രാജ്യത്ത് അതിവേഗം വികസിക്കുന്ന മേഖലയായ വ്യോമയാന രംഗത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്ന നിക്ഷേപം 7.8 ലക്ഷം കോടി രൂപയുടേത്. വ്യോമയാന മേഖലയിലെ ഇന്ത്യയുടെ ഇപ്പോഴത്തെ വളർച്ച തുടർന്നാൽ അഞ്ചു വർഷം കൊണ്ട് ഇന്ത്യ ലോകത്ത് മൂന്നാമതെത്തും. 2032ൽ ലോകത്തെ ഏറ്റവും വലിയ വ്യോമയാനശക്തിയായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നിലവിൽ ഇന്ത്യ ലോകത്ത് വ്യോമയാന നിക്ഷേപത്തിന്റെ കാര്യത്തിൽ ഒൻപതാം സ്ഥാനത്താണ്. നിരക്കുകുറഞ്ഞ വിമാനക്കമ്പനികളുടെ ആവിർഭാവം, ആഭ്യന്തര വിമാനക്കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, കൂടുതൽ ആധുനിക വിമാനത്താവളങ്ങളുടെ നിർമ്മാണം, വിവരസാങ്കേതിക വിദ്യയും വിനോദസഞ്ചാരവുമുൾപ്പെടെ അനുബന്ധമേഖലയുടെ ശക്തമായ വളർച്ച തുടങ്ങിയവയാണ് ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് കൂടുതൽ ശക്തി പകരുന്നത്. ഈ സാമ്പത്തികവർഷത്തിലെ ആദ്യ ത്രൈമാസത്തിൽ രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 19.2% വർധിച്ച് 203 ലക്ഷത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 170 ലക്ഷം മാത്രമായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ മാത്രം രാജ്യത്തെ മൊത്തം വിമാനയാത്രക്കാരുടെ എണ്ണം മുൻ വർഷത്തെ 78 ലക്ഷത്തിൽ നിന്നു 88 ലക്ഷമായി വർ‍ധിച്ചു.

രാജ്യാന്തര യാത്രക്കാരുടെയും ആഭ്യന്തര യാത്രക്കാരുടെയും എണ്ണത്തിലെ ശരാശരി വളർച്ച ഇപ്പോൾ യഥാക്രമം 5.3, 16 ശതമാനം നിരക്കുകളിലാണ്. വിമാനങ്ങൾ വഴിയുള്ള കയറ്റുമതിയിലും രാജ്യത്ത് വൻ വർധനയുണ്ട്. 2015 ജൂണിലെ വ്യോമചരക്കു ഗതാഗതം 222990 ടൺ ആണ്. 2014 ജൂണിൽ ഇത് 211590 ടൺ ആയിരുന്നു. രാജ്യാന്തര ചരക്കു നീക്കത്തിൽ 7.1 ശതമാനവും ആഭ്യന്തര ചരക്കു നീക്കത്തിൽ ഏതാണ്ട് 2.6 ശതമാനവുമാണ് ഇപ്പോഴത്തെ ശരാശരി വളർച്ച. രാജ്യത്തെ മൊത്തം വിമാനസർവീസുകളുടെ എണ്ണത്തിൽ ജൂണിൽ എട്ടു ശതമാനം വളർച്ചയുണ്ടായി. 2015 ജൂണിൽ 141620 വിമാനങ്ങളാണ് രാജ്യത്താകെ സർവ്വീസ് നടത്തിയത്. 2014 ജൂണിൽ ഇത് 131137 വിമാനങ്ങൾ മാത്രമായിരുന്നു. രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകളുടെ എണ്ണം 6.5 ശതമാനത്തിലും ആഭ്യന്തര വിമാനസർവീസുകളുടെ എണ്ണം ശരാശരി 8.4% എന്ന നിരക്കിലുമാണ് വർധിക്കുന്നത്.

