കോവിഡ് ക്വാറന്റീന്‍ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സിഡിസി. കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തി ക്വാറന്റീനിലിരിക്കേണ്ട ദിവസങ്ങളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചതായി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ അറിയിച്ചു. പുതിയ തീരുമാന പ്രകാരം ഏഴ് മുതല്‍ പത്ത് ദിവസം വരെയാണ് ഒരാള്‍ ക്വാറന്റീനിലിരിക്കേണ്ടതെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു. നേരത്തേ ഇത് പതിനാല് ദിവസമായിരുന്നു. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് സിഡിസി ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ക്വാറന്റീന്‍ ദിവസങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടന്ന് സിഡിസി പുറപ്പെടുവിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിനെയും റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊറോണ വൈറസുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടായിട്ടുള്ള വ്യക്തി ഏഴ് മുതല്‍ പത്ത് ദിവസം വരെ ക്വാറന്റീനില്‍ കഴിയണം. ഏഴ് ദിവസത്തിനു ശേഷം കോവിഡ് റിസല്‍ട്ട് നെഗറ്റീവ് ആവുകയാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. അല്ലാത്ത പക്ഷം പത്ത് ദിവസം ക്വാറന്റീനില്‍ തുടരണം.

സിഡിസിയുടെ നിര്‍വചനമനുസരിച്ച് കൊറോണ ബാധിതരുമായി പലതവണ നേരിട്ട് ഇടപെടുകയോ, അതല്ലെങ്കില്‍ മൊത്തം പതിനഞ്ചുമിനുട്ട് തുടര്‍ച്ചയായി കൊറോണ ബാധിതരുടെ കൂടെയുണ്ടാവുകയോ ചെയ്തിട്ടുള്ള വ്യ്കതികള്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ സ്വീകരിക്കണം. കോവിഡ് 19 നുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്ന് വൈസ് പ്രസിഡന്റ് ഏറെ മാസങ്ങളായി ആവശ്യപ്പെട്ടിരുന്നുവെന്ന് സിഡിസി വക്താവ് പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ വളരെപ്പെട്ടന്ന് തന്നെ വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും മാസ്‌ക് ധരിക്കേണ്ടതിന്റേയും പ്രാധാന്യം ആരോഗ്യ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here