
ഹൂസ്റ്റണ്‍:അടിയുറച്ച ദൈവവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനദ്ധ്വാനത്തിന്റെയും ഉത്തമഉദാഹരണമായ മലയാളിയായ റോസമ്മ ഫിന്നി ഹൂസ്റ്റണിലെ പ്രമുഖ ആശുപത്രികളിലൊന്നായ ടെക്സാസ് ഹാരിസ് കൗണ്ടിയുടെ കീഴിലുള്ള ബെന്‍ ടോബ് ഹോസ്പിറ്റലിന്റെ വിമന്‍സ് ആന്റ് ചില്‍ഡ്രന്‍സ് സര്‍വ്വീസ് വിഭാഗത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായി നിയമിതയായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് റോസമ്മ.
1976-ല്‍ സ്റ്റാഫ് നേഴ്സ് ആയി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജീവിതം ആരംഭിച്ച റോസമ്മ ഫിന്നിയുടെ ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുവന്ന അനുഭവങ്ങള്‍ നിരവധിയാണ്. ആഴമായ ദൈവവിശ്വാസത്തിന്റെ ഉടമയായ ഈ മഹതി തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ ലഭിച്ച ഈ ഉന്നതപദവിയില്‍ കൂടുതല്‍ വിനയപ്പെടുന്നുവെന്നും, ദൈവത്തിന് നന്ദി കരേറ്റുന്നുവെന്നും പറഞ്ഞു.
പത്തനംതിട്ട വിളവിനാല്‍ കുടുംബത്തില്‍ ജനിച്ച് വളര്‍ത്തപ്പെട്ട റോസമ്മ പ്രാഥമികവിദ്യാഭ്യാസം പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്ക്കൂളില്‍ പൂര്‍ത്തിയാക്കിയശേഷം നഴ്സിംഗ് വിദ്യാഭ്യാസത്തിനായി തമിഴ്നാട്ടിലുള്ള റാണിപെട്ടിലേക്ക് പോയി. അവിടെയുള്ള സ്കഡ്ലര് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വെല്ലൂര്‍ ക്രിസത്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ 1976-78 വരെ ജോലി ചെയ്തു. പഠിയ്ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ പ്രവര്‍ത്തിയ്ക്കുന്ന അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷനറിമാരെപ്പറ്റി കണ്ടുംകേട്ടുമറിഞ്ഞ റോസമ്മ, അവരുടെ സ്വാധീനം മൂലം സുവിശേഷദൗത്യത്തിന്റെ ഭാഗമായി ആതുരസേവനരംഗം തെരഞ്ഞെടുക്കുകയായിരുന്നു.
1979 ല്‍ ഗള്‍ഫിലെ സ്വപ്നഭൂമിയായ കുവൈറ്റില്‍ സ്റ്റാഫ്നഴ്സ് ആയി ജോലി ലഭിച്ചു. പിന്നീട് അവിടെതന്നെ നഴ്സിംഗ് മാനേജര്‍ ആയി. കുടുംബമായി കുവൈറ്റില്‍ താമസം ആരംഭിച്ചുവെങ്കിലും 1990 ലെ ഗള്‍ഫ് യുദ്ധത്തിന്റെ ദുരന്തഭൂമിയായി മാറിയ കുവൈറ്റില്‍ നിന്ന് കുടുംബസമേതം കേരളത്തിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അന്നത്തെ യുദ്ധത്തിന്റെ കെടുതികള്‍ നേരില്‍ കണ്ട റോസമ്മ ഫെന്നി നാട്ടിലേക്ക് പോകാന്‍ സഹായിച്ചു റെഡ്ക്രോസിന്റെ മഹത്തായ സേവനങ്ങളെ വാനോളം പ്രകീര്‍ത്തിച്ചു.
1991 ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന ഇവര്‍ ഹാരിസ് ഹെല്‍ത്ത് സിസ്റ്റത്തില്‍ സ്ററാഫ് നഴ്സായി ജോലിയില്‍ പ്രവേശിച്ചു. ചുരുങ്ങിയ കാലത്തെ നഴ്സിംഗ് സേവനത്തിനുശേഷം അഡ്മിനിസ്ട്രേഷന് തലത്തില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘവര്‍ഷങ്ങള്‍ ബെന്ടോബ് ഹോസ്പിറ്റിലെ pre mature babies(NICU) വിഭാഗത്തില്‍ ജോലി ചെയ്തപ്പോള്‍ അവിടെ നിരവധി പരിസ്ഥിതി അനുയോജ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്െൈകയെടുക്കുകയും ഒരു ഫൗണ്ടേഷന് സ്ഥാപിയ്ക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു.
ഇതിനിടയില്‍ 2001 ല്‍ മാരകമായ രോഗത്തിനടിമപ്പെട്ടപ്പോള്‍ ശക്തമായ പ്രാര്‍ത്ഥനയുടെ ഫലമായി പൂര്‍ണ്ണസൗഖ്യം പ്രാപിച്ചതിന്റെ അനുഭവം പങ്കുവച്ചപ്പോള്‍, റോസമ്മ ഫിന്നിയില് ആഴമേറിയ ദൈവവിശ്വാസത്തിന്റെ ഉത്തമസാക്ഷിയെ ദര്‍ശിച്ചു.
കോട്ടയം സ്വദേശി പനയ്ക്കല്‍ വര്‍ഗീസ് ഫിന്നി ഭര്‍ത്താവാണ്. മക്കളായ ലഫ്. കമ്മാന്റര്‍ ഡോ.ജോയല്‍ ഫിന്നി, ജോബ് ഫിന്നി, ഡോ.സാറാ ജോണ്‍ എന്നിവര്‍ കുടുംബസമേതം അമേരിക്കയിലുണ്ട്.