കുന്നയാൾ സ്രോതസിൽ ഒരു ശതമാനം നികുതി പിരിക്കണം (ഇടപാട് പണമായിട്ടാവണമെന്നില്ല). നേരത്തെ വിവരിച്ച അനുബന്ധ നിയമങ്ങൾ വാഹന വ്യാപാരികൾക്കും ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here