നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കമ്പ്യൂട്ടര്‍ ഷോപ്പുടമ രംഗത്ത്. താന്‍ ഹാക്കറോ, ചാരനോ അല്ലെന്നും കേസുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്നും അമേരിക്കക്കാരന്‍ എന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നുമായിരുന്നു കമ്പ്യൂട്ടര്‍ ഷോപ്പുടമ ജോണ്‍പോള്‍ മാക് ഐസകിന്റെ പ്രതികരണം.

ഹണ്ടര്‍ ബൈഡന്റെ ലാപ്‌ടോപ്പ് റിപ്പയര്‍ ചെയ്യാനായി കൊടുത്ത ഷോപ്പില്‍ നിന്നും ലാപ്‌ടോപ്പിലെ ഉള്ളടക്കങ്ങള്‍ ചോര്‍ന്നുവെന്നും ഷോപ്പുടമ റഷ്യന്‍ ചാരനാണ് എന്നുമുള്ള ആരോപണങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷോപ്പുടമ കൂടുതല്‍ വെളിപ്പെടത്തലുകളുമായി രംഗത്തെത്തിയത്. ജോണ്‍പോള്‍ മാക് ഐസകിന്റെ ഷോപ്പില്‍ നിന്നാണ് പോലീസ് ഹണ്ടറിന്റെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുക്കുന്നത്. മാക് പ്രോയില്‍ നിന്ന് ചില ഡാറ്റകള്‍ ഒരു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹണ്ടര്‍ ലാപ്‌ടോപ്പ് ഐസകിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ചെയ്ത ജോലിക്ക് തനിക്ക് പ്രതിഫലം പോലും ലഭിച്ചിട്ടില്ലെന്നും പകരം ചാരന്‍ എന്ന് ആരോപിക്കപ്പെടുകയാണ് ചെയ്തതെന്നും ഐസക് പറഞ്ഞു.

ഹണ്ടര്‍ ബൈഡന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതില്‍ നിന്ന് ചൈനയുമായും യുക്രെയിനുമായും നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഹണ്ടര്‍ ബൈഡനെതിരെ നികുതിവെട്ടിപ്പ് കേസില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ശക്തമാക്കിയിരുന്നു. ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഹണ്ടര്‍ ബൈഡന്‍ ചൈനയിലും യുക്രെയിനിലും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പല തവണ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഹണ്ടര്‍ ബൈഡന്‍ ഒരു മികച്ച ബിസിനസ്സുകാരനാണെന്നും ചൈന ഹണ്ടറിന് 1.5ബില്യണ്‍ യുഎസ് ഡോളര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ആരോപിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ചൈന ആ പണം നല്‍കിയിരിക്കുന്നത് ബൈഡനെ വിലക്ക് വാങ്ങാനാണെന്നും അതുകൊണ്ട് തന്നെ അധികാരത്തില്‍ വന്നാല്‍ ബൈഡന്‍ ചൈനയോട് മൃദുസമീപനമാവും സ്വീകരിക്കുകയെന്നും ട്രംപ് ജൂനിയര്‍ ആരോപിച്ചിരുന്നു.

അതേസമയം തനിക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ ഭയമില്ലെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഹണ്ടര്‍ ബൈഡന്‍ പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന വസ്തുത ഉദ്യോഗസ്ഥരുടെ മുന്‍പില്‍ തെളിയിക്കാന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഹണ്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here