കൊച്ചി : പെരുമ്പാവൂരിൽ ജിഷയുടെ മരണത്തിൽ സമൂഹ മാധ്യമങ്ങളുടെ ഇടപെടലോടെ വീണ്ടും ഒരു കേസ് കൂടി ജനശ്രദ്ധയിലേക്കെത്തി. തിരഞ്ഞെടുപ്പ് ചൂടിൽ വിസ്മൃതിയിലായ ക്രൂര കൊലപാതകം ഇന്നലെയാണ് സമൂഹ മാധ്യമ ഇടപെടലിലൂടെ പൊതു സമൂഹം ഏറ്റെടുത്തത്. ജിഷയ്ക്കു വേണ്ടി ജസ്റ്റിസ് ഫോർ ജിഷ എന്ന പേരിൽ ഫേസ് ബുക്കിൽ ഹാഷ് ടാഗ് ചെയ്ത് കാമ്പയിനും സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കൊലപാതകത്തിൽ ഇന്നലെ ആണ് രാഷ്ട്രീയക്കാരും ജന പ്രതിനിധികളും സ്ത്രീ സംഘടനകളും സംഭവത്തിന്റെ യഥാർത്ഥ ചിത്രത്തിലേക്കെത്തുന്നത്. ഡൽഹി നിർഭയ കേസിലും ക്രൂരമായ പീഡനമാണ് ജിഷ ഏറ്റു വാങ്ങിയത്.

വീട്ടിൽ നിന്നും സംഭവ ദിവസം ഉച്ച കഴിഞ്ഞ് കരച്ചിൽ കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇടക്കിടെ വീട്ടിൽ വഴക്ക് പതിവെന്നാണ് ഇത് ശ്രദ്ധിക്കാതിരുന്നവർ പറയുന്ന വാദം. ആ കരച്ചിൽ ആരെങ്കിലുമൊന്ന് കേട്ടിരുന്നെങ്കിൽ ഇതു പൊലെ നടന്ന ക്രൂര പീഡനങ്ങളിൽ നിന്ന് ജിഷയ്ക്ക് ഒരു മോചനമെങ്കിലും ലഭിക്കുമായിരുന്നു. പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്നും ഇവരുടെ ജീവിത സാഹചര്യങ്ങളും വളരെ കൃത്യമായി മനസ്സിലാക്കിയാണ് അക്രമികൾ കൃത്യത്തിന് എത്തിയെന്നതാണ് പൊലീസിനെ പോലും ഞെട്ടിക്കുന്നത്. ജിഷയുടെ അമ്മ രാജേശ്വരി ഇടക്കിടെ മാനസിക അസ്വസ്ഥ്യം കാണിച്ചിരുന്നതായി പറയുന്നു. അപ്പോഴുണ്ടാകുന്ന വഴക്കാണ് സംഭവ ദിവസം നടന്നതെന്നായിരുന്നുവത്രെ അയൽവാസികൾ കരുതിയിരുന്നത്. വീട് എന്ന് പറയാവുന്ന ഒരിടത്തായിരുന്നില്ല ഈ അമ്മയും മകളും താമസിച്ചിരുന്നത്. പ്രായ പൂർത്തിയായ മകളുമായി അടച്ചുറപ്പില്ലാത്ത ഒരു ഒറ്റ മുറിയിൽ പിന്നിലും മുന്നിലും മാത്രം വാതിലുകളുമായി കഴിഞ്ഞ അമ്മയെയും മകളെയും ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല.

സംഭവത്തിന് തൊട്ടു തലേ ദിവസം തങ്ങൾക്ക് ഒരു വീടു വയ്ക്കാൻ ലോൺ അനുവദിച്ചതിനെ തുടർന്ന് പണിക്കായി ആദ്യമിറക്കേണ്ട ഹോളോബ്രിക് കടമായി ഇറക്കാൻ ഒരു ബ്രിക് കമ്പനിയിലേക്ക് ഒരു കത്ത് നല്കാൻ ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. ലോൺ ലഭിച്ചു കഴിയുമ്പോൾ പണം തിരികെ നല്കാമെന്നും അത് ഒരു പൊതു പ്രവർത്തകൻ ഉറപ്പ് നല്കിയാൽ ലഭിക്കുമെന്നുമുളള അമ്മയുടെ കരച്ചിൽ ആരും കേട്ടില്ല. പെരുമ്പാവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും കരഞ്ഞ് വാങ്ങിയെടുത്ത 20 രൂപ കൊണ്ടാണ് അമ്മ തനിക്ക് ചെറു മുഖ പരിചയമെങ്കിലുമുളളവരെ തേടി ഒരു ദിവസം മുഴുവൻ അലഞ്ഞത്. തന്റെ പൊന്നോമന ആ ഒറ്റ മുറി വീട്ടിൽ സുരക്ഷിതയല്ലെന്ന അമ്മയുടെ തിരിച്ചറിവിന് അധിക ആയുസ്സുണ്ടായില്ല. ഇന്നലെ ആശുപത്രിയിൽ എത്തുന്നവരെ കെട്ടി പിടിച്ച് പൊട്ടിക്കരയുമ്പോൾ അമ്മ പറഞ്ഞു തീർക്കുന്നത് ഈ സങ്കടങ്ങൾ മാത്രമാണ്. സ്ഥലത്തെ ഒരു പ്രമുഖ സംഘടന മാസവരി കൊടുക്കാത്തതിന്റെ പേരിൽ പോലും ഈ കുടുംബത്തെ ഒറ്റപ്പെടുത്തിയിരുന്നു.

പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായതായാണ് പ്രാഥമിക വിവരം. ശരീര ഭാഗങ്ങൾ രക്തത്തിൽ കുളിച്ചു കിടന്നിരുന്നതിനാൽ ശാസ്ത്രീയ പരിശോധനകൾ ഫലം കാണാൻ വൈകും.രക്ത സാമ്പിളുകൾ വിദഗ്ദ്ധമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മകളുടെ മരണത്തിന്റെ ആഘാതം വിട്ടു മാറാതെ അമ്മ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. ഇന്നലെ ആശുപത്രിയിലെത്തിയ ജന നേതാക്കളിൽ പലരും കണ്ണീരൊഴുക്കി . നിരാലംബയായ അമ്മയ്ക്ക് വീടു വരെ വാഗ്ദ്ധാനം ചെയ്യാനും ആശുപത്രിയിലെത്തിയ ചില രാഷ്ട്രീയ നേതാക്കൾ തയ്യാറായി. അമ്മയ്ക്ക് ചികിൽസക്കായുളള പണം നലകി സഹായിക്കാനും ഇപ്പോഴാളുണ്ട് .എന്നാൽ ആശുപത്രിയിലെത്തുന്ന ഓരോരുത്തരോടും അമ്മയ്ക്ക് പറയാനുളളത് മകളുടെ നേരെ ക്രൂരമായ അതിക്രമം നടത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നു മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here