അടുത്ത അഞ്ചു വർഷം കൊണ്ട് രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം പ്രതിവർഷം 12 ശതമാനം നിരക്കിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണം എട്ടു ശതമാനം നിരക്കിലും വർധിക്കുമെന്നാണ് കണക്കാക്കിയിട്ടുളളത്. ആഭ്യന്തര ചരക്കു ഗതാഗതം പ്രതിവർഷം 12 ശതമാനം നിരക്കിലും രാജ്യാന്തര ചരക്കുനീക്കം പ്രതിവർഷം എട്ടു ശതമാനം നിരക്കിലും വർധിക്കും. 2015–16 സാമ്പത്തികവർഷം ഇന്ത്യയിലെ വിമാനക്കമ്പനികളെല്ലാം കൂടി 8100 കോടി രൂപയുടെ പ്രവർത്തനലാഭമുണ്ടാക്കുമെന്നുമാണ് കണക്കാക്കിയിട്ടുള്ളത്. 2000 മുതൽ 2005 വരെയുള്ള കാലയളവിൽ രാജ്യത്തെ വ്യോമഗതാഗതരംഗത്തെ നിക്ഷേപം ഏതാണ്ട് 37000 കോടി രൂപയുടേതായിരുന്നു. അതാണ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പതിൻമടങ്ങായി വർധിക്കുന്നത്. രാജ്യത്തെയും വിദേശത്തെയും നിരവധി കമ്പനികൾ ഇതിനകം ഇതിനുളള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

വിമാനത്താവള നിർമാണം, നവീകരണം

രാജ്യത്തെ ഒട്ടേറെ വിമാനത്താവളങ്ങൾ നവീകരണപാതയിലാണ്. കേരളത്തിൽ 3200 കോടി രൂപയുടെ കണ്ണൂർ വിമാനത്തവള പദ്ധതി, കൊച്ചിയിൽ 1500 കോടിയോളം രൂപയുടെ പുതിയ രാജ്യാന്തര ടെർമിനൽ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ തുടങ്ങിയവ പുരോഗമിക്കുകയാണ്. 2020 ആകുമ്പോഴേക്ക് രാജ്യത്ത് ഏതാണ്ട് 500 വിമാനത്താവളങ്ങൾ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി വിവിധ ആനുകൂല്യങ്ങൾ അനുവദിച്ചും സ്വകാര്യ സംരംഭകരെയും വിദേശസംരഭകരെയും പ്രോൽസാഹിപ്പിച്ചും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. രാജ്യത്ത് വിമാനക്കമ്പനികളുടെ വികസനത്തിന് ഏറ്റവും വലിയ വിലങ്ങുതടിയായി നിൽക്കുന്ന, വിദേശസർവീസുകൾക്കുള്ള നിബന്ധനയായ 5/20 ഒഴിവാക്കിക്കൊണ്ടുള്ള പുതിയ സിവിൽ വ്യോമയാന നയം പ്രഖ്യാപിക്കുന്നതോടെ ഈ മേഖലയിൽ മൽസരം വർധിക്കുകയും നിരക്കുകൾ കുറയുകയും രാജ്യത്ത് വിമാനയാത്ര നടത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാന നിർമാണം

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മെയ്ക്ക് ഇൻ ഇന്ത്യ പ്രഖ്യാപനം വിമാനനിർമ്മാണക്കമ്പനികൾ വൻ ആവേശത്തോടെയാണ് ഉൾക്കൊണ്ടത്. വ്യോമഗതാഗത രംഗത്ത്, ഇന്ത്യയിൽ പ്രതിവർഷം 10% വളർച്ചയാണ് വിമാന നിർമാണരംഗത്തെ അതികായരായ എയർബസ് പ്രവചിച്ചിരിക്കുന്നത്. പ്രതിവർഷം 6500 കോടി രൂപയുടെ വിമാന നിർമാണ ഉപകരണങ്ങൾ ഇന്ത്യയിൽനിന്നു വാങ്ങുന്നതിനാണ് എയർബസിന് പദ്ധതിയുള്ളത്. ഭാവിയിൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനെക്കുറിച്ചും ആലോചിച്ചു വരുന്നു. ബോയിങ് വിമാനക്കമ്പനിയും ഇന്ത്യയിലെ കൂടുതൽ നിക്ഷേപസാധ്യതകൾ പഠിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്ത് ഇൻഡിഗോ കൂടുതൽ വികസന പ്രവർത്തനങ്ങൾക്കായി പണമുണ്ടാക്കുന്നതിന് പത്തു ശതമാനം ഓഹരികൾ വിറ്റഴിച്ച് 2600 കോടി രൂപ സമാഹരിക്കാൻ നടപടികളാരംഭിച്ചു. സ്പൈസ് ജെറ്റ് ഏതാണ്ട് 100 വിമാനങ്ങൾ വാങ്ങുന്നതിന് എയർബസ്, ബോയിങ് വിമാനക്കമ്പനികളുമായി ചർച്ചയിലാണ്. 71500 കോടി രൂപയുടേതാകും ഈ ബിസിനസ്.

LEAVE A REPLY

Please enter your comment!
Please enter your name